വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് അയര്‍ലണ്ടില്‍ എത്തിയത് ആറുപേര്‍; മനുഷ്യക്കടത്തിന് കൂട്ടുനിന്ന പാകിസ്ഥാനിക്ക് തടവ് ശിക്ഷയില്‍ ഇളവ്

ഡബ്ലിന്‍: അനധികൃതമായി യൂറോപ്പില്‍ കുടിയേറാന്‍ ശ്രമിച്ച ആറുപേര്‍ക്ക് ഡബ്ലിനില്‍ സൗകര്യമൊരുക്കിയ പാകിസ്താനിയുടെ ശിക്ഷയില്‍ ഇളവ് നല്‍കി കോടതി ഉത്തരവ്. പാകിസ്ഥാന്‍ വംശജനായ ആദില്‍ മുഹമ്മദിനാണ് ഡബ്ലിന്‍ കോടതി ശിക്ഷയില്‍ ഇളവ് നല്‍കിയിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട ആറ് അഫ്ഗാനി സിക്ക് വംശജര്‍ പിടിയിലായിരുന്നു. വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി അയര്‍ലണ്ടില്‍ പ്രവേശിച്ച അനധികൃത കുടിയേറ്റക്കാര്‍ക്ക് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ നല്‍കിയതില്‍ താന്‍ പ്രതിഫലം കൈപ്പറ്റിയിട്ടില്ലെന്നാണ് ആദില്‍ മുഹമ്മദ് കോടതിയില്‍ ബോധിപ്പിച്ചത്. സംഘത്തിന് യാത്രാ രേഖകള്‍ തയ്യാറാക്കി നല്‍കാന്‍ ആദില്‍ സഹായിച്ചതായി കോടതി കണ്ടെത്തി.

2018 ജനുവരിയിലാണ് അഫ്ഗാനി സിക്ക് വംശജര്‍ ഇന്ത്യന്‍ വിമാനത്താവളത്തില്‍ നിന്നും വ്യാജ പാസ്പോര്‍ട്ടുമായി യാത്ര തിരിച്ചത്. സ്പെയിനില്‍ എത്തിയ ഇവരെ അവിടെ നിന്നും അയര്‍ലണ്ടില്‍ എത്തിക്കാമെന്ന ധാരണയില്‍ മനുഷ്യക്കടത്ത് സംഘം ഈ ആറുപേരില്‍ നിന്നും പണവും ഈടാക്കിയിരുന്നു. സ്പെയിനില്‍ നിന്ന് ഡബ്ലിന്‍ വഴി യാത്ര തീരുമാനിച്ച സംഘം അബുദാബിയിലേക്കുള്ള മടക്ക വിമാന ടിക്കറ്റ് ഉപേക്ഷിച്ച് യൂറോപ്പില്‍ തന്നെ തുടരുകയായിരുന്നു. അധികൃതരുടെ കണ്ണുവെട്ടിച്ച് യാതൊരു സംശയവും തോന്നിപ്പിക്കാത്ത രീതിയിലായിരുന്നു സംഘത്തിന്റെ നീക്കമെന്നും പോലീസ് പറയുന്നു.

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ സുരക്ഷാ പരിശോധന അത്ര കടുത്തതല്ലാത്തതാണ് സംഘം ഡബ്ലിന്‍ തന്നെ തിരഞ്ഞെടുത്തതെന്ന് അന്വേഷണ സംഘം പറയുന്നു. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിയതിന് ശേഷം ഇവിടെ നിന്നും പുറത്തിറങ്ങിയ ഇവര്‍ പിന്നീട് മനുഷ്യക്കടത്ത് സംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ആദില്‍ മുഹമ്മദിനെ നേരില്‍ കാണുകയും ആദില്‍ ഇവര്‍ക്ക് ഡബ്ലിനില്‍ അഭയകേന്ദ്രം ഒരുക്കുകയും ചെയ്തു. ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലേക്ക് വരുന്ന അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് അന്വേഷണം നടത്തുന്ന ഗാര്‍ഡയിലെ പ്രത്യേക സംഘമാണ് തന്ത്രപരമായി ഈ ആറ് അംഗത്തെ പിടികൂടിയത്.

യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് വഴി ആളുകളെ എത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ സ്പെയിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഗാര്‍ഡയുടെ കണ്ടെത്തല്‍. ഈ ആറ് അംഗ സംഘത്തെ അയര്‍ലണ്ടില്‍ എത്തിച്ചതിന് പിന്നിലും ഈ സംഘം തന്നെയാണെന്നാണ് ഗാര്‍ഡയുടെ നിഗമനം. ആദില്‍ മുഹമ്മദ് ആറുപേര്‍ക്കും അഭയകേന്ദ്രം ഒരുക്കുകയും, യു.കെയിലേക്ക് കടക്കാനുള്ള യാത്രാ രേഖകള്‍ സംഘടിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. ആദിലിന്റെ അത്‌ലോണിലുള്ള വീട്ടില്‍ നടത്തിയ തിരച്ചിലില്‍ വ്യാജമായ ആറ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഗാര്‍ഡ കണ്ടെത്തുകയും ചെയ്തു. അന്വേഷണ സംഘം ഇത് കോടതിക്ക് കൈമാറി.

ചില വിശ്വസ്തരുടെ നിര്‍ദ്ദേശങ്ങള്‍ ശരിയാണെന്ന് കരുതി മാത്രമാണ് കുടിയേറ്റക്കാരെ സ്വീകരിച്ചതെന്ന് ആദില്‍ കോടതി മുന്‍പാകെ മൊഴി നല്‍കി.നിലവില്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ആദില്‍ മുഹമ്മദ് മാന്യമായി ബിസിനസ്സ് ചെയ്ത് വരികയാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഇയാള്‍ക്ക് നേരത്തെ വിധിച്ച നാല് വര്‍ഷത്തെ തടവ് ശിക്ഷക്ക് പകരം കമ്മ്യൂണിറ്റി സര്‍വീസ് ചെയ്താല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: