വൈറ്റമിന്‍ ഡി-യുടെ അഭാവം ശരീരത്തിന് ദോഷം ചെയ്യുമെന്ന പ്രചാരണം കെട്ടുകഥയോ?

വൈറ്റമിന്‍ ഡി ശരീരത്തിന് ധാരാളമായി ലഭിക്കണമെങ്കില്‍ പകല്‍വെളിച്ചവും സൂര്യപ്രകാശവും ഏല്‍ക്കണം. അതിന് കഴിയാതെ വരുമ്പോള്‍ ഈ വൈറ്റമിന്‍ പ്രദാനം ചെയ്യുന്ന മരുന്നുകളെ ആശ്രയിക്കുന്നതാണ് പതിവ്. എല്ലുകളുടെ ബലത്തിനും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനുമൊക്കെ വൈറ്റമിന്‍ ഡി-യുടെ സാന്നിധ്യം ഗുണം ചെയ്യും. എന്നാല്‍ ശരീരത്തിലെ വൈറ്റമിന്‍ ഡി-യുടെ തോതിനെ കുറിച്ച് ഇത്രയേറെ ആകുലപ്പെടേണ്ടതുണ്ടോ?

സൂര്യനില്‍ നിന്നാണ് ഈ വൈറ്റമിന്‍ ശരീരത്തിലേക്ക് അവശ്യത്തിന് ആഗീരണം ചെയ്യപ്പെടുന്നത്. പേശികള്‍ക്കും എല്ലുകള്‍ക്കും ഉറപ്പും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇവ സഹായിക്കും. എന്നാല്‍ ഇവയുടെ അഭാവം ശരീരത്തിന് ദോഷം ചെയ്യുമെന്ന പ്രചാരണം പിറവിയെടുത്തിട്ട് അധിക വര്‍ഷങ്ങള്‍ ആയിട്ടില്ല.

ബോസ്റ്റണ്‍ സര്‍വകലാശാലയിലെ ഡോ. മൈക്കിള്‍ ഹോളിക്ക് ഈ വിഷയത്തില്‍ നടത്തിയ വിശകലനം രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ആശങ്ക ഉണ്ടാകുന്ന തരത്തിലായിമാറി. ഡോക്ടര്‍മാര്‍, ഫിറ്റ്നസ് ട്രെയിനര്‍മാര്‍ എന്നിങ്ങനെ വിദഗ്ധരടക്കം വൈറ്റമിന്‍ ഡി മരുന്നുകളുടെ അനാവശ്യ ഉപയോഗതിനാണ് മറ്റുള്ളവരെ പ്രേരിപ്പിച്ചത്. ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം 2017-ല്‍ 936 മില്യണ്‍ ഡോളറിന്റെ വില്പനവര്‍ധനയാണ് ഇത്തരം മരുന്നുകള്‍ ലോകവിപണിയില്‍ ഉണ്ടാക്കിയത്. വൈദ്യശാസ്ത്ര രംഗത്തിന്റെ സാമ്പത്തിക നേട്ടത്തിനാണ് ഇത്തരമൊരു റിപ്പോര്‍ട്ട് ഡോ. ഹോളിക്ക് തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

‘വൈറ്റമിന്‍ ഡി-യുടെ സാന്നിധ്യത്തില്‍ ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ വരെ ഭേദമാകുമെന്ന വിശ്വാസം നേരത്തെ നിലനിന്നിരുന്നു. എന്നാല്‍ ഈ വൈറ്റമിനിന്റെ കുറവ് ശരീരത്തിന് അത്രകണ്ട് ദോഷമാകില്ലെന്നതാണ് വാസ്തവം. വ്യാജപ്രചാരണങ്ങള്‍ എല്ലാവരെയും ഒരുപോലെ അസ്വസ്ഥരാക്കും. പ്രയോജനം, ചില മരുന്ന് കമ്പനികള്‍ക്ക് മാത്രമാകും’-ഡോ. ജോയ്ദീപ് ഘോഷ് പറയുന്നു.

‘ഇന്ത്യക്കാരില്‍ സാധാരണമാണ് വൈറ്റമിന്‍ ഡി-യുടെ അഭാവം. ടെസ്റ്റുകള്‍ക്ക് 1200-2500 രൂപ ചെലവ് വരും. അതിനാല്‍ ടെസ്റ്റ് ഒഴിവാക്കി ഡോക്ടര്‍മാരുടെ നിഗമനങ്ങളില്‍ മരുന്ന് നിര്‍ദ്ദേശിക്കുകയാണ് പതിവ്. 2014-ലാണ് ഇത്തരം ടെസ്റ്റുകള്‍ രാജ്യത്ത് ആരംഭിച്ചത്. ചുരുങ്ങിയ നാളുകളില്‍ ഇതുമായി ബന്ധപ്പെട്ട ഉപകരണ വില്പനയും മരുന്ന് നിര്‍മാണവും തഴച്ചു വളര്‍ന്നു’- ഡോ. ഘോഷ് കൂട്ടിച്ചേര്‍ത്തു.

ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് മാത്രമാണ് ഇത്തരം ടെസ്റ്റുകള്‍ നടത്താനാവുക. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ലാബുകള്‍ ഇല്ലാത്തതും വിഷയമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എല്ലുകള്‍ക്ക് ബലക്ഷയം, ഓസ്റ്റിയോപോറോസിസ്,വിഷാദരോഗം തുടങ്ങി വൈറ്റമിന്‍ ഡി-യുടെ അഭാവം വ്യക്തമാക്കുന്ന നിരവധി ലക്ഷണങ്ങള്‍ ഉണ്ടാകും. മറ്റ് വൈറ്റമിനുകള്‍ പോലെത്തന്നെ ശരീരത്തിന് ഒരുതരത്തിലും ഇവയുടെ സാന്നിധ്യം ദോഷകരമാകില്ല. എന്നിരുന്നാലും ഇവയുടെ അളവ് കുറയുന്നത് അത്രകണ്ട് ദോഷകരവുമല്ല.

മരുന്ന് ഉപയോഗിക്കും മുന്‍പ് സൂര്യപ്രകാശം, വേണ്ടവിധത്തില്‍ ശരീരത്തിലെത്താനും ശ്രദ്ധിക്കണം. ടെസ്റ്റ് നടത്തി മരുന്നിന്റെ ആവശ്യം നിര്‍ണയിക്കുന്നത് നല്ലതാണ്;പക്ഷെ ഒരു മികച്ച ഡോക്ടറുടെ അഭിപ്രായത്തില്‍ മാത്രം. എന്തെന്നാല്‍, മരുന്ന് കമ്പോളത്തില്‍, കച്ചവടക്കാര്‍ക്കാണ് വൈറ്റമിന്‍ ഡി-യുടെ ഗുണം യഥാര്‍ത്ഥത്തില്‍ ലഭിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: