വേദന സംഹാരികള്‍ ഹൃദയാഘാതത്തിനു കാരണമായേക്കുമെന്ന് കണ്ടെത്തല്‍

വേദനസംഹാരികള്‍ ഒരു പരിധിയില്‍ കൂടുതല്‍ കഴിച്ചാല്‍ ഹൃദയാഘാതം വിളിച്ചുവരുത്തുമെന്ന് പഠന റിപ്പോര്‍ട്ട്. ഇബുപ്രോഫെന്‍ പോലുള്ള വേദന സംഹാരികള്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുന്നതാണ്. ഈ മരുന്ന് കഴിച്ച് ആദ്യ 30 ദിവസം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. 4.46 ലക്ഷം പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

അടുത്തകാലത്തായി ഹൃദയാഘാതം ഉണ്ടാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഇതിന് പ്രധാന കാരണം ജീവിത രീതിയില്‍ ഉണ്ടായ മാറ്റമാണ്. എന്നാല്‍ ഡോക്റ്റര്‍മാരുടെ നിര്‍ദേശമില്ലാതെ മരുന്നു കഴിക്കുന്നതും ഇതിന് കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡിക്ലോപെനക്, സെലെകോക്സിബ്, നാപ്രോക്സെന്‍ എന്നിവയും ഈ ഗണത്തില്‍പ്പെടുന്നു. ഈ മരുന്നുകളുടെ ഉപയോഗം തടയുക സാധ്യമല്ലെന്ന് വിദഗ്ധര്‍. ഇതിന് പ്രധാന പോംവഴി ഡോക്റ്റര്‍മാരുടെ നിര്‍ദേശമില്ലാതെ ആളുകള്‍ മരുന്ന് വാങ്ങുന്നത് നിര്‍ത്തുന്നതാണ്. ഇതുകൂടാതെ മരുന്നു കടക്കാര്‍ ഡോക്റ്ററുടെ കുറുപ്പടി ഇല്ലാതെ മരുന്ന് കൊടുക്കുന്നത് തടയുകയും വേണം. എങ്കില്‍ മാത്രമേ ഈ അപകടം ഒഴിവാക്കാന്‍ സാധിക്കൂവെന്ന് ഇവര്‍ പറഞ്ഞു.

അതേസമയം, വേദനസംഹാരികള്‍ വന്‍തോതില്‍ മയക്കുമരുന്നിന് പകരം ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടു. കൗമാരക്കാര്‍ക്കിടയിലാണ് ഈ ഉപയോഗം വര്‍ധിച്ചുവരുന്നത്. ഹൃദയാഘാതം ഉണ്ടായില്ലെങ്കില്‍ പോലും ഇവരുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടാന്‍ ഇത് കാരണമായേക്കും. വൃക്ക അടക്കമുള്ള അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകാന്‍ ഇത് ഇടയാക്കിയേക്കുമെന്നും ഡോക്റ്റര്‍മാര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഇവയുടെ വില്‍പ്പന നിയന്ത്രിക്കേണ്ട ആവശ്യകത വര്‍ധിക്കുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: