വെല്ലുവിളികളെ മറികടന്ന് ദക്ഷിണാഫ്രിക്കയില്‍ അധികാരം നിലനിര്‍ത്തി ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്…

ദക്ഷിണാഫ്രിക്കയില്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് (എഎന്‍സി) അധികാരം നിലനിര്‍ത്തി. എന്നാല്‍ 1994-ല്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യ സ്വതന്ത്ര തിരഞ്ഞെടുപ്പ് നടന്നത് മുതല്‍ എഎന്‍സിയുടെ വോട്ട് ഷെയര്‍ ആദ്യമായി 60 ശതമാനത്തിനു താഴെയായി. 57.5 ശതമാനം വോട്ട് നേടിയ എഎന്‍സി വെസ്റ്റേണ്‍ കേപ് ഒഴികെ എല്ലാ പ്രവിശ്യകളിലും മുന്നിലെത്തി. 2004-ല്‍ 70 ശതമാനം വോട്ടും 2014-ല്‍ 62 ശതമാനം വോട്ടും എഎന്‍സി നേടിയിരുന്നു.

അഴിമതി ഇല്ലാതാക്കുക, പരിഷ്‌കരണ നടപടികള്‍ മുന്നോട്ടു കൊണ്ടുപോവുക എന്നതായിരുന്നു പാര്‍ട്ടിയുടെ പ്രധാന മുദ്രാവാക്യം. നിലവിലെ പ്രസിഡന്റ് സിറില്‍ റമഫോസയുടെ മുന്‍പിലുള്ള കനത്ത വെല്ലുവിളിയും അതുതന്നെയാണ്. എഎന്‍സിയുടെ മുതിര്‍ന്ന നേതാവും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റുമായിരുന്ന ജേക്കബ് സുമ കഴിഞ്ഞ വര്‍ഷമാണ് അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവെച്ചത്. അതേത്തുടര്‍ന്നാണ് റമഫോസ അധികാരത്തിലെത്തുന്നത്.

ജേക്കബ് സുമ തീര്‍ത്ത അഴിമതിയുടെ കറഎഎന്‍സിക്ക് വിനയാകുമെന്നായിരുന്നു നിരീക്ഷകര്‍ കരുതിയിരുന്നത്. പാര്‍ട്ടിക്കകത്തെ അഴിമതി തുടച്ചുനീക്കാനുള്ള തന്റെ ശ്രമങ്ങളെ പിന്തുണയ്ക്കണമെന്നാണ് പ്രധാനമായും റമഫോസ വോട്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നത്. അതിനു ശേഷമാണ് ദക്ഷിണാഫ്രിക്കന്‍ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തും എന്നതടക്കമുള്ള അവകാശവാദങ്ങള്‍ അദ്ദേഹം ഉന്നയിച്ചിരുന്നത്.

പ്രതികൂല സാഹചര്യത്തിലും മാന്യമായ പ്രകടനമാണ് റമഫോസയും പാര്‍ട്ടിയും നടത്തിയിരിക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷര്‍ വിലയിരുത്തുന്നതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പാര്‍ട്ടിക്കകത്തെ താപ്പാനകളെ മറികടന്നുകൊണ്ട് അദ്ദേഹത്തിന് എത്രത്തോളം മുന്നേറാന്‍ കഴിയുമെന്നത് കാത്തിരുന്നു കാണേണ്ടിവരും. ജേക്കബ് സുമയ്ക്ക് ശേഷം പാര്‍ട്ടിയുടെയും രാഷ്ട്രത്തിന്റെയും നേതാവായി റമഫോസ വന്നില്ലായിരുന്നുവെങ്കില്‍ എഎന്‍സിക്ക് 40 ശതമാനം വോട്ടുപോലും ലഭിക്കില്ലായിരുന്നുവെന്ന് എഎന്‍സിയുടെ തെരഞ്ഞെടുപ്പ് തലവന്‍ ഫികിലേല്‍ എംബലുല പറഞ്ഞു. സുമയുടെ ഒമ്പത് വര്‍ഷത്തെ ഭരണം കടുത്ത അഴിമതിയും സാമ്പത്തിക തകര്‍ച്ചയുമാണ് രാജ്യത്തിന് ഉണ്ടാക്കിയത്.

മുഖ്യ പ്രതിപക്ഷമായ ഡമോക്രാറ്റിക് അലയന്‍സിന് 20.77 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍ എഎന്‍സി യുവജന നേതാവ് ജൂലിയസ് മലേമ സ്ഥാപിച്ച റാഡിക്കല്‍ ഇടതുപക്ഷ പാര്‍ട്ടി നാലു ശതമാനം വോട്ട് വര്‍ധനവോടെ 10.79 ശതമാനം വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി 26.8 മില്യണ്‍ വോട്ടര്‍മാരില്‍ 65 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 2018-ല്‍ ദക്ഷിണാഫ്രിക്കയുടെ സാമ്പത്തിക വളര്‍ച്ച വെറും 0.8 ശതമാനമാണ് ഉയര്‍ന്നത്. തൊഴിലില്ലായ്മ നിരക്കാകട്ടേ 27 ശതമാനത്തിനു മുകളിലുമാണ്. അഴിമതി, അസമത്വം, വികസനമുരടിപ്പ്, അക്രമം തുടങ്ങിയ പ്രശ്‌നങ്ങളാണ് വോട്ടര്‍മാര്‍ പ്രധാനമായും ഉയര്‍ത്തിക്കാണിച്ചിരുന്നത്.

Share this news

Leave a Reply

%d bloggers like this: