‘വിശപ്പടക്കാനുള്ള വഴി പറയൂ’: തലയോട്ടിയേന്തി കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി പാര്‍ലമെന്റിലേക്ക് കര്‍ഷകമാര്‍ച്ച്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമേന്തി നഗ്‌നരായാണ് തമിഴ്നാട്ടില്‍ നിന്നുള്ള ചില കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. അഖിലേന്ത്യാ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ ഒരു ലക്ഷത്തോളം കര്‍ഷകരാണ് പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ചില്‍ അണിചേര്‍ന്നത്.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, വിളകള്‍ക്ക് ന്യായവില ഏര്‍പ്പെടുത്തുക, മാസം 5,000 രൂപ പെന്‍ഷന്‍ നല്‍കുക എന്നിവയാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍. കടബാധ്യതയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത രണ്ടു കര്‍ഷകരുടെ തലയോട്ടികളുമായാണ് തമിഴ്നാട്ടില്‍ നിന്ന് 1,200-ഓളം പേര്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നത്. ഇവര്‍ ചിലര്‍ നഗ്‌നരായി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. തമിഴ്നാട്ടിന് പുറമെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാണ, കേരളം എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും കര്‍ഷകര്‍ എത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ പിന്തുണയുമായി വെള്ളിയാഴ്ച സമരവേദിയിത്തും. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷികവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടുന്നതിന്റെ ഭാഗമായാണ് രണ്ടുദിവസത്തെ കര്‍ഷകമാര്‍ച്ച്. ഡല്‍ഹിയിലെ നിസാമുദീന്‍, ബിജ്വാസന്‍, സബ്ജി മണ്ഡി, ആനന്ദ് വിഹാര്‍ എന്നിവിടങ്ങളില്‍നിന്നാണ് പദയാത്രകള്‍ എത്തിയത്.

തലസ്ഥാന നഗരിയില്‍ പലയിടങ്ങളിലും ഗതാഗതം സ്തംഭിപ്പിച്ചു കൊണ്ടാണ് പദയാത്ര. കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്‌ളെ, ജോയന്റ് സെക്രട്ടറി വിജു കൃഷ്ണന്‍, ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, സാമൂഹികപ്രവര്‍ത്തകരായ മേധാ പട്കര്‍, അരുണ റോയ് തുടങ്ങിയവര്‍ വിവിധ പദയാത്രകള്‍ക്ക് നേതൃത്വം നല്‍കി. ജെ.എന്‍.യു, ഡല്‍ഹി സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഐക്യദാര്‍ഢ്യവുമായി എത്തി.

സി.പി.എം. കര്‍ഷകസംഘടനയായ അഖിലേന്ത്യാ കിസാന്‍സഭ, യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ എന്നിവയാണ് കര്‍ഷകറാലി നയിക്കുന്ന പ്രധാന സംഘടനകള്‍. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷാവലയത്തിലാണ് ഡല്‍ഹി. ആയിരത്തിലേറെ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ എത്തിയ കര്‍ഷകര്‍ക്ക് സഹായവും പിന്തുണയുമായി നിരവധി സംഘടനകളും വ്യക്തികളും ആം ആദ്മി പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് എത്തിയിരുന്നു. കര്‍ഷകര്‍ക്ക് താമസസൗകര്യം ഏര്‍പ്പാടാക്കാനും പലരും സന്നദ്ധരായി. ചില നേതാക്കള്‍ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം തന്നെ രാംലീല മൈതാനിയിലാണ് വ്യാഴാഴ്ച രാത്രി തങ്ങിയത്. കര്‍ഷകര്‍ക്ക് ഉപയോഗിക്കാനായി വെള്ളം ഡല്‍ഹി ജല വകുപ്പ് ഏര്‍പ്പാടാക്കിയിരുന്നു. ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ കര്‍ഷകര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍,കലാകാരന്മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും കര്‍ഷകര്‍ക്ക് സഹായവും പിന്തുണയുമായി എത്തിയിരുന്നു.

 

എ എം

Share this news

Leave a Reply

%d bloggers like this: