വീറ്റോ ഭീഷണിയുമായി ട്രംപ്: ഭീഷണി, സൗദിക്ക് ആയുധം വില്‍ക്കാനുള്ള ട്രംപിന്റെ തീരുമാനം സെനറ്റ് വോട്ടിനിട്ട് തടഞ്ഞതിനെ തുടര്‍ന്ന്….

സൗദി അറേബ്യക്ക് ദശകോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ആയുധങ്ങള്‍ വില്‍ക്കാനുള്ള ട്രംപിന്റെ നീക്കം യുഎസ് സെനറ്റ് വോട്ടിനിട്ട് തടഞ്ഞു. കഴിഞ്ഞമാസം കോണ്‍ഗ്രസ്സിനെ മറികടന്നാണ് 8 ബില്യണ്‍ ഡോളറിന്റെ ഇടപാടിനായി ട്രംപ് ശ്രമിച്ചത്. സൗദി അറേബ്യക്ക് ഇറാനില്‍ നിന്നുമുള്ള കടുത്ത നീക്കങ്ങളെ നേരിടേണ്ടതുണ്ടെന്ന ന്യായം പറഞ്ഞായിരുന്നു ഇത്. എന്നാല്‍ സെനറ്റ് ഈ വിഷയം വോട്ടിനിടുകയും പരാജയപ്പെടുത്തുകയും ചെയ്തതോടെ കനത്ത തിരിച്ചടിയാണ് ട്രംപിനേറ്റിരിക്കുന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍തൂക്കമുള്ള സെനറ്റാണ് ട്രെപിന്റെ നീക്കത്തിനെതിരെ രംഗത്തു വന്നതെന്നത് ശ്രദ്ധേയമാണ്. വില്‍പ്പനയെ തടയുന്ന മൂന്ന് പ്രമേയങ്ങളാണ് സെനറ്റ് പാസ്സാക്കിയത്. ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കമുള്ള പ്രതിനിധിസഭയിലും ഈ പ്രമേയങ്ങള്‍ പാസ്സാകാനാണ് സാധ്യത. അതെസമയം കോണ്‍ഗ്രസ്സ് തീരുമാനങ്ങളെ താന്‍ വീറ്റോ ചെയ്യുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വീറ്റോയെ ചെറുക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസ്സിനുണ്ടാകുമോയെന്നതാണ് ഇപ്പോഴത്തെ ആശങ്ക. യുഎഇ, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങള്‍ക്കും ആയുധം വില്‍ക്കാന്‍ ട്രംപിന് പരിപാടിയുണ്ട്.

കഴിഞ്ഞമാസവും ട്രംപ് കോണ്‍ഗ്രസ്സിനെ മറികടന്ന് തീരുമാനമെടുത്തിരുന്നു. ഫെഡറല്‍ നിയമത്തിന്റെ ചില പഴുതുകളുപയോഗിച്ചായിരുന്നു ഈ ആയുധവില്‍പ്പന. ഇറാനുമായി യുഎസ്സിന് നിലവിലുള്ള സംഘര്‍ഷം ദേശീയ അടിയന്തിരാവസ്ഥയ്ക്ക് സമാനമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു ട്രംപ്. ഇതുവഴി ആയുധങ്ങളുടെ വില്‍പ്പന അടിയന്തിരാവശ്യമാക്കുകയും അത് നടപ്പാക്കുകയും ചെയ്തു.

ഈ ആയുധങ്ങളുപയോഗിച്ചുള്ള സൗദിയുടെ യെമനിലെ നീക്കങ്ങള്‍ സാധാരണക്കാരുടെ ജീവന ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി വന്‍ പ്രതിഷേധം കോണ്‍ഗ്രസ്സിലുണ്ടായെങ്കിലും ട്രംപ് തന്റെ നിലപാടുകളില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ഇപ്പോഴത്തെ വീറ്റോ ഭീഷണിയില്‍ നിന്നും മനസ്സിലാക്കാനാകുന്നത്.

Share this news

Leave a Reply

%d bloggers like this: