വീഡിയോ എഡിറ്റ് ചെയ്ത് ട്രെയിന്‍ വേഗത രണ്ടിരട്ടി കൂട്ടി ട്വിറ്ററിലിട്ടു; അന്തര്‍ദ്ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായി റെയില്‍വേ മന്ത്രി

ഇന്ത്യന്‍ റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അന്തര്‍ദ്ദേശീയ മാധ്യമങ്ങളില്‍ ‘താര’മായിരിക്കുകയാണ്. തന്റെ ഭരണകാലയളവില്‍ ഇന്ത്യന്‍ ട്രെയിനുകള്‍ കൈവരിച്ച വേഗതയെക്കുറിച്ച് ട്വിറ്ററില്‍ ഡംഭ് പറഞ്ഞതാണ് ഗോയലിന് വിനയായത്. ഇതിനായി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ വീഡിയോയെടുത്ത് എഡിറ്റ് ചെയ്ത് രണ്ടിരട്ടി വേഗത കൂട്ടിയാണ് മന്ത്രി അത് ട്വിറ്ററിലിട്ടത്. ഇങ്ങനെയായിരുന്നു വീഡിയോക്കൊപ്പം പീയൂഷ് ഗോയല്‍ ചേര്‍ത്ത വാചകം: ”ഇതൊരു പക്ഷിയാണ്…ഇതൊരു വിമാനമാണ്… മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി നിര്‍മിച്ച ഇന്ത്യയുടെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിന്‍ കാണൂ. വന്ദേ ഭാരത് എക്‌സ്പ്രസ്സ് മിന്നല്‍ വേഗത്തില്‍ കടന്നുപോകുന്നു.” ഈ ട്വീറ്റിലെ കള്ളക്കളി ദി ഗാര്‍ഡിയന്‍ അടക്കമുള്ള പ്രമുഖ അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു.

മന്ത്രി പറയുന്ന ‘മിന്നല്‍ വേഗം’ എഡിറ്റ് ചെയ്തുണ്ടാക്കിയ വേഗമാണെന്ന് മിക്കവര്‍ക്കും ഒറ്റക്കാഴ്ചയില്‍ തന്നെ മനസ്സിലായി. ചിലര്‍ വീഡിയോയുടെ ഒറിജിനല്‍ കണ്ടെത്തി പോസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റു ചിലരാകട്ടെ വീഡിയോ വീണ്ടും എഡിറ്റ് ചെയ്ത് വേഗത നാലും അഞ്ചും ഇരട്ടിയാക്കി നല്‍കി മന്ത്രിയെ സഹായിച്ചു. ഇത് താന്‍ എടുത്ത വീഡിയോയാണെന്ന് സാക്ഷ്യം പറഞ്ഞ് @abhie_jaiswal എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ രംഗത്തെത്തുകയും ചെയ്തു.

ദി റെയില്‍ മെയില്‍ എന്ന യൂടൂബ് പ്രൊഫൈല്‍ 2018 ഡിസംബര്‍ 20ന് പോസ്റ്റ് ചെയ്ത വീഡിയോയാണിത്. ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ട്രെയിനായ ട്രെയിന്‍ 18 തന്നെയാണിത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ ഈ ട്രെയിനിന് സാധിക്കും. ഇതൊരു ആഡംബര ട്രെയിനാണ്. ഡല്‍ഹിയില്‍ നിന്നും വാരാണസിയിലെത്താന്‍ 8 മണിക്കൂര്‍ മാത്രമേ ഈ ട്രെയിവെടുക്കും. കാണ്‍പൂര്‍, അലഹബാദ് എന്നീ രണ്ട് സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. ശതാബ്ധി ട്രെയിനുകളെക്കാള്‍ രണ്ടിരട്ടിയോളം വിലക്കൂടുതലുണ്ടാകും ഈ ട്രെയിനിലെ ടിക്കറ്റിന്.

Share this news

Leave a Reply

%d bloggers like this: