വിഷമയമായ മുട്ടകള്‍ അയര്‍ലണ്ടിലേക്കെത്തിയതായി സംശയം; വ്യാപക പരിശോധന തുടരുന്നു; മുട്ടകളില്‍ ആരോഗ്യത്തിന് ഹാനികരമായ ഫിപ്രോനില്‍

ഡച്ചിലെ വിഷമയമായ ഫാമുകളില്‍ നിന്നും ഏഴ് ലക്ഷത്തോളം മുട്ടകള്‍ യുകെയിലേക്ക് കയറ്റി അയക്കപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി ദി ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (എഫ്എസ്എ) രംഗത്തെത്തിയത് അയര്‍ലന്റിലെ ജനങ്ങളെയും ഭീതിയിലാഴ്ത്തി. ഇതിനെ തുടര്‍ന്ന് പൊതുജനങ്ങളുടെ ആരോഗ്യത്തിന് വന്‍ ഭീഷണിയാണ് സംജാതമായിരിക്കുന്നത്.  കെമിക്കല്‍ മാലിന്യങ്ങള്‍ കലര്‍ന്ന മുട്ടകള്‍ അയര്‍ലണ്ടിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് അഗ്രികള്‍ച്ചര്‍, ഫുഡ് & മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍.

അമിതമായ കീടനാശിനി കലര്‍ന്ന 21,000 മുട്ടകള്‍ മാത്രമാണ് യുകെയിലേക്ക് കയറ്റുമതി ചെയ്തുവെന്നായിരുന്നു ഇതിന് മുമ്പ് കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ അതിനേക്കാള്‍ എത്രയോ ഇരട്ടിയാണ് ഇത്തരം മുട്ടകളുടെ എണ്ണമാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുത്. ഫിപ്രോനില്‍ കലര്‍ന്ന മുട്ടകള്‍ അയര്‍ലണ്ടില്‍ വിറ്റിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും വിശദമായ അന്വേഷണം നടത്തിവരികയാന്നെയും അയര്‍ലന്റിലെ ഫീസ് സേഫ്റ്റി അധികൃതര്‍ അറിയിച്ചു.

അയര്‍ലന്‍ഡിലെ ഒന്‍പത് കാറ്ററിങ് ഔട്ട്‌ലെറ്റുകളിലേക്ക് വളരെ കുറഞ്ഞ അളവില്‍ തിളപ്പിച്ച മുട്ടകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് എഫ്എസ്എസ്‌ഐ സ്ഥിരീകരിച്ചു. ഈ മുട്ടകള്‍ ജൂലൈ 17-നു മുന്‍പാണ് ഉപയോഗിച്ചത്. അതുപോലെതന്നെ, ജൂലൈ മാസത്തില്‍, ഒരു ചെറിയ അളവിലുള്ള ലിക്വിഡ് പാസ്ച്വറൈസ്ഡ് മുട്ടകള്‍ ബേക്കറി ഉത്പന്നങ്ങളുടെ ഉപയോഗത്തിനായി ചില ഫുഡ് ബിസിനസ് സ്ഥാപനങ്ങളില്‍ വിറ്റഴിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സംശയകരമായ സാഹചര്യത്തിലുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്.

യുകെയില്‍ വിഷമയമായ മുട്ട കലര്‍ന്നിരിക്കുന്ന 11 ഉല്‍പന്നങ്ങങ്ങള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വിപണിയില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ടെങ്കിലും ആപത്ത് കണക്ക് കൂട്ടിയിരിക്കുന്നതിനേക്കാള്‍ എത്രയോ അധികമാണെന്നാണ് പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നത്. അത്യധികം അപകടകാരിയായ കീടനാശിനിയായ ഫിപ്രോനില്‍ ഉപയോഗിച്ചതിന്റെ പേരില്‍ ഡച്ച് പോലീസ് അടുത്തിടെ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. യുകെയിലുള്ളവര്‍ ഒരു വര്‍ഷം ഉപയോഗിക്കുന്ന മുട്ടകളുടെ എണ്ണത്തിന്റെ വെറും 0.007 ശതമാനം മാത്രമാണ് ഏഴ് ലക്ഷം മുട്ടകളെന്നാണ് എഫ്എസ്എ പറയുന്നത്.

ഡച്ചില്‍ നിന്നുമെത്തുന്ന മുട്ടകള്‍ അതേ പടിയല്ല വിറ്റഴിക്കുന്നതെന്നും പകരം നിരവധി ഉല്‍പന്നങ്ങളില്‍ ചേരുവകളാക്കി കലര്‍ത്തിയാണെന്നും അതിനാല്‍ ആപത്തിന്റെ വ്യാപ്തി വളരെയധികമാണെന്നും എഫ്എസ്എ മുന്നറിയിപ്പേകുന്നു. ഇവയില്‍ മിക്കവയും സാന്‍ഡ് വിച്ചുകളിലോ അല്ലെങ്കില്‍ ചില്‍ഡ് ഫുഡുകളിലോ ആണ് ഉപയോഗിക്കുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ മുട്ടകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതിനായി കലര്‍ത്തുന്ന ഫിപ്രോനില്‍ ട്രേസുകള്‍ ആരോഗ്യത്തിന് അത്യധികമായി ആപത്തുണ്ടാക്കുമെന്നാണ് എഫ്എസ്എ മുന്നറിയിപ്പേകുന്നത്.

എന്നാല്‍ ഉപഭോക്താക്കള്‍ക്കായി വില്‍ക്കുന്ന ഷെല്‍ എഗുകളെ ഇത് ബാധിക്കില്ലെന്നാണ് ബ്രിട്ടീഷ് എഗ് ഇന്റസ്ട്രി കൗണ്‍സില്‍ വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ യുകെ റീട്ടെയിലര്‍മാരും ബ്രിട്ടീഷ് ലയണ്‍ ഷെല്‍ എഗുകളാണ് സ്റ്റോക്ക് ചെയ്തിരിക്കുന്നതെന്നും അവ ആപത്തുണ്ടാക്കുന്നവയല്ലെന്നാണ് ടെസ്റ്റുകളിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും ബ്രിട്ടീഷ് എഗ് ഇന്റസ്ട്രി കൗണ്‍സില്‍ പറയുന്നു. ഇത്തരത്തില്‍ വിഷമയമായ 20 ടണ്‍ മുട്ടകള്‍ രാജ്യത്ത് വിറ്റഴിച്ചിരുന്നുവെന്നാണ് രാജ്യത്തെ ഫുഡ് സേഫ്റ്റി അഥോറിറ്റി വെളിപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള മുട്ടകള്‍ ബാധിച്ചിരിക്കുന്ന പത്താമത്തെ രാജ്യമാണ് ഡെന്‍മാര്‍ക്ക്.

റൊമാനിയ, ലക്സംബര്‍ഗ് എന്നിവിടങ്ങളാണ് ഇത്തരം വിഷമയമായ മുട്ട ബാധിച്ച ഉല്‍പന്നങ്ങള്‍ ഏറ്റവും അവസാനമായി കണ്ടെത്തിയിരിക്കുന്നത്. ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, ജര്‍മനി എന്നിവിടങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും മില്യണ്‍ കണക്കിന് മുട്ടകളാണ് ഇതിനെ തുടര്‍ന്ന് പിന്‍വലിച്ചിരിക്കുന്നത്. യുകെയില്‍ സാന്‍ഡ് വിച്ചുകള്‍ , സലാഡുകള്‍, തുടങ്ങിയ ഉല്‍പന്നങ്ങളാണ് സയിന്‍സ്ബറി, മോറിസന്‍സ്, വെയ്റ്റ് റോസ്, അസ്ദ എന്നിവിടങ്ങളില്‍ നിന്നും പിന്‍വലിച്ചിരിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: