വീടിന് മുകളില്‍ വിമാനം നിര്‍മ്മിച്ച് പെലറ്റ്; പരീക്ഷണപ്പറക്കലിന് മുന്‍പ് 35000 കോടി രൂപയുടെ കരാറുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

 

മുംബൈ: കെട്ടിടത്തിന്റെ മുകള്‍ത്തട്ടില്‍ പരിമിതമായ സ്ഥലത്ത് വിമാനം വികസിപ്പിച്ച് പ്രശസ്തനായ പെലറ്റ് അമോല്‍ യാദവിനെ തേടി മഹാരാഷ്ട്ര സര്‍ക്കാരിന്റെ അംഗീകാരം. വിമാനം തദ്ദേശീയമായി നിര്‍മ്മിക്കുന്നതിന് അമോല്‍ യാദവിന്റെ സ്ഥാപനവും മഹാരാഷ്ട്ര സര്‍ക്കാരും കൈകോര്‍ക്കുന്നു. അമോലിന്റെ വിമാനം പറപ്പിക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അംഗീകാരം ലഭിച്ചതോടെ വിമാനം ഏറ്റെടുക്കാനും പുതുതായി വിമാനങ്ങള്‍ നിര്‍മ്മിക്കാനും മഹാരാഷ്ട്ര സര്‍ക്കാരുമായി ധാരണയിലെത്തി. 35000 കോടി രൂപയുടെ സംയുക്ത സംരംഭം ആരംഭിക്കുന്നതിന് ഇരുവരും ധാരണപാത്രത്തില്‍ ഒപ്പുവെച്ചു. ഇതിന് പുറമേ പാല്‍ഗറില്‍ വ്യോമയാന ഹബും വികസിപ്പിക്കും.

അമോല്‍ യാദവിന്റെ ത്രസ്റ്റ് എയര്‍ക്രാഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച ആറുപേര്‍ക്ക് ഇരിക്കാവുന്ന വിമാനം പറത്തുന്നതിന് ഡിജിസിഎയുടെ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക പരീക്ഷണപ്പറക്കല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അമോല്‍ യാദവുമായി സഹകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ധാരണപത്രമനുസരിച്ച് മുംബൈയ്ക്ക് 140 കിലോമീറ്റര്‍ വടക്കുളള പല്‍ഗാര്‍ ജില്ലയില്‍ 157 ഏക്കര്‍ സ്ഥലം അമോല്‍ യാദവിന് സര്‍ക്കാര്‍ വിട്ടുനല്‍കും.

ഔദ്യോഗിക പരീക്ഷണപ്പറക്കല്‍ പൂര്‍ത്തിയായിട്ടില്ലെന്ന ആരോപണം കോമേഴ്സല്‍ എയര്‍ക്രാഫ്റ്റ് പെലറ്റായ അമോല്‍ യാദവ് സ്ഥിരീകരിച്ചു. ചില ഘടക ഉല്‍പ്പനങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് മാര്‍ച്ചില്‍ അല്ലെങ്കില്‍ ഏപ്രിലില്‍ ഔദ്യോഗിക പരീക്ഷണ പറക്കല്‍ നടത്തുമെന്ന് അമോല്‍ യാദവ് അറിയിച്ചു.

അതേസമയം പരീക്ഷണപ്പറക്കല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ധാരണപത്രത്തില്‍ ഒപ്പിട്ടതിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്ത് വ്യോമയാന വിദഗ്ധര്‍ രംഗത്തുവന്നു. യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെങ്കില്‍ ഈ അവസരം സമാന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

റിട്ട. എയര്‍ മാര്‍ഷല്‍ മുരളി സുന്ദരത്തിന്റെ മാര്‍ഗ നിര്‍ദേശത്തിലാണ് അമോല്‍ വിമാനം നിര്‍മ്മിച്ചത്. ആറുവര്‍ഷത്തെ പ്രയത്നത്തിന് ഒടുവിലാണ് അമോല്‍ യാദവ് വിമാനം വികസിപ്പിച്ചെടുത്തത്. ചാര്‍ക്കോപ്പ് നിവാസിയായ യാദവ് ഇതിനായി തന്റെ വീട് വിറ്റ് നാലുകോടി രൂപയാണ് കണ്ടെത്തി. വിമാനത്തിന് 10.8 അടിയാണ് ഉയരം, പൂര്‍ണമായും അലുമിനിയത്തിലാണ് നിര്‍മാണം. തുടര്‍ന്ന് 2016ലെ മേക്ക് ഇന്‍ ഇന്ത്യയില്‍ വിമാനം പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്നും പറക്കലിനായി അനുവാദം ലഭിക്കാന്‍ ഏറെ നാള്‍ വേണ്ടി വന്നു. ഒടുവില്‍ 2017 നവംബറിലാണ് വിമാനം രജിസ്റ്റര്‍ ചെയ്തത്.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: