ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; നിയന്ത്രണരേഖയിലെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു

അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനങ്ങള്‍ സൃഷ്ടിക്കുകയും ഭീകരരെ ഇന്ത്യയിലേക്കു കയറ്റിവിടാന്‍ സഹായിക്കുകയും ചെയ്യുന്ന പാക്ക് സൈന്യത്തിനു കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. കശ്മീരിലെ നൗഷേരയില്‍ പാക്ക് സൈനിക പോസ്റ്റുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു.

ഭീകരവിരുദ്ധ ഓപറേഷന്റെ ഭാഗമായുള്ള സൈനിക നടപടിയാണെന്നാണ് സേനയുടെ വിശദീകരണം. ഇന്ത്യയിലേക്കു നുഴഞ്ഞുകയറ്റം പ്രോല്‍സാഹിപ്പിക്കുന്ന പാക്ക് പോസ്റ്റുകള്‍ക്കുനേരെയാണ് സൈന്യം ആക്രമണം നടത്തിയതെന്നു മേജര്‍ ജനറല്‍ അശോക് നാരുല പറഞ്ഞു. കാശ്മീരില്‍ മഞ്ഞ് ഉരുകാന്‍ തുടങ്ങുന്നതോടെ നുഴഞ്ഞുകയറ്റം ഇനിയും വര്‍ദ്ധിക്കുമെന്നാണ് കരുതുന്നതെന്നും ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്നും മേജര്‍ ജനറല്‍ അശോക് നരൂല മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിര്‍ത്തിയില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. പാക്ക് സൈന്യം കഴിഞ്ഞദിവസം ഇന്ത്യയിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ക്കുനേരെ ശക്തമായ വെടിവയ്പ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നൗഷേരയില്‍ നടന്ന ഭീകരാക്രണത്തില്‍ മൂന്ന് ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. നാല് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. മറ്റ് ഭീകരര്‍ കാടുകളില്‍ ഒളിച്ചിരിക്കുകയാണെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. പ്രദേശത്ത് തീവ്രവാദി സാന്നിധ്യം ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യം അതിര്‍ത്തിയില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

 

എ എം

Share this news

Leave a Reply

%d bloggers like this: