വ്യാപാര യുദ്ധം പ്രഖ്യാപിച്ച് ഇന്ത്യ; പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഉല്‍പന്നങ്ങള്‍ക്കും നികുതി 200 ശതമാനമാക്കി

പുല്‍വാമയില്‍ സൈനികവ്യൂഹത്തിന് നേരെ ആക്രമണമുണ്ടാവുകയും 40 പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പാകിസ്ഥാന് എതിരെ ശക്തമായ നടപടികളുമായി ഇന്ത്യ. പാകിസ്ഥാനുമായുള്ള സൗഹൃദ രാഷ്ട്ര പദവി റദ്ദാക്കിയതിന് പിന്നാലെ വ്യാപാര രംഗത്തും ശക്തമായ തിരിച്ചടികള്‍ നല്‍കിയിരിക്കുകയാണ് ഇന്ത്യ. ഇത് സംബന്ധിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റലി ട്വീറ്റ് ചെയ്യുകയും ചെയ്തു.

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങളുടെയും കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുകയാണെന്നാണ് ധനമന്ത്രിയുടെ ട്വീറ്റ്. പഴങ്ങള്‍, സിമന്റ്, പെട്രോളിയം ഉത്പന്നങ്ങള്‍, ധാതുക്കള്‍, തുകല്‍ എന്നിങ്ങനെ നിരവധി ഉല്‍പന്നങ്ങളാണ് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നത്.

2017-18ല്‍ 3482 കോടിയുടെ ഉല്‍പന്നങ്ങളാണ് കയറ്റുമതി ചെയ്തിരുന്നത്. കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിച്ചതോടെ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഈ ഉല്‍പ്പന്നങ്ങളുടെ വരവ് മന്ദഗതിയില്‍ ആകും. വാണിജ്യപരമായും സാമ്പത്തികമായും പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് നികുതി കൂട്ടല്‍.

പുല്‍വാമ ആക്രമത്തിന് പിന്നില്‍ തങ്ങളാണെന്ന് ജയ്ഷ മുഹമ്മദ് ഭീകര സംഘടന തന്നെ സ്ഥിരീകരിച്ചിരുന്നു. ജയ്ഷ മുഹമ്മദ് ഭീകര സംഘടന നേതാവ് മസൂര്‍ ആസാദിന് ചൈനയുടെ പിന്തുണയോടെ പാക്കിസ്ഥാനാണ് സംരക്ഷണം നല്‍കുന്നതെന്നാണ് ഇന്ത്യ വാദിക്കുന്നത്. അതിനാല്‍ പാകിസ്ഥാനെ വ്യപാര രംഗത്തുള്‍പ്പടെ എല്ലാ മേഖലകളിലും ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ഇന്ത്യ നടത്താന്‍ ഒരുങ്ങുന്നത്.

Share this news

Leave a Reply

%d bloggers like this: