വിശ്വാസ തീഷ്ണതയില്‍ നോക്ക് തീര്‍ത്ഥാടനം. പങ്കെടുത്തത് ആയിരങ്ങള്‍…

ഡബ്ലിന്‍ – പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനില്‍കുന്ന നോക്കിലേയ്ക്കുള്ള സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായി. റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലേയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലേയും നാലു സോണുകളിലെ 43 കുര്‍ബാന സെന്ററുകളിലെ ആയിരക്കണക്കിനു വിശ്വാസികള്‍ ഈവര്‍ഷത്തെ നോക്ക് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു.

സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ വിശ്വാസികള്‍ക്കായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നോക്ക് ബസലിക്കായില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. കുര്‍ബാന മധ്യേ അഭിവന്ദ്യ പിതാവ് നല്‍കിയ സന്ദേശത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ‘ദിവ്യകാരുണ്യത്തിന്റെ സഭ’ എന്ന ചാക്രീയ ലേഖനം ഉദ്ധരിച്ചുകൊണ്ട് ഈശോ പരിശുദ്ധ സഭയ്ക്ക് നല്‍കിയ രണ്ട് സമ്മാനങ്ങളാണ് ”ഇതു വാങ്ങി ഭക്ഷിക്കുവി”നെന്ന് പറഞ്ഞ് നല്‍കിയ പരിശുദ്ധ കുര്‍ബാനയും, ”ഇതാ നിന്റെ അമ്മ” എന്നുപറഞ്ഞു നല്‍കിയ പരിശുദ്ധ അമ്മയും എന്ന് പിതാവ് ഓര്‍മ്മിപ്പിച്ചു. ”കാനായിലെ കുറവുകളിലും, കാല്‍ വരിയിലെ കുരിശിലും അമ്മയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു, നമ്മുടെ ജീവിതത്തിന്റെ കുറവുകളിലും, വിഷമതകളിലും പരിശുദ്ധ അമ്മയുടെ സാന്നിധ്യം ഉണ്ട് എന്നബോധ്യമാണു ഒരു ക്രൈസ്തവനു ശക്തിപകരേണ്ടത്” എന്ന് പിതാവ് കൂട്ടിച്ചേര്‍ത്തു.

സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ട് കോര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍, ആഗ്രാ രൂപതയില്‍നിന്നുള്ള ഫാ. ജോര്‍ജ്ജ് മുളവരിക്കല്‍, തീര്‍ത്ഥാടനത്തിന്റെ കോര്‍ഡിനേറ്റര്‍ ഫാ. ജോസ് ഭരണികുളങ്ങര (ഗാല്‍വേ) ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടകാട്ട്, ലിമെറികിലെ സഭാ ചാപ്ലിന്‍ ഫാ. റോബിന്‍ തോമസ് കൂരുമുള്ളില്‍, ഫാ. റെജി ചെരുവങ്കാലായില്‍ (ലോങ്ങ് ഫോര്‍ഡ്), ഫാ. പോള്‍ മോറേലി (ബെല്‍ ഫാസ്റ്റ്). ഫാ. പോള്‍ കോട്ടയ്ക്കല്‍ (സെന്റ് പോള്‍ കോണ്‍ഗ്രിഗേഷന്‍, മൈനൂത്ത്) ഫാ. ഡേവിസ് വടക്കുമ്പന്‍ (നോക്ക്) തുടങ്ങിയവര്‍ സംബന്ധിച്ചു.

ഓള്‍ അയര്‍ലണ്ട് തലത്തില്‍ സ്‌കൂള്‍ ലീവിംഗ് സേര്‍ട്ട്, ജൂനിയര്‍ സെര്‍ട്, GCSE -Northen Ireland പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ജീവന്റെ മാഹാത്മ്യം പ്രഘോഷിച്ചുകൊണ്ട് അഞ്ച് കുട്ടികള്‍ അടങ്ങുന്ന ഡബ്ലിനിന്നുള്ള ബിനു കെ.പി.യുടെ കുടുംബത്തേയും, ടോം വാണിയാപുരയ്ക്കല്‍ കുടുംബത്തേയും ആദരിച്ചു .

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം അയര്‍ലണ്ടിലെ മണ്ണില്‍ മാര്‍ തോമാ നസ്രാണിക്രിസ്ത്യാനികളുടെ വിശ്വാസം പ്രഘോഷിച്ച്, കൊടികളും, പൊന്‍, വെള്ളി കുരിശുകളും നൂറുകണക്കിനു മുത്തുകുടകളുമായി ആയിരക്കണക്കിനു വിശ്വാസികള്‍ പ്രദക്ഷണത്തില്‍ അണിനിരുന്നു.

മുന്നിലെ കുരിശിന്റെ പിന്നിലായി അള്‍ത്താര ശുശ്രൂഷകരായ നൂറുകണക്കിനുകുട്ടികള്‍ പേപ്പല്‍ പതാകയുടെ വര്‍ണ്ണങ്ങളിലുള്ള ബലൂണുകളുമായി അണിനിരന്നു. SMYM ടീഷര്‍ട്ട് ധരിച്ച് പതാകകളേന്തി യുവജനങ്ങളും, സെറ്റു സാരിയും മരിയന്‍ പതാകകളുമായി മാതൃവേദി പ്രവര്‍ത്തകരും, കൊടികളേന്തിയ കുട്ടികളും, കേരളതനിമയില്‍ മുണ്ടുടുത്ത് മുത്തുകുടകളുമായി പിതൃവേദി പ്രവര്‍ത്തകരും, ആദ്യകുര്‍ബാന സ്വീകരച്ച വേഷത്തില്‍ കുട്ടികളും പ്രദക്ഷിണത്തെ വര്‍ണ്ണാഭമാക്കി.

കേരള സഭയുടെ എല്ലാ വിശുദ്ധരുടേയും തിരുസ്വരൂപങ്ങള്‍ക്കൊപ്പം നോക്കിലെ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകോണ്ട് ജപമാല ചൊല്ലി നോക്കിലെ ബസലിക്കായില്‍നിന്ന് ആരംഭിച്ച പ്രദക്ഷിണം മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തില്‍ സമാപിച്ചു.

അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭായോഗവും, സോണല്‍ കമ്മറ്റികളും കുര്‍ബാന സെന്ററുകളിലെ കമ്മറ്റികളും തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. അടുത്തവര്‍ഷത്തെ നോക്കി ലേക്കുള്ള മരിയന്‍ തീര്‍ത്ഥാടനം 2020 മെയ് 16 ശനിയാഴ്ച നടക്കും.

Share this news

Leave a Reply

%d bloggers like this: