ശക്തമായ കാറ്റിന് സാധ്യത: രാജ്യവ്യാപകമായി വിന്‍ഡ് വാണിങ് നല്‍കി മെറ്റ് ഐറാന്‍

ഡബ്ലിന്‍: ഹെലന്‍ കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ രാജ്യമൊട്ടാകെ യെല്ലോ വിന്‍ഡ് വാണിങ് നല്‍കി മെറ്റ് ഐറാന്‍. ഇന്ന് പുലര്‍ച്ചെ അഞ്ച് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തിയേറിയ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 90 മുതല്‍ 110 കി.മി വേഗതയിലുള്ള കാറ്റായിരിക്കും തെക്ക്-പടിഞ്ഞാറന്‍ മേഖലകളൂടെ കടന്നുപോകുക. തെക്ക്-വടക്ക്-പടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ കനത്ത ജാഗ്രതയിലാണ്.

കനത്ത മഴയ്ക്കും വെള്ളപൊക്കത്തിനുമുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇന്നലെ ഗാല്‍വേ, മായോ സ്ലിഗൊ, ലെറ്ററിം, ഡോണഗല്‍ കൗണ്ടികളില്‍ മാത്രമായിരുന്നു യെല്ലോ വാണിങ് പ്രഖ്യാപിച്ചിരുന്നത്. 25 മില്ലീമീറ്റര്‍ മുതല്‍ 40 മില്ലീമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡ്, റെയില്‍, എയര്‍, ഫെറി സര്‍വീസുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ട്. പല റോഡുകളും പാലങ്ങളും അടച്ചിടാന്‍ സാധ്യതയുണ്ട്. ശക്തിയേറിയ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞുവീഴുകയും തറയിലെ ടൈലുകള്‍ ഇളകിമാറാനും, മേല്‍ക്കൂരകള്‍ പറന്നുപോകാനും സാധ്യതയുണ്ട്. ഇത്തരത്തില്‍ കെട്ടിടങ്ങള്‍ക്ക് നാശനാശമുണ്ടാവാമെന്ന് അധികൃതര്‍ അറിയിച്ചു. പല ഇടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാം. ഇത് മൊബൈല്‍ സര്‍വീസുകളെ ബാധിക്കാം.

ഇതിനു പുറമെ അറ്റ്ലാന്റിക്കില്‍ രൂപമെടുത്ത രണ്ട് വ്യത്യസ്ത ന്യൂനമര്‍ദങ്ങള്‍ അടുത്ത ദിവസങ്ങളില്‍ അയര്‍ലന്‍ഡ് തീരങ്ങളില്‍ എത്തുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. ‘അലി’, ‘ബ്രോണ’ എന്നീ പേരുകളില്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത രണ്ട് ചുഴലിക്കാറ്റുകള്‍ അറ്റ്ലാന്റിക്കില്‍ രൂപമെടുത്തിട്ടുള്ളതായി യുകെ/അയര്‍ലണ്ട് മെറ്റ് ഓഫീസ് അധികൃതര്‍ സൂചിപ്പിക്കുന്നു. ഇതിന്റെ സഞ്ചാര പാത അയര്‍ലണ്ടിലുടെ യുകെയിലേക്കാണ്.

മോട്ടോര്‍ വാഹന യാത്രക്കാര്‍ റോഡുകളില്‍ ജാഗ്രത പാലിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. റോഡ് ഉപയോക്താക്കള്‍ യാത്ര തുടങ്ങുന്നതിന് മുന്‍പായി പ്രാദേശിക, ദേശീയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിക്കുന്നതിനും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. ഡബ്ലിനിലെ എം1 മോട്ടോര്‍വെ ഉള്‍പ്പെടെ നിരവധി മേഖലകളില്‍ വാഹനം ഓടിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ പരമാവധി വേഗത കുറയ്ക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങളെല്ലാം പാലിച്ച് കൂടുതല്‍ സമയമെടുത്തുവേണം യാത്രചെയ്യാനെന്നും എഎ റോഡ് വാച്ച് അറിയിച്ചു.

https://twitter.com/MetEire_Warning/status/1041777580976889856

 

 

എ എം

Share this news

Leave a Reply

%d bloggers like this: