വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തത് ജീവിതം മടുത്തതിനാലെന്ന് മരണമൊഴി; ഹര്‍ത്താലാഹ്വാനം നടത്തിയ ബിജെപി വെട്ടിലായി

സെക്രട്ടേറ്റ് നടയ്ക്കലുള്ള ബിജെപി ശബരിമല സമരപ്പന്തലിനു മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തതിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്. ബിജെപി സമരത്തെക്കുറിച്ചോ ശബരിമലയെക്കുറിച്ചോ ഇതില്‍ പരാമര്‍ശമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജീവിതം മടുത്തതിനാലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് ഇദ്ദേഹം നല്‍കിയ മരണമൊഴിയില്‍ പറയുന്നു. ഡോക്ടറും മജിസ്‌ട്രേറ്റും മൊഴി രേഖപ്പെടുത്തി. ശബരിമല പ്രശ്നമോ പ്രതിഷേധമോ മൊഴിയില്‍ പറയുന്നില്ല എന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താലാണ്. നാളെ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഇന്നലെ പുലര്‍ച്ചെയാണ് വേണുഗോപാലന്‍ നായര്‍ സ്വയം തീക്കൊളുത്തിയത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് വൈകീട്ടോടെ മരിക്കുകയായിരുന്നു.

തീ കൊളുത്തിയതിനു പിന്നാലെ റോഡ് മുറിച്ചു കടന്ന് സമരപ്പന്തലിലേക്ക് കയറാന്‍ ഇദ്ദേഹം ശ്രമിക്കുകയുണ്ടായി. സ്ഥലത്തുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് തീയണച്ചെങ്കിലും 90 ശതമാനം പൊള്ളലേറ്റിരുന്നു. വേണുഗോപാലന്‍ നായര്‍ അയ്യപ്പഭക്തനാണെന്ന് സഹോദരങ്ങള്‍ പറഞ്ഞതിനു പിന്നാലെ ബിജെപിയുടെ ഹര്‍ത്താലാഹ്വാനം വരികയായിരുന്നു.

Share this news

Leave a Reply

%d bloggers like this: