വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്; ലണ്ടന്‍ ഭീതിയില്‍

ലണ്ടന്‍ ട്യൂബ് ട്രെയിനിലെ സ്‌ഫോടനത്തിനു പിന്നാലെ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു കനത്ത ജാഗ്രത പാലിക്കാന്‍ പ്രധാനമന്ത്രി തെരേസ മെയുടെ നിര്‍ദ്ദേശം. രണ്ടാമതും ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. എപ്പോള്‍ വേണമെങ്കിലും മറ്റൊരു ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തുക എന്ന ലക്ഷ്യവെച്ചുളള ബോംബാക്രമണം ആയിരുന്നുവെന്ന് തെരേസാ മെ പറഞ്ഞു. ട്യൂബ് ട്രെയിന്‍ സ്ഫോടനം രാജ്യത്തിന് എതിരെയുളള ഭീഷണിയുടെ തോതിനെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിച്ചതായി പ്രധാനമന്ത്രി കൂട്ടി ചേര്‍ത്തു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനുളള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.സംയുക്ത ഭീകരവാദ അനാലിസിസ് സെന്റര്‍ ഭീകരാക്രമണ സാധ്യത ലെവല്‍ ഉയര്‍ത്തിയിട്ടുണ്ട്.

പാഴ്‌സണ്‍സ് ഗ്രീന്‍ ട്യൂബ് സ്റ്റേഷനിലെ ഡിസ്ട്രിക് ലൈനിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്സ് ഏറ്റെടുത്തു. തങ്ങളുടെ വാര്‍ത്താ ഏജന്‍സിയിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത കാര്യം ഐഎസ് അറിയിച്ചത്. ആക്രമണത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു. ട്രെയിനിന്റെ പിന്‍ഭാഗത്ത് വെള്ള സൂപ്പര്‍മാര്‍ക്കെറ്റ് ബക്കറ്റിലാണ് സ്‌ഫോകവസ്തു വച്ചിരുന്നത്. ഈ ബക്കറ്റാണ് പൊട്ടിത്തെറിച്ചത് . വെള്ളിയാഴ്ച രാവിലെ എട്ടേകാലോടെയായിരുന്നു സ്‌ഫോടനം. ഇവിടെ നിന്നു കണ്ടെത്തിയ മറ്റൊരു സ്ഫോടക വസ്തു നിര്‍വീര്യമാക്കിയെന്നു ലണ്ടന്‍ പോലീസ് പറഞ്ഞു. സ്ഫോടനത്തെ തുടര്‍ന്നുള്ള അഗ്‌നിബാധയില്‍ ഏറെപ്പേര്‍ക്കും മുഖത്താണ് പൊള്ളലേറ്റത്. തിക്കിലും തിരക്കിലും പെട്ടും പരിക്കുണ്ട്.

ആറു മാസത്തിനിടെ ബ്രിട്ടനിലുണ്ടാവുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ആദ്യത്തേതും.മറ്റു നാല് ആക്രമണങ്ങളിലായി 36 പേര്‍ മരിച്ചിരുന്നു. മൂന്നിടത്ത് ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്. 2005 ജൂലൈയില്‍ ലണ്ടന്‍ ട്യൂബ് ട്രെയിനില്‍ ഉണ്ടായ സ്‌ഫോടന പരമ്പരയില്‍ 52 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടരെയുള്ള ആക്രമണങ്ങളില്‍ ഭയന്ന് വിറച്ചിരിക്കുകയാണ് ലണ്ടന്‍ ജനത.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: