വോട്ടെണ്ണല്‍ യന്ത്രങ്ങള്‍ വേണ്ട ;അടുത്ത തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കാനൊരുങ്ങികോണ്‍ഗ്രസ്

കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി വോട്ടെണ്ണല്‍ യന്ത്രങ്ങളില്‍ അട്ടിമറി നടന്നെന്ന് ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് സംവിധാനം തിരിച്ചുകൊണ്ടുവരണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. ഇക്കാര്യത്തില്‍ മറ്റു പ്രതിപക്ഷ കക്ഷികളെ കൂടി ഉള്‍പ്പെടുത്തി രാജ്യവ്യാപകമായി സമരത്തിന് ഉള്ള തയ്യാറെടുപ്പുകളും നടന്നുവരികയാണ്.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം കഴിഞ്ഞാല്‍ ഉടനെ വോട്ടിങ് മെഷീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് സമരം ആരംഭിക്കും. തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിക്കുമ്പോള്‍ തന്നെ ജനകീയ സമരങ്ങളും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷം വോട്ടിങ് മെഷീനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സുപ്രീംകോടതിയെയും സമീപിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിപക്ഷ വാദം തള്ളിയതിനെ തുടര്‍ന്ന് കോടതിയും പരിഗണിച്ചില്ല.

തുടര്‍ന്നാണ് വിവിപാറ്റ് ബാലറ്റ് എണ്ണുന്നതിന് തീരുമാനമായത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിന് 52 സീറ്റാണ് ലഭിച്ചത്. ബിജെപിക്ക് 303ഉം. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാം തിരിച്ചടി നേരിട്ടു. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ വരെ പാര്‍ട്ടി തോറ്റു. ഇതെല്ലാമാണ് വോട്ടിങ് മെഷീനില്‍ തിരിമറി നടന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സംശയിക്കാന്‍ കാരണം.

മാത്രമല്ല, മെഷീന്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്ന വിദഗ്ധരുടെ അഭിപ്രായവും കോണ്‍ഗ്രസ് പരിഗണിക്കുന്നു. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ബാലറ്റ് പേപ്പര്‍ സംവിധാനം വേണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചില്ലെങ്കില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്നാണ് ചില നേതാക്കള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: