വേതന പരിഷ്‌ക്കരണം ആവശ്യപ്പെട്ടുകൊണ്ട് ആര്‍. സി. എന്‍. പ്രവര്‍ത്തകര്‍ നാളെ പാര്‍ലമെന്റ് സ്‌ക്വയറിലേക്ക്

യു.കെ.യിലെ പൊതുമേഖലാ രംഗത്തെ വേതന അസമത്വത്തിനെതിരെ നേഴ്‌സിംഗ് മേഖലയിലെ പ്രബല തൊഴിലാളി യൂണിയനായ ആര്‍.സി.എന്‍. സമരരംഗത്തിറങ്ങുന്നു. നാളെ, സെപ്റ്റംബര്‍ ആറ് ബുധനാഴ്ച പതിനായിരക്കണക്കിന് ആര്‍.സി.എന്‍. പ്രവര്‍ത്തകര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് സ്‌ക്വയറില്‍ സമരകാഹളം മുഴക്കി അണിചേരും.

2010 ലെ കാമറോണ്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ശമ്പള വര്‍ദ്ധനവിലെ അശാസ്ത്രീയമായ ‘ക്യാപ്പിംഗ്’ രീതി പൊതുമേഖലയിലെ തൊഴിലാളികളെയാകെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന വിലസൂചികയുമായി തട്ടിച്ചുനോക്കുമ്പോള്‍ പതിനാല് ശതമാനത്തോളം ഏറ്റക്കുറച്ചിലാണ് ഇപ്പോള്‍ ഈ മേഖലയിലെ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ പൊതുമേഖലയിലെ തൊഴിലാളികളുടെ ജീവിതനിലവാരം പിന്നോക്കം പോകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.

നാളെ ഉച്ചക്ക് 12:30 നും 2:30 നും ഇടയില്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചിലും പൊതുസമ്മേളനത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായിപതിനായിരക്കണക്കിന് ആരോഗ്യമേഖലയിലെ തൊഴിലാളികള്‍ ഒത്തുചേരുന്നു. സമര പരിപാടികളുടെ തുടര്‍ച്ചയായി ഒക്‌റ്റോബര്‍ 12 വ്യാഴാഴ്ച പൊതുമേഖലാ തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രതിഷേധ സമരവും ഉണ്ടായിരിക്കുന്നതാണ്. നേഴ്‌സിംഗ് മേഖലയിലും ഇതര പൊതുമേഖലാ രംഗങ്ങളിലും പ്രവര്‍ത്തിക്കുന്ന മലയാളികളായ ജീവനക്കാരുടെ സജീവ സഹകരണം സമരപരിപാടികളില്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

(എബ്രഹാം പൊന്നുംപുരയിടം)

Share this news

Leave a Reply

%d bloggers like this: