വെജിറ്റേറിയന്‍ മുട്ട വിജയകരമായി ഉല്‍പാദിപ്പിച്ച് ഗവേഷകര്‍

 

ആദ്യമുണ്ടായത് മുട്ടയാണോ കോഴിയാണോ എന്ന ഉത്തരം കിട്ടാത്ത ചോദ്യത്തിന് വ്യത്യസ്തമായ ഉത്തരവുമായി ഗവേഷകര്‍ രംഗത്ത്. പയറുവര്‍ഗത്തില്‍പെട്ട സസ്യത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന മാസ്യം ഉപയോഗിച്ച് വെജിറ്റേറിയന്‍ മുട്ട വിജയകരമായി ഉല്‍പാദിപ്പിച്ചിരിക്കുകയാണ് ഇറ്റലിയിലെ ഉഡിന്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. വെള്ളയും അതിനുള്ളിലെ മഞ്ഞക്കരുവുമുള്ള മുട്ട യഥാര്‍ഥ മുട്ടയോട് കിടപിടിക്കുന്നതാണെന്നാണ് പരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നത്.

പുതിയ ‘സസ്യമുട്ട’യില്‍ കൊളസ്‌ട്രോളിന്റെ ഭീഷണിയില്ലെന്ന് പുതിയ കണ്ടുപിടിത്തത്തെക്കുറിച്ച് വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ യൂനിവേഴ്‌സിറ്റി വക്താവ് ഫ്രാന്‍സിസ്‌ക സുക്കോളോ അവകാശപ്പെട്ടു. കണ്ടുപിടിത്തത്തിനു ശേഷം മുട്ടയിലെ ചേരുവകള്‍ മാറിമാറി പരീക്ഷിച്ച് യഥാര്‍ഥ കോഴിമുട്ടയുടെ രുചിയിലെത്താന്‍ ഏകദേശം 18 മാസക്കാലത്തെ പരിശ്രമങ്ങള്‍ ആവശ്യമായി വന്നുവെന്നും അവര്‍ പറഞ്ഞു.

എന്നാല്‍, മാസ്യം വേര്‍തിരിച്ചെടുക്കുന്ന സസ്യം ഏതാണെന്ന് സുക്കോളോ വെളിപ്പെടുത്തിയില്ല. സോയബീനിനെപ്പോലുള്ള വസ്തുവില്‍നിന്ന് എടുക്കുന്ന മാംസ്യത്തിന്റെ കൂടെ സസ്യ എണ്ണകള്‍, കൊഴുപ്പ്, ഉപ്പ് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്താണ് മുട്ടയുടെ രൂപവും രുചിയും നിര്‍മിച്ചിരിക്കുന്നത്. പുഴുങ്ങിയ മുട്ടയോട് വളരെയധികം സാമ്യമുള്ളതാണ് സസ്യമുട്ടയെന്നും അവര്‍ പറഞ്ഞു.

സസ്യമുട്ടയുടെ പാറ്റന്റ് എടുത്തതായും ലോകത്തെ പ്രമുഖ ഭക്ഷ്യവസ്തു നിര്‍മാണ കമ്പനികളുമായി കരാറിലേര്‍പ്പെടുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുവരുകയാണെന്നും അവര്‍ പറഞ്ഞു. ഏതായാലും ഓംലെറ്റ് തിന്നാല്‍ കൊതിയുള്ള വെജിറ്റേറിയന്മാര്‍ക്കും കൊളസ്‌ട്രോളിനെ പേടിച്ച് മുട്ട കഴിക്കാത്ത സസ്യഭുക്കുകള്‍ക്കും ഒരുപോലെ സന്തോഷം പകരുന്ന വാര്‍ത്തയാണിത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: