വെള്ളപ്പൊക്ക ഭീതി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ് നിര്‍ത്തിവെച്ചു

ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്ന പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാന സര്‍വീസ് ഭാഗികമായി നിര്‍ത്തി. ഉച്ചയ്ക്ക് 1.10 മുതല്‍ വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ ഇവിടെ നിന്ന് വിമാനങ്ങള്‍ പുറപ്പെടുന്നത് തടസ്സമില്ലാതെ തുടരും. ഇടമലയാറില്‍ നിന്ന് എത്തുന്ന വെള്ളം പെരിയാര്‍ കരകവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാന്‍ഡിങ് നിര്‍ത്തിയത്.

റണ്‍വേയില്‍ വെള്ളം കയറിയിട്ടില്ല. എന്നാല്‍ ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. റണ്‍വേയില്‍ നനവുണ്ടോ എന്ന് പരിശോധിച്ച ശേഷമേ ഇനി വിമാനങ്ങളുടെ ലാന്‍ഡിങ് അനുവദിക്കൂ മഴ കനത്തതോടെ നെടുമ്പാശ്ശേരി വിമാനത്താവളം വെള്ളപ്പൊക്കഭീഷണിയില്‍. ഇടമലയാര്‍ ഡാം തുറന്നതിനാലും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലുമാണ് ആശങ്ക. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 2013ല്‍ വിമാനത്താവളം അടച്ചിട്ടിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഇടമലയാര്‍ ഡാം തുറന്നുവിട്ട സാഹചര്യത്തില്‍ സമീപത്തെ ചെങ്ങല്‍ കനാല്‍ നിറഞ്ഞുകവിഞ്ഞതോടെയാണ് വിമാനത്താവളം അടച്ചുപൂട്ടിയത്. ചെങ്ങല്‍ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകള്‍ സ്ഥാപിച്ചും വിമാനത്താവളത്തെ വെള്ളപ്പൊക്കഭീഷണിയില്‍ നിന്നും സംരക്ഷിക്കാന്‍ നടപടികളെടുത്തിരുന്നു. എന്നിരുന്നാലും ഇടമലയാര്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നതിനാലും ഇടുക്കി ഡാം തുറക്കാന്‍ സാധ്യതയുള്ളതിനാലും ഭീഷണി തള്ളിക്കളയാനാകില്ലെന്നാണ് സിയാല്‍ അധികൃതര്‍ പറയുന്നത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: