വ്യോമസേനയ്ക്ക് ചരിത്രമുഹൂര്‍ത്തം; യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യന്‍ വനിതയായി ആവണി ചതുര്‍വേദി

പോരാട്ടത്തിന്റെ മുന്‍നിരയിലേക്ക് വളയിട്ട കൈകളും. ആവണി ചതുര്‍വേദി വ്യോമസേനയുടെ പോര്‍വിമാനം ഒറ്റയ്ക്കു പറത്തിയത് പുതിയ ചരിത്രത്തിലേക്ക്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ ഫ്‌ളൈയിങ് ഓഫീസര്‍ യുദ്ധവിമാനം ഒറ്റയ്ക്കു പറത്തുന്നത്. 340 കിലോമീറ്റര്‍ ലാന്‍ഡിങ്- ടേക്ക് ഓഫ് സ്പീഡുള്ള മിഗ് 21 ‘ബൈസണ്‍’ പറത്തിയാണ് ആവണി ഇന്ത്യയുടെ അഭിമാനമായത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലാന്‍ഡിങ് – ടേക്ക് ഓഫ് സ്പീഡുള്ള യുദ്ധവിമാനമാണിത്. ഇന്ത്യന്‍ വ്യോമസേനയുടെ ജാംനഗര്‍ ബെയിസില്‍ നിന്നാണ് ആവണി ചരിത്രത്തിലേക്ക് പറന്നുയര്‍ന്നത്.

നേരത്തെയും ഇന്ത്യന്‍ വ്യോമസേനാ ചരിത്രത്തില്‍ സ്വന്തം പേര് എഴുതി ചേര്‍ത്ത മിടുക്കിയാണ് ആവണി. ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനം ആദ്യമായി പറത്തുന്ന മൂന്ന് യുവതികളില്‍ ഒരാളായിരുന്നു ആവണി. ആവണിക്കു പുറമേ ഭാവന കാന്ത്, മോഹന സിങ് എന്നിവരാണ് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി ആദ്യ വനിതാ പോര്‍വിമാന പൈലറ്റുമാരായത്. 2016 നുമുമ്പ് വെറും 2.5 ശതമാനം സ്ത്രീകള്‍ മാത്രമാണ് പൈലറ്റ് തസ്തികയിലല്ലാതെ ഇന്ത്യന്‍ സേനയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.

യുദ്ധരംഗങ്ങളില്‍ വനിതാ സൈനികര്‍ വരുന്നതിനെ ദീര്‍ഘകാലമായി എതിര്‍ത്തിരുന്ന ഇന്ത്യ ഈ വര്‍ഷം ഫെബ്രുവരി 16 നാണ് നയംമാറ്റം പ്രഖ്യാപിച്ചത്. അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് സുപ്രധാന തീരുമാനം രാജ്യത്തെ അറിയിച്ചത്. ഇതേതുടര്‍ന്ന് ആറു വനിതകളെ യുദ്ധവിമാനം പറത്തുന്നതിനുള്ള പരിശീലനത്തിന് തെരഞ്ഞെടുക്കുകയായിരുന്നു. ഇതില്‍ അവസാന പരിശീലന കടമ്പയും കടന്ന്, എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നാണ് ആവണിയും ഭാവനയും മോഹനയും സൈന്യത്തില്‍ പുതിയ ചരിത്രമെഴുതിയത്.

മധ്യപ്രദേശിലെ സത്‌ന സ്വദേശിയായ ആവണി ചതുര്‍വേദി സൈനിക ഓഫിസര്‍മാരുടെ കുടുംബത്തില്‍ നിന്നാണ് വരുന്നത്. കരസൈനികനായ സഹോദരനാണ് തന്റെ പ്രചോദനമെന്ന് ആവണി പറഞ്ഞു. ചെറുപ്പം തൊട്ടേ ആകാശത്ത് പറന്നുനടക്കാന്‍ കൊതിച്ചിരുന്നുവെന്നും ഏറ്റവും മികച്ച പോര്‍വിമാന പൈലറ്റാവുകയാണ് ലക്ഷ്യമെന്നും അവര്‍ അന്ന് വ്യക്തമാക്കിയിരുന്നു.

ലാന്‍ഡിങ്ങിലും ടേക്കോഫിലും ഏറ്റവും കൂടുതല്‍ വേഗമുള്ള യുദ്ധവിമാനമാണ് മിഗ്-21. പഴക്കമേറിയ ഈ സൂപ്പര്‍ സോണിക് വിമാനത്തിന് ലാന്‍ഡിങ്, ടേക്കോഫ് ഘട്ടങ്ങളില്‍ മണിക്കൂറില്‍ 340 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കാനാവും. കൂടുതല്‍ പരിശീലനം നല്‍കിയശേഷം യുദ്ധസമാനമായ സാഹചര്യങ്ങളില്‍ വിമാനം പറത്തുന്നതിനായി ആവണിയെയും മറ്റുള്ളവരെയും നിയോഗിക്കും.

ആവണിയുടെ നേട്ടത്തില്‍ അത്യധികം ആഹ്ലാദിക്കുന്നതായി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവ പറഞ്ഞു. വനിതാ ഓഫീസര്‍മാര്‍ക്കും സേനയില്‍ തുല്യ പങ്കാളിത്തം നല്‍കുന്ന കാര്യത്തില്‍ വ്യോമസേന പ്രതിജ്ഞാബദ്ധമാണെന്നും അതിലേക്കുള്ള വലിയൊരു ചുവടുവെയ്പ്പാണ് ആവണിയിലൂടെ സഫലമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: