വീട്ടിലിരുന്ന് വിമാനം നിര്‍മ്മിച്ച് അമോല്‍ യാദവ്; രജിസ്ട്രേഷന്‍ നല്‍കി അധികൃതര്‍

 

വീടിനുമുകളില്‍ സ്വന്തമായി വിമാനമുണ്ടാക്കിയ അമോല്‍ യാദവിന് ഇനി ആ വിമാനം പറത്തുകയും ചെയ്യാം. സ്വന്തം കൈകൊണ്ട് ഈ യുവാവ് നിര്‍മിച്ച ചെറുവിമാനത്തിന് നീണ്ട കാത്തിരിപ്പിനുശേഷം വ്യോമയാന അധികൃതര്‍ രജിസ്ട്രേഷന്‍ നല്‍കി. പൈലറ്റായി ജോലിനോക്കുന്ന അമോല്‍ യാദവ് സ്വന്തം വീടുവിറ്റ പണംകൊണ്ടാണ് വിമാനനിര്‍മാണത്തിന് തുടക്കംകുറിച്ചത്. മുംബൈയ്ക്കടുത്ത് കാന്തിവലിയില്‍ കുടുംബവീടിന്റെ ടെറസിലായിരുന്നു നിര്‍മാണം. ആറുകൊല്ലത്തോളം നീണ്ട തപസ്യയ്ക്കൊടുവില്‍ ആറു സീറ്റുള്ള ചെറുവിമാനം പൂര്‍ത്തിയാക്കി. നാലുകോടിയോളം രൂപയും ചെലവിട്ടു.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് യാദവ് വിമാനനിര്‍മാണം പൂര്‍ത്തിയാക്കിയത്. മുംബൈയില്‍ നടന്ന ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പ്രദര്‍ശനത്തില്‍ സ്വന്തം വിമാനം അവതരിപ്പിച്ചു. പ്രശംസകളും വാഗ്ദാനങ്ങളും ധാരാളം ലഭിച്ചെങ്കിലും പറക്കാനുള്ള അനുമതി മാത്രം കിട്ടിയില്ല. ഇതിനായി ഡയക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷ(ഡി.ജി.സി.എ.)നു നല്‍കിയ അപേക്ഷ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്നു.

ഒടുവില്‍, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ശ്രമഫലമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടപ്പോഴാണ് ഡി.ജി.സി.എ. അമോലിന്റെ ചെറുവിമാനത്തിന് രജിസ്ട്രേഷന്‍ നല്‍കിയത്. തിങ്കളാഴ്ച മുഖ്യമന്ത്രിതന്നെ അനുമതിപത്രം യാദവിന് സമ്മാനിച്ചു. ഇനി ഏതാനും പരീക്ഷണങ്ങള്‍കൂടി കഴിഞ്ഞാല്‍ വിമാനത്തിന് സവാരി തുടങ്ങാം. പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടുമുള്ള നന്ദി പ്രകടിപ്പിക്കുന്നതിന് വി.ടി.എന്‍.എം.ഡി. എന്നാണ് വിമാനത്തിന് പേരിട്ടിരിക്കുന്നത്. വിക്ടര്‍ ടാങ്ഗോ നരേന്ദ്രമോദി ദേവേന്ദ്ര എന്നാണതിന്റെ മുഴുവന്‍ രൂപം.

ചെറുവിമാനങ്ങളുണ്ടാക്കുന്നതിനായി ത്രസ്റ്റ് ഇന്ത്യ കമ്പനി എന്ന പേരില്‍ സ്വന്തം സംരംഭമുണ്ടാക്കിയിട്ടുണ്ട് യാദവ്. വിമാനക്കമ്പനി തുടങ്ങാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പാല്‍ഘറില്‍ 155 ഏക്കര്‍ സ്ഥലം വിട്ടുനല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. സഹായവാഗ്ദാനവുമായി മറ്റുപലരും എത്തിയിട്ടുണ്ട്. വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമായാല്‍ സ്വന്തം ഫാക്ടറിയില്‍ 20 സീറ്റുള്ള വിമാനങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാനാണ് അമോല്‍ യാദവിന്റെ പദ്ധതി.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: