ശബരിമല ദേവസ്വം ബോര്‍ഡിന് ആര്‍ത്തവരക്തമുള്ള ഒരു പെണ്‍കുട്ടിയുടെ തുറന്ന കത്ത്

 

അശുദ്ധി പരിശോധിക്കാന്‍ മെഷീന്‍ സ്ഥാപിക്കുന്ന കാലത്ത് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്ന കാര്യം ആലോചിക്കാം എന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് യുവതി യുവാക്കളുടെ ഓണ്‍ലൈന്‍ പ്രതികരണ വേദികളില്‍ ഒന്നായ യൂത്ത് കി ആവാസിലെ തുറന്ന കത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് നികിത ആസാദ്. 20 കാരിയായ നികിത പഞ്ചാബിലെ ബലന്ധര്‍ സ്വദേശിയാണ് . ഈ ലേഖനം സാമൂഹികമാധ്യമങ്ങളില്‍ ഇത് വലിയ ചര്‍ച്ചയ്ക്ക് ഇടനല്‍കിയിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായി #HappyToBleed എന്ന കാംപെയ്‌നും ആരംഭിച്ചിട്ടുണ്ട്.

കത്തിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട സര്‍,

ഞാന്‍ 20 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ്. ഭൂമിയിലുള്ള മറ്റ് ഏതൊരു മനുഷ്യനെയും പോലെ എനിക്കും കണ്ണും, മൂക്കും, കാതുകളും, ചുണ്ടുകളും, കാലുകളുമൊക്കെയുണ്ട്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ മുലകളും, ഇടുപ്പും, ആര്‍ത്തവരക്തം വരുന്ന യോനിയും എനിക്കുണ്ടായി പോയി. കഴിഞ്ഞയിടയ്ക്കാണ് എനിക്ക് മനസ്സിലായത് എന്റെ ആര്‍ത്തവ രക്തം ശബരിമലയെ അശുദ്ധിയാക്കുമെന്ന്, ആര്‍ത്തവമുള്ള ഒരു സ്ത്രീ ആയതിനാല്‍ എന്നെ അങ്ങോട്ട് പ്രവേശിപ്പിക്കില്ലെന്ന്. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ നിങ്ങള്‍ പറഞ്ഞു, ‘ വര്‍ഷത്തിലുടനീളം എല്ലാ സ്ത്രീകളെയും ക്ഷേത്രത്തില്‍നിന്ന് അകറ്റി നിര്‍ത്തണമെന്ന് ആളുകള്‍ ആവശ്യപ്പെടുന്ന സമയം വരും. ആളുകളുടെ ശരീരം സ്‌കാന്‍ ചെയ്യാനും ആയുധങ്ങളുണ്ടോ എന്ന് പരിശോധിക്കാനും ഇപ്പോള്‍ മെഷീനുകളുണ്ട്. സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിക്കുന്ന അവസ്ഥയിലാണോ എന്ന് പരിശോധിക്കുന്ന മെഷീന്‍ നിര്‍മ്മിക്കുന്ന ഒരു ദിനം വരും. ആ മെഷീന്‍ നിര്‍മ്മിക്കുമ്പോള്‍, നമുക്ക് സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാം’.

നിങ്ങളുടെ പ്രസ്താവനയില്‍ എനിക്ക് രോഷമില്ല, മറിച്ച് സങ്കടമാണുള്ളത്.

ഞാന്‍ വരുന്നത് ഒരു ഹൈന്ദവ കുടുംബത്തില്‍നിന്നാണ്. ദൈവങ്ങളുടെയും ദേവതകളുടെയും മുന്നില്‍ എങ്ങനെ വണങ്ങണമെന്ന് എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഞാന്‍ ചിന്താപുര്‍ണി, നൈനാ ദേവി, വൈഷ്‌ണോ ദേവി, ചാമുണ്ഡദേവി, ജ്വാലാജി എന്നിവടങ്ങളിലേക്ക് ഞാന്‍ കുടുംബത്തോടൊപ്പം പോകാറുണ്ട്. എങ്ങനെയാണ് ദൈവം സ്ത്രീകളെയും പുരുഷന്മാരെയും സമരായി ഉണ്ടാക്കിയിരിക്കുന്നതെന്നും, എങ്ങനെയാണ് എല്ലാവരും ദൈവത്തിന്റെ മക്കളാകുന്നതെന്നും എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രസ്താവന കേട്ട് വിവരണാതീതമാം വണ്ണം സ്തംഭിച്ചിരിക്കുകയാണ് ഞാന്‍. ദൈവത്തിലുള്ള എന്റെ വിശ്വാസങ്ങളും ഇതോടെ തകര്‍ക്കപ്പെട്ടു.

എന്റെ അമ്മ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്, ‘ആ സമയത്ത്’ പെണ്‍കുട്ടികള്‍ ക്ഷേത്രങ്ങളില്‍ പോകാറില്ലാ എന്ന്. എന്നാല്‍, ഈ വിശ്വാസത്തെ ഏതോ മണ്ടത്തരം എന്ന നിലയില്‍ ഞാന്‍ അവഗണിക്കുകയായിരുന്നു ഇതുവരെ. ഞാന്‍ കരുതിയിരുന്നത് ഏതോ ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസമാണിതെന്നാണ്. എന്നാല്‍, ഇന്ത്യയിലെ തന്നെ ചരിത്രപരമായി പ്രാധാന്യമുള്ള ഒരു ക്ഷേത്രത്തില്‍, ആര്‍ത്തവം പാപമാണെന്ന് കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി.

എന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി കുറേക്കാലമായി, നാപ്കിനുകള്‍ സൂക്ഷിക്കുന്നതിനായി കറുത്ത പോളിത്തീന്‍ കവറുകള്‍ കൊണ്ടാണ് ഞാന്‍ നടക്കുന്നത്. എന്റെ വസ്ത്രത്തില്‍ രക്തക്കറ പുരളാതിരിക്കാന്‍ ഏറെ ശ്രദ്ധയോടെയാണ് ഞാന്‍ നാപ്കിനുകള്‍ വെയ്ക്കുന്നത്. ഒരു ദിവസത്തില്‍ പല കുറി ഞാന്‍ വാഷ്‌റൂമിലേക്ക് പോയി, നാപ്കിനുകള്‍ ശരിയായ അവസ്ഥയിലാണോ എന്ന് പരിശോധിക്കുകയും ചെയ്യും. വാഷ്‌റൂമിലേക്ക് കവറുകളുമായി പോകുമ്പോള്‍ ഞാന്‍ മിണ്ടാതെ പോകും. ആരെങ്കിലും എവിടെ പോകുവാണെന്ന് ചോദിച്ചാല്‍, നാണം കലര്‍ന്നൊരു പുഞ്ചിരി മാത്രമാകും എന്റെ മറുപടി. എന്റെ പിതാവും സഹോദരനും കാണാതിരിക്കാന്‍ ഞാന്‍ ഡസ്റ്റ്ബിന്‍ ഇരിക്കുന്നിടത്തേക്ക് ഓടുകയാണ് പതിവ്. സാനിട്ടറി നാപ്കിന്‍ വാങ്ങുന്നതിനായി ഞാന്‍ സെയില്‍സ് ഗേള്‍സുള്ള കടകള്‍ തെരഞ്ഞ് നടക്കും. നമ്മുടെ സമൂഹത്തിന്റെ വിശുദ്ധമായ സംസ്‌കാരം കാത്തുസൂക്ഷിക്കുന്നതിനാണ് ഞാന്‍ ഇങ്ങനെ ചെയ്യുന്നത്. ഞാന്‍ ഒരിക്കലും നിങ്ങളെ വേദനിപ്പിച്ചിട്ടില്ല.

പക്ഷെ, എന്നോട് ക്ഷമിക്കണം. എന്റെ ശരീരത്തില്‍നിന്നുള്ള രക്ത ഒഴുക്കിനെ നിര്‍ത്താന്‍ എനിക്ക് സാധിച്ചിരുന്നില്ല. ബ്രാഹ്മണനെ കൊന്നതുമൂലം എന്നില്‍ വന്നു പതിച്ച ശാപം ഇല്ലാതാക്കാന്‍ എനിക്ക് കഴിയുന്നില്ല.

നിങ്ങള്‍ക്ക് എല്ലാ ബഹുമാനവും നല്‍കി കൊണ്ട്, എനിക്ക് കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്.

ഒരു സ്ത്രീയും പുരുഷനും തമ്മില്‍ നടത്തുന്ന ലൈംഗിക വേഴ്ച്ചയുടെ ഫലമായിട്ടുണ്ടാകുന്ന ഉത്പന്നമാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന എല്ലാ പുരുഷന്മാരും. ഒമ്പതു മാസം കുട്ടിയെ അവളുടെ ഗര്‍ഭപാത്രത്തില്‍ സൂക്ഷിച്ച്, ഗര്‍ഭാശയത്തിലൂടെ ആവശ്യമായ പോഷകങ്ങള്‍ നല്‍കി പിന്നീട് യോനിയിലൂടെ പ്രസവിക്കുന്നു. അമ്മയുടെ ഗര്‍ഭാശയത്തില്‍ ഉണ്ടായ രക്തത്തിന്റെ ഉത്പന്നമല്ലേ ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന എല്ലാ പുരുഷന്മാരും?

കുട്ടിയായിരിക്കുമ്പോള്‍, അഷ്ടമി ദിനത്തില്‍ എന്നെ ദേവിയായി ആരാധിച്ചിരുന്നു. പക്ഷെ, എനിക്ക് വളര്‍ച്ച സംഭവിച്ചപ്പോള്‍ എന്നോട് പറഞ്ഞു ഞാന്‍ അശുദ്ധയാണെന്ന്. ബാധ്യത ഒഴിവാക്കാന്‍ എന്നെ എത്രയും വേഗം വിവാഹം കഴിപ്പിച്ച് അയക്കണമെന്ന് എന്റെ മാതാപിതാക്കളെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. എന്റെ അണ്ഡം സമൂഹം തെരഞ്ഞെടുക്കുന്ന ഒരു പുരുഷന്റെ ബീജം കൊണ്ട് ഫലപുഷ്ടമാക്കണമെന്ന് എന്നോട് പറഞ്ഞു. ആ ബീജത്തെ ഞാന്‍ സ്വയം തെരഞ്ഞെടുത്താല്‍ ഞാന്‍ കൈവിടപ്പെടും. അതുപോലെ തന്നെ, നിങ്ങള്‍ തീരുമാനിച്ചു ഞാന്‍ എന്റെ അശുദ്ധമായ രക്തം കൊണ്ട് ക്ഷേത്രത്തിലേക്ക് വരേണ്ടെന്ന്. പക്ഷ, ഏത് ദൈവമാണ് എന്റെ രക്തം കൊണ്ട് ഞാന്‍ എന്തു ചെയ്യണമെന്ന് നിശ്ചയിക്കാനുള്ള അധികാരം മറ്റൊരാള്‍ക്ക് കൊടുത്തിട്ടുള്ളത്?

സര്‍, ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് എനിക്ക് ഒരു താല്‍പര്യവുമില്ല. സ്വന്തം മക്കളെ അശുദ്ധരെന്ന് എണ്ണുന്ന ദൈവത്തെ വിശ്വസിക്കാന്‍ ഞാന്‍ വിസമ്മതിക്കുന്നു. പക്ഷെ, ഞാന്‍ നിങ്ങളോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു, ഏത് ദൈവത്തിന്റെ അനുവാദത്തോടെയാണ് എന്റെ അശുദ്ധി പരിശോധിക്കണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുന്നത്. ക്ഷേത്രത്തിലെ മൂര്‍ത്തിയ്ക്ക് വിവാഹം ചെയ്ത് നല്‍കി, സമൂഹത്തിലെ ഉന്നതകുല ജാതര്‍ക്ക് വെപ്പാട്ടിയായി തീരുന്ന ദേവദാസി സമ്പ്രദായത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങേയറ്റം ജാതീയവും, മനഷ്യത്വരഹിതവും, പുരുഷാധിപത്വപരവുമായ ഈ ആചാരത്തെ വലിയ ബുദ്ധിമുട്ടിയാണ് നമ്മള്‍ ഒഴിവാക്കിയത്. അശുദ്ധി പരിശോധിക്കാന്‍ മെഷീന്‍ സ്ഥാപിക്കുന്നതിലൂടെ ഇത്തരത്തിലൊരു സമ്പ്രദായമാണ് നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്.

ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്ന, ഓരോ സെക്കന്‍ഡിലും സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന ഒരു ‘ജനാധിപത്യ രാജ്യത്താണ്’ നമ്മള്‍ ജീവിക്കുന്നത്. നിങ്ങളുടെ അഭിപ്രായത്തില്‍, ഒരു പക്ഷെ ഇതിനെല്ലാം കാരണം രക്തമായിരിക്കാം. ക്ഷേത്രത്തിന്റെ വിശുദ്ധി കാക്കാന്‍ ഉപായം കണ്ടെത്തിയ നിങ്ങള്‍, ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്ത്രീകളെ വീട്ടിനുള്ളില്‍ ഇരുമ്പുകുടുണ്ടാക്കി അതില്‍ അടയ്ക്കണമെന്ന് പറയുമോ? തീര്‍ച്ചയായും നിങ്ങള്‍ പറയും. ഡല്‍ഹിയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ബലാത്കാരികളെ സഹോദരാ എന്ന് വിളിച്ചിരുന്നെങ്കില്‍ അവര്‍ അവളെ വെറുതെ വിടുമായിരുന്നു എന്ന് പറഞ്ഞ നിങ്ങളുടെ സുഹൃത്ത് ആസാറാം ബാപ്പുവിനെ നിങ്ങള്‍ മിസ് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു.

അവസാനത്തെ ചോദ്യം. ആര്‍ത്തവത്തെ അശുദ്ധം എന്ന് ടാഗ് ചെയ്ത് നിങ്ങള്‍ ആകമാന സ്ത്രീ സമൂഹത്തെ അപമാനിച്ചിരിക്കുകയാണ്. അതേസമയം, എന്റെ സഹോദരങ്ങളും, സഹോദരിമാരും നിര്‍മ്മിച്ച ഒരു ക്ഷേത്രം നിങ്ങളുടെ പൂര്‍വീകരുടെ സ്വത്തെന്ന തരത്തില്‍ നിങ്ങള്‍ വാദിക്കുകയും ചെയ്യുന്നു. എന്ത് അധികാരത്തിലാണ് ശബരിമല ക്ഷേത്രത്തെ, നിങ്ങളുടെ ക്ഷേത്രം എന്ന് വിളിക്കുന്നത്? എന്ത് അധികാരത്തിലാണ് എനിക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലെന്ന് നിങ്ങള്‍ തീരുമാനിച്ചത്?

അവസാമായി, നിങ്ങളോട് എനിക്ക് നന്ദി പറയണമെന്ന് ആഗ്രഹമുണ്ട്. സ്വാതന്ത്ര്യമെന്ന ഉട്ടോപ്യന്‍ ലിബറല്‍ ചിന്താഗതിയില്‍നിന്ന് രക്ഷപ്പെടാന്‍ സ്ത്രീകള്‍ക്ക് നല്‍കുകയും സമൂഹത്തില്‍ അവരുടെ സ്ഥാനമെന്തെന്ന് വീണ്ടും ചിന്തിക്കുവാന്‍ അവസരം നല്‍കുകയും ചെയ്ത നിങ്ങളോട് നന്ദി പറയുന്നു. നിങ്ങളുടെ പ്രസ്താവന അശുദ്ധി അളക്കാനുള്ള മെഷീന്‍ സ്ഥാപിക്കില്ല, പകരം ഇത്തരം പിന്തിരിപ്പന്‍ കാടത്ത നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കും. അതിനും ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു.

മറുപടി പ്രതീക്ഷിച്ച്

വിശ്വസ്തതയോടെ
ആര്‍ത്തവമുള്ള ഒരു യുവതി

Share this news

Leave a Reply

%d bloggers like this: