ശബരിമലയിലെ സ്ത്രീപ്രവേശനം: സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു

 

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത്.

അഞ്ച് വിഷയങ്ങളാണ് ഭരണഘടനാ ബെഞ്ച് പരിശോധിക്കുക. കേരള ഹിന്ദു ക്ഷേത്രാരാധന ചട്ടത്തിലെ 3(ബി) വകുപ്പിന്റെ സാധുത ബെഞ്ച് പരിശോധിക്കും. ക്ഷേത്രപ്രവേശന നിയമങ്ങളും ഭരണഘടനാബെഞ്ച് പരിശോധിക്കും.

ശബരിമല സന്നിധാനത്ത് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യംങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതി വിധി. കേസില്‍ ദേവസ്വം ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും ഭാഗം കോടതി പരിശോധിച്ചിരുന്നു.

സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കാത്തത് ഭരണഘടന ലംഘനമാണെന്ന് കോടതി വാക്കാല്‍ പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു. ഹര്‍ജി ഭരണഘടന ബഞ്ചിന്റെ പരിഗണനക്ക് വിടുമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് ഫെബ്രുവരിയില്‍ അഭിപ്രായപ്പെട്ടിരുന്നു.

പ്രവേശനത്തെ അനുകൂലിച്ച് 2007 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഈ സത്യവാങ്മൂലം പരിഗണിക്കരുതെന്നും സന്നിധാനത്ത് കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാകില്ല എന്നും വ്യക്തമാക്കി മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 2007 ലെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും, സന്നിധാനത്ത് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിക്കണമെന്നും കോടതിയെ അറിയിച്ചു. ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ പ്രധാന ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ക്ഷേത്രസംരക്ഷണ സമിതി ഉള്‍പെടെയുള്ളവര്‍ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: