സെന്റ് പാട്രിക് ഡേ മഞ്ഞില്‍ പുതയില്ല; പക്ഷെ ഞായര്‍ മഞ്ഞില്‍ പുതയും…

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ശക്തമായ മഞ്ഞുവീഴ്ച വീണ്ടും തിരിച്ചെത്തുന്നു. മഞ്ഞുമൂടിയ ഞായര്‍ ആയിരിക്കും ഇത്തവണ വന്നെത്തുന്നത്. ഹിമപാതം വര്‍ധിക്കുമെന്നതിനാല്‍ 7 കൗണ്ടികളില്‍ ഓറഞ്ച് സ്‌നോ ഐസ് വാര്‍ണിങ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഡബ്ലിനിലും കനത്തമഞ്ഞുവീഴ്ച പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഡബ്ലിന്‍, കില്‍ഡെയര്‍, ലോത്ത്, വെക്സ്ഫോര്‍ഡ്, വിക്കലോ, മീത്ത്, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ മെറ്റ് എറാന്റെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിലവില്‍ വന്നു. സ്‌കാന്‍ഡിനോവിയയില്‍ നിന്നും കിഴക്കന്‍ യൂറോപ്പില്‍ നിന്നും വരുന്ന തണുത്തുറഞ്ഞ കാറ്റ് അയര്‍ലന്‍ഡ് തീരത്തെത്തുന്നതോടെ കഴിഞ്ഞ ആഴ്ചകളിലുണ്ടായ മഞ്ഞിന് സമാനമായ കാലാവസ്ഥ തുടരുമെന്നാണ് സൂചന.

സണ്‍ ഓഫ് ബീസ്റ്റ് എന്ന് പേരിട്ട കാലാവസ്ഥാ പ്രതിഭാസം കഠിനമാകുമെന്ന് മനസിലാക്കി യെല്ലോ വാര്‍ണിങ് ഓറഞ്ച് വര്‍ണിങായി മാറ്റി പ്രഖ്യാപിക്കുകയായിരുന്നു. കോര്‍ക്ക്, ഡബ്ലിന്‍, കില്‍കെന്നി തുടങ്ങിയ കൗണ്ടികളില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ വെള്ളപ്പൊക്ക ഭീഷണി നേരിട്ടിരുന്നു.

ഓറഞ്ച് വാര്‍ണിങ്ങ് പിന്നീട് റെഡ് അലര്‍ട്ടായി മാറ്റാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. മുന്നറിയിപ്പില്‍ അറിയിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശൈത്യം അനുഭവപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ അറിയിപ്പ് നല്‍കുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: