വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ഇന്ന് ഓശാന ഞായര്‍; അയര്‍ലണ്ടിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക തിരുകര്‍മ്മങ്ങള്‍…

കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ് യേശുദേവന്‍ കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. എളിമയുടെയും ലാളിത്യത്തിന്റെയും പ്രതീകമായി കഴുതപ്പുറത്തേറി വന്ന യേശുവിനെ രക്ഷകനായി കണ്ട് ജനം ആഹ്ളാദാരവത്തോടെ സ്വീകരിക്കുകയായിരുന്നു. ഹോശന എന്ന എബ്രായ പദത്തിന്റെ അര്‍ഥം സ്തുതിപ്പ് എന്നാണ്. ഇതിന്റെ ഭാഷാന്തര രൂപമാണ് ഓശാന. വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചും ഒലിവ് മരച്ചില്ലകള്‍ കൈകളില്‍ വഹിച്ചും സ്തുതിപ്പുകളോടെയാണ് ജനം യേശുവിനെ വരവേറ്റത്.

ഇതിന്റെ സ്മരണ പുതുക്കി അയര്‍ലണ്ടിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. കുരുത്തോല ആശീര്‍വദിക്കല്‍, പ്രദക്ഷിണം, വേദ വായനകള്‍, കുര്‍ബാന എന്നിവയുണ്ടാവും. പീഡാനുഭവ വാരത്തിന്റെ തുടക്കവും ഓശാന ഞായറിലാണ്. അയര്‍ലണ്ടിലെ വിവിധ പള്ളികളില്‍ ഓശാന പെരുന്നാളിനോട് അനുബന്ധിച്ച് പ്രത്യേക പ്രാര്‍ഥനയും കുരുത്തോല പ്രദക്ഷിണവും നടത്തപെടും.

യേശുവും ശിഷ്യന്മാരും ജറുസലേമില്‍ വന്ന ദിവസത്തെയാണ് ഓശാന ഞായര്‍ അഥവാ പാം സണ്‍ഡേ എന്ന് അറിയപ്പെടുന്നത്. യേശുവും ശിഷ്യന്മാരും ജറുസലേമില്‍ എത്തിയപ്പോള്‍ ആബാലവൃദ്ധം ജനങ്ങളും വഴിയോരത്ത് തടിച്ചു കൂടി ഓശാന (ഞങ്ങളെ രക്ഷിക്കൂ) എന്ന് വിളിച്ചു പറഞ്ഞതിനാലാണ് ഈ ദിവസത്തെ ഓശാന ഞായര്‍ എന്ന് വിളിക്കുന്നതെന്നാണ് വിശ്വാസം. ഓശാന എന്നാല്‍, ആപത്തില്‍ നിന്ന് രക്ഷിക്കൂ എന്നാണ് അര്‍ത്ഥമാക്കുന്നത്.

യേശു ജറുസലേമിലേക്ക് കടന്നുവന്നപ്പോള്‍ സൈത്തിന്‍ കൊമ്പുകള്‍ ആടിയുലഞ്ഞ് ദൈവപുത്രനെ സ്വാഗതം ചെയ്തു എന്നാണ് വിശ്വസിക്കുന്നത്. അങ്ങനെ ഈ പുണ്യദിനത്തിന് പാം സണ്‍ഡേ എന്ന പേരും ലഭിച്ചു. മലയാളികള്‍ ഈ ദിനത്തെ കുരുത്തോല പെരുന്നാള്‍ എന്ന പേരിലും വിശേഷിപ്പിക്കുന്നു.

അന്ത്യ അത്താഴത്തിന്റെ അനുസ്മരണമായി വ്യാഴാഴ്ച പെസഹ ആചരിക്കും. പള്ളികളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും വീടുകളില്‍ പുളിപ്പില്ലാത്ത അപ്പം മുറിക്കലും നടക്കും. പിറ്റേന്ന് കുരിശുമരണത്തിന്റെ ഓര്‍മകള്‍ പുതുക്കുന്ന ദുഃഖവെള്ളിയാണ്. പള്ളികളില്‍ പീഡാനുഭവ വായനകളും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണങ്ങളും നടക്കും. ഏപ്രില്‍ 21 ഞായറാഴ്ച ഉയിര്‍പ്പുതിരുനാള്‍ ആഘോഷത്തോടെ 50 നോമ്പാചരണത്തിന് പരിസമാപ്തിയാകും.

Share this news

Leave a Reply

%d bloggers like this: