വിശപ്പടക്കാന്‍ മണ്ണ്; തിരുവനന്തപുരത്ത് പട്ടിണി മാറ്റാന്‍ ‘അമ്മ മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി

തിരുവനന്തപുരം: കടുത്ത പട്ടിണിയെ തുടര്‍ന്ന് ‘അമ്മ മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി. തിരുവനന്തപുരത്തെ കൈതമുക്കിലാണ് സംഭവം. ഇവര്‍ റെയില്‍വേ പുറമ്പോക്കിലാണ് കഴിയുന്നത്. ഭക്ഷണം കഴിക്കാനില്ലാതെ വന്നപ്പോള്‍ കുട്ടികള്‍ മണ്ണ് തിന്ന് വിശപ്പടക്കുകയിരുന്നു. സംഭവം നേരത്തെ തന്നെ പരാതിയായി അധികൃതരുടെ മുമ്പിലെത്തിയിരുന്നു. ആറ് മക്കളില്‍ നാലു പേരെയാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തിരിക്കുന്നത്. മറ്റ് രണ്ടു കുട്ടികള്‍ക്ക് മൂന്ന് മാസവും ഒന്നര വയസ്സുമാണ് പ്രായം. ഇവരെ അമ്മയ്ക്കരികില്‍ നിര്‍ത്തേണ്ടതുണ്ട് എന്നതിനാലാണ് ഏറ്റെടുക്കാതിരുന്നത്.

ഇവരെ നോക്കാന്‍ കഴിയാത്ത അവസ്ഥ വരികയാണെങ്കില്‍ ഏറ്റെടുക്കാമെന്ന വിവരം ശിശുക്ഷേമ സമിതി അറിയിച്ചിട്ടുണ്ട്. തൈക്കാട് അമ്മത്തൊട്ടിലാണ് കുട്ടികളെ ഏറ്റെടുത്തിരിക്കുന്നത്. ബന്ധുക്കള്‍ക്ക് കുട്ടികളെ കാണാന്‍ തടസ്സങ്ങളില്ല. 18 വയസ്സു വരെ കുട്ടികള്‍ ഇവിടെയാണ് വളരുക. അച്ഛനും അമ്മയും ആറ് മക്കളുമാണ് ടാര്‍പോളിന്‍ കെട്ടിമറച്ച വീട്ടിനുള്ളില്‍ കഴിയുന്നത്. കുട്ടികളുടെ അച്ഛന്റെ കൂലിവേലയില്‍ നിന്നുള്ള വരുമാനം മാത്രമാണ് ഇവരുടെ ആശ്രയം. ഇവര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുമെന്ന് നഗരസഭാ മേയര്‍ ശ്രീകുമാര്‍ അറിയിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളില്‍ നഗരസഭ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: