വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സ് രാജിവെച്ചു…

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും വക്താവുമായ സാറ സാന്‍ഡേഴ്സ് സ്ഥാനമൊഴിയുന്നു. 22 മാസത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് സാറ സാന്‍ഡേഴ്‌സ് ഒഴിയുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. സാറ സാന്‍ഡേഴ്സ് വളരെ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത് എന്നും സ്വന്തം സംസ്ഥാനമായ അര്‍കന്‍സാസിലേയ്ക്ക് പോകുന്ന സാറ അവിടെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് കരുതുന്നത് എന്നും ട്രംപ് പറഞ്ഞു.

ട്രംപ് ഭരണകൂടത്തില്‍ സെക്രട്ടറിമാരടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പലരും കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് രാജി വച്ച് പോയിരുന്നു. സാറ സാന്‍ഡേഴ്സ് ആണ് ഏറ്റവും കൂടുതല്‍ കാലം വൈറ്റ് ഹൗസില്‍ പ്രവര്‍ത്തിച്ചത്. പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് എന്ന നിലയില്‍ പ്രസിഡന്റിനേയും യുഎസ് ഗവണ്‍മെന്റിനേയും പ്രതിരോധിച്ച സാറ സാന്‍ഡേഴ്സ് ഔദ്യോഗിക വൃത്തങ്ങളില്‍ പ്രശംസ നേടിയിരുന്നു. അതേസമയം വിവാദങ്ങളും ഒഴിവായില്ല. ക്രിസ്റ്റ്യന്‍ ടിവി നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സാറ സാന്‍ഡേഴ്സ് പറഞ്ഞത്. ദൈവം ട്രംപ് പ്രസിഡന്റ് ആകാന്‍ താല്‍പര്യപ്പെട്ടു എന്നാണ്.

അതേസമയം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലും അതില്‍ ട്രംപിനുള്ള ബന്ധം സംബന്ധിച്ച ആരോപണവും സാറ സാന്‍ഡേഴ്സണെ അന്വേഷണ ഉദ്യോഗസ്ഥനായ സ്പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളറിന് മുന്നില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി. 2017 മേയില്‍ രണ്ട് തവണ മാധ്യമപ്രവര്‍ത്തകരോട് സാറ സാന്‍ഡേഴ്സ് പറഞ്ഞത്. എഫ്ബിഐ ഡയറക്ടര്‍ ആയിരുന്ന ജയിംസ് കൂമിയെ നീക്കിയ ട്രംപിന്റെ നടപടിക്ക് എഫ്ബിഐ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടായിരുന്നു എന്നാണ്. എന്നാല്‍ മുള്ളറിന്റെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ തനിക്ക് നാക്ക് പിഴ പറ്റിയതാണ് എന്നായിരുന്നു സാറയുടെ വിശദീകരണം. സാറ സാന്‍ഡേഴ്സിന്റെ കാലത്ത് തുടര്‍ച്ചയായ 94 ദിവസം വരെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി മാധ്യമങ്ങളെ കാണാത്ത നിലയുണ്ടായി.

സാറ സാന്‍ഡേഴ്സിന്റെ രാജിയുടെ കാരണം വ്യക്തമല്ലെന്നും അതേസമയം അത് സാറയുടെ വ്യക്തിപരമായ തീരുമാനമാണെന്നാണ് വിവരമെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2016ല്‍ ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ കാംപെയിനില്‍ കമ്മ്യൂണിക്കേഷന്‍സ് അഡൈ്വസറായാണ് സാറ സാന്‍ഡേഴ്സ് ടീം ട്രംപിലെത്തിയത്. നേരത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന അര്‍കന്‍സാസ് മുന്‍ ഗവര്‍ണറായ പിതാവ് മൈക്ക് ഹക്കബിയ്ക്ക് വേണ്ടിയും സാറ സാന്‍ഡേഴ്സ് പ്രചാരണം നടത്തിയിരുന്നു. 2017 ജൂലായിലാണ് സീന്‍ സ്പൈസറിന് പകരം സാറ സാന്‍ഡേഴ്സ് പ്രസ് സെക്രട്ടറിയായത്.

Share this news

Leave a Reply

%d bloggers like this: