വീട്ടില്‍ കയറി സൈന്യം ജനങ്ങളെ ഉപദ്രവിക്കുന്നു എന്ന് ഷെഹ്ല റാഷിദ് പറഞ്ഞത് നുണയെന്ന് കോണ്‍ഗ്രസ് നേതാവ്

ശ്രീനഗര്‍ : സൈനികര്‍ കാശ്മീരികളെ വീടുകളില്‍ കയറി ഉപദ്രവിക്കുന്നതായുള്ള ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് (ജെകെപിഎം) നേതാവ് ഷെഹ്ല റാഷിദിന്റെ ആരോപണം നുണയാണ് എന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ നിസാമി. ഷെഹ്ല റാഷിദ് സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി വ്യാജ വാര്‍ത്തകര്‍ പ്രചരിപ്പിക്കുന്നതായി സല്‍മാന്‍ നസ്മി ആരോപിച്ചു.

ഷോപ്പിയാനില്‍ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ല. നാട്ടുകാരോടും മാധ്യമപ്രവര്‍ത്തകരോടും സംസാരിച്ച് ഉറപ്പുവരുത്തിയിട്ടാണ് ഞാനിത് പറയുന്നത്. കാശ്മീരില്‍ ചില കല്ലേറുകാരേയും വിഘടനവാദികളേയും മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു. ഇത് കാശ്മീരില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ സ്വാഭാവികമായി നടക്കുന്ന കാര്യങ്ങളാണ് എന്നും സല്‍മാന്‍ നിസാമി വാദിക്കുന്നു.

സൈന്യത്തിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ അലോക് ശ്രീവാസ്തവ ഷെഹല റാഷിദിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. ഷെഹ്ല റാഷിദിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുണ്ട്.

അതേസമയം താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായും ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണ് എന്നും ഷെഹ്ല റാഷിദ് പറഞ്ഞു. ഇന്ത്യന്‍ ആര്‍മിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കാന്‍ തയ്യാറാണ് എന്നും ഷെഹ്ല റാഷിദ് പറഞ്ഞു. ഫോണും മൊബൈല്‍ ഇന്റര്‍നെറ്റും തടഞ്ഞ് കടുത്ത മനുഷ്യാവകാശ ലംഘനമാണ് കാശ്മീരില്‍ സര്‍ക്കാര്‍ നടത്തുന്നത് എന്നും ഷെഹ്ല റാഷിദ് ആരോപിച്ചു.

Share this news

Leave a Reply

%d bloggers like this: