വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത പ്രതികളെ വെടിവെച്ചിട്ട് ഹൈദരാബാദ് പോലീസ്

ഹൈദരാബാദ്:ഹൈദരാബാദില്‍ വെറ്റെറിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ചതായി തെലങ്കാന പൊലീസ്. ഹൈദരാബാദിന് സമീപം എന്‍എച്ച് 44ലാണ് ഏറ്റുമുട്ടലുണ്ടായത് എന്ന് പൊലീസ് പറയുന്നു. 26കാരിയായിരുന്ന ഡോക്ടറുടെ മൃതദേഹം ഇതേ ഹൈവേയിലാണ് കണ്ടെത്തിയത്. നാല് പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന് പൊലീസ് പറയുന്നു.

അതേസമയം റിമാന്‍ഡിലായിരുന്ന പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും അപ്പോള്‍ വെടി വച്ചെന്നും പൊലീസ് പറയുന്നുണ്ട്. കുറ്റകൃത്യത്തിന്റെ പുനരാവിഷ്‌കാരത്തിനായി സംഭവസ്ഥലത്തെത്തിച്ചപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നാണ് പൊലീസ് ഭാഷ്യം. അതേസമയം പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടി വച്ചതാണെങ്കില്‍ എങ്ങനെ ഏറ്റുമുട്ടല്‍ ഉണ്ടായി എന്ന കാര്യം വ്യക്തമല്ല.

ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ വെറ്റെറിനറി ഡോക്ടറായി പ്രവര്‍ത്തിച്ചിരുന്ന ദിശ എന്ന യുവതിയുടെ മൃതദേഹം നവംബര്‍ 28ന് ഹൈദരാബാദ് ഷാദ് നഗര്‍ മേഖലയിലാണ് കണ്ടെത്തിയത്. കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തുകയായിരുന്നു. രാജ്യത്താകെ വലിയ പ്രതിഷേധത്തിനാണ് ഹൈദരാബാദ് ബലാത്സംഗ കൊല ഇടയാക്കിയത്. നവംബര്‍ 29നാണ് നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ 3.30 സമയത്താണ് ഏറ്റുമുട്ടലുണ്ടായത്. ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുല ചന്നകേശവുലു, മുഹമ്മദ് എന്നീ നാല് പ്രതികളാണ് കൊല്ലപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: