വ്യാപക നാശം വിതച്ച് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ജാഗ്രതാ നിര്‍ദ്ദേശം

വ്യാപക നാശം വിതച്ച് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വ്യാഴാഴ്ച വരെ മഴ തുടരുമെന്നും കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയിലും വെള്ളപ്പൊക്കത്തിലും വിവിധ ജില്ലകളിലായി 12 പേര്‍ മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ, വ്യാപക കൃഷിനാശമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ തിരുവനന്തപുരം ജില്ലയിലെ തീരദേശത്തെ 16 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇവിടെ താമസിച്ചിരുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇടമുറിയാതെ പെയ്ത മഴ അപ്പര്‍ കുട്ടനാടിനെ വെള്ളത്തിലാക്കി. ഇതേതുടര്‍ന്ന് നൂറിലധികം വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഈ മേഖലയില്‍ 18 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. നൂറ് കണക്കിനാളുകളെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത്.

കനത്ത മഴയില്‍ വെള്ളം പൊങ്ങിയത് ആലപ്പുഴ ജില്ലയെ മുഴുവന്‍ വെള്ളത്തിലാക്കി. 3000 വീടുകളാണ് വെള്ളത്തിനടിയിലായത്. മീനച്ചിലാര്‍ കരകവിഞ്ഞൊഴിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ വിവിധ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. റോഡുകളില്‍ വെള്ളം ഉയര്‍ന്നതോടെ ഗതാഗതവും ഭാഗീകമായി തടസപ്പെട്ടിരുന്നു. ഇടുക്കിയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമാണ് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഈ മേഖലയില്‍ തമാസിക്കുന്നവര്‍ക്ക് ദുരന്തനിവാരണ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൊച്ചി നഗരത്തെയും മഴ ദുരിതത്തിലാക്കിയിട്ടുണ്ട്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇടറോഡുകളിലും പ്രധാന റോഡുകളിലും വെള്ളക്കെട്ടായതോടെ ഗതാഗതം താറുമാറായിരുന്നു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറിയത് തീവണ്ടി ഗതാഗതത്തെ ബാധിച്ചു. മലപ്പുറം ജില്ലയില്‍ മാത്രം ഇതുവരെ എട്ടുപേരാണ് മഴക്കെടുതിയില്‍ മരിച്ചത്. ഏറനാട്, തിരൂരങ്ങാടി താലൂക്കുകളിലായി രണ്ടുപേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇതിനിടെ കടലേറ്റം രൂക്ഷമായതിനെ തുടര്‍ന്ന് തീരദേശത്തെ 40 വീടുകള്‍ തകര്‍ന്നു.

ശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 40-ല്‍ അധികം വീടുകള്‍ തകരുകയും 477 ഹെക്ടറിലധികം കൃഷിനാശമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം തീരദേശ മേഖലകളില്‍ കടല്‍ ക്ഷോഭവും ശക്തമാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് 20 വരെ കനത്ത മഴതുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശനിയാഴ്ച തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴപെയ്തത്. എന്നാല്‍, 18 മുതല്‍ 20 വരെ വടക്കന്‍ കേരളത്തിലും ശക്തമായോ അതിശക്തമായോ മഴപെയ്യാന്‍ സാധ്യതയുണ്ട്. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പ് നീട്ടിയിട്ടുണ്ട്. 45 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് വീശാവുന്നതിനാല്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും. കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മൂന്നുമീറ്റര്‍വരെ തിരമാലകള്‍ ഉയര്‍ന്നേക്കും.

 

ഡികെ

Share this news

Leave a Reply

%d bloggers like this: