ശബരിമലയില്‍ സംഘര്‍ഷാവസ്ഥ; പ്രധിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി

ശബരിമലയില്‍ സ്ത്രീപ്രവേശനം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ തുലാമാസ പൂജയ്ക്കായി ഇന്ന് നട തുറക്കുന്നത് സംഘര്‍ഷങ്ങള്‍ക്ക് നടുവില്‍. യുവതികളടക്കം ആര്‍ക്കും വരാമെന്നു പോലീസ് അറിയിച്ചതോടെ പ്രതിഷേധക്കാരുടെ ഒഴുക്കാണ് നിലയ്ക്കലും പമ്പയിലും. കനത്ത സുരക്ഷാ സന്നാഹമാണ് നിലയ്ക്കലിലും പമ്പയിലും പോലീസ് ഒരുക്കിയിട്ടുള്ളത് എങ്കിലും സ്ത്രീകളടക്കമുള്ള വിശ്വാസികളാണ് പ്രതിഷേധിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. നിലയ്ക്കലും പമ്പയിലും വിവിധ വിഭാഗങ്ങളുടെ സമരങ്ങള്‍ നടക്കുന്നുണ്ട്. തന്ത്രി കുടുംബം, ഹിന്ദു ഐക്യവേദി, കോണ്‍ഗ്രസ് എന്നിവരുടെ നേതൃത്വത്തില്‍ ഉപവാസ സമരം ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ ശബരിമല സംരക്ഷണ സമിതിയും രംഗത്തുണ്ട്. വിവിധ സമര പരിപാടികള്‍ നടക്കുമെന്ന സൂചനയെ തുടര്‍ന്ന് എസ്പിയുടെ നേതൃത്വത്തില്‍ നിലയ്ക്കലിലും പമ്പയിലും എരുമേലിയിലും കനത്ത പോലീസ് കാവലാണ്.

യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ സമരം നിലയ്ക്കലില്‍ പുനരാരംഭിച്ചു. രാവിലെ പോലീസ് സമരപ്പന്തല്‍ പൊളിച്ചുമാറ്റുകയും സമരക്കാരെ ഒഴിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വീണ്ടും ഒമ്പത് മണിയോടെയാണ് സ്ഥലത്തെത്തിയ പ്രതിഷേധക്കാര്‍ സമരം പുനരാരംഭിച്ചത്. പോലീസ് പന്തല്‍ പൊളിച്ചുമാറ്റിയ സ്ഥലത്തുതന്നെ അയ്യപ്പ ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പന്തല്‍ കെട്ടി സമരം പുനരാരംഭിച്ചിട്ടുണ്ട്.

പോലീസ് സംരക്ഷണത്തില്‍ ആന്ധ്രാ സ്വദേശിയായ യുവതി സന്നിധാനത്തേക്ക് പുറപ്പെട്ടെങ്കിലും പമ്പയില്‍ സംഘര്‍ഷം രൂപപ്പെട്ടതിനെ തുടര്‍ന്നു പിന്തിരിഞ്ഞു. സ്വാമി അയ്യപ്പന്‍ റോഡിലൂടെ സന്നിധാനത്തേക്ക് പോകാനായിരുന്നു ശ്രമം. പോലീസ് ഇവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരായ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ഇവര്‍ സ്വമേധയാ പിന്‍തിരിയുകയായിരുന്നു. യുവതിയെ തടഞ്ഞ സംഭവത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

വൈകുന്നേരം ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സമരക്കാര്‍ സ്ഥലം കൈയ്യടക്കുന്നതും ക്രമസമാധാന പ്രശ്‌നം ഉണ്ടാകുകയും ചെയ്യുമെന്ന് ആശങ്കയുണ്ട്. കനത്ത സുരക്ഷാ സന്നാഹമാണ് നിലയ്ക്കലിലും പമ്പയിലും പോലീസ് ഒരുക്കിയിട്ടുള്ളത്. പമ്പയിലും നിലയ്ക്കലും സന്നിധാനത്തുമായി വനിതാ പോലീസുകാര്‍ അടക്കം 1000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. രണ്ട് എസ്പിമാര്‍ പോലീസ് സന്നാഹത്തിന് നേതൃത്വം നല്‍കുന്നുണ്ട്. നിയമം ലംഘിച്ചാല്‍ അറസ്റ്റിലേക്ക് നീങ്ങുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: