വിവാഹമാര്‍ക്കറ്റില്‍ രക്ഷിതാക്കളുടെ ഹൃദയമിടിപ്പ് കൂട്ടി സ്വര്‍ണ്ണ വില കുതിക്കുന്നു

കല്യാണ സീസണ്‍ എത്തുമ്പോള്‍ സ്വര്‍ണ്ണ വില കുത്തനെ കൂടുകയാണ്. പെണ്‍മക്കളുള്ള രക്ഷിതാക്കളുടെ ഹൃദയമിടിപ്പ് കൂടി തുടങ്ങി. 24,000 ത്തില്‍ നിന്ന് വില താഴേക്ക് എത്തുന്നില്ല. സ്വര്‍ണ്ണ വില ഗ്രാമിന് 3050 രൂപയായി. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്.ഗ്രാമിന് 3030 രൂപയാണ് ഇതിനു മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. ഇതോടെ ഒരു പവന്റെ വില ഇന്ന് 24,400 രൂപയായി. അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഉയരുന്നതാണ് ഇന്ത്യയിലെ വന്‍ വിലക്കയറ്റത്തിന് കാരണം

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയില്‍ സ്വര്‍ണ്ണ വില കുതിക്കുകയായിരുന്നു. രാജ്യാന്തര മാര്‍ക്കറ്റില്‍ ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില ഇന്ന് 1304 ഡോളറിലെത്തി. ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് കാര്യമായി ഉയര്‍ന്നതാണ് വില കൂടാന്‍കാരണമായത്. ഉത്സവ വിവാഹ സീസണായതിനാല്‍ സ്വര്‍ണ്ണക്കടകളില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. സ്വര്‍ണ്ണത്തിന്റെ അവധി വ്യാപാരത്തിലും ഇന്ന് വില നല്ല തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 10 ഗ്രാമിന്റെ വിലയില്‍ 345 രൂപയുടെ കുതിപ്പാണ് പ്രകടമായത്. അന്താരാഷ്ട്ര വിപണിയിലും 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ നിരക്ക് 54 ഡോളര്‍ കൂടി,1304 ഡോളര്‍ നിരക്കിലെത്തി.വിവാഹ ഉത്സവ സീസണായതോടെ വിപണിയില്‍ സ്വര്‍ണ്ണത്തിന് ആവശ്യക്കാര്‍ കൂടിയതാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്.

ഇതിന് മുന്‍പ് സ്വര്‍ണ്ണവില റെക്കോര്‍ഡിലെത്തിയത് 2012ഫെബ്രുവരി 27നാണ്. അന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില 1885 ഡോളറായിരുന്നു.പക്ഷേ ഡോളറിനെതിരെ രൂപയുടെ മൂല്യം 55 രൂപയായിരുന്നു. ഇന്ന് വിപണിയില്‍ സ്വര്‍ണ്ണവില 1304 ഡോളറാണ് ,പക്ഷേ ഡോളറിന്റെ മൂല്യം 71 രൂപയും. രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ ഇനിയും വില കൂടുമെന്ന് അര്‍ത്ഥം. തങ്കക്കട്ടിയുടെ ലഭ്യത പ്രാദേശിക വിപണിയില്‍ കുറവെന്നാണ് വ്യാപാരികള്‍ പറയുന്നത്. രാജ്യത്ത് മുന്‍വര്‍ഷങ്ങളില്‍ 1000 ടണ്‍ ഇറക്കുമതി ചെയ്തിരുന്ന സ്വര്‍ണ്ണം ഇപ്പോള്‍ 750 മുതല്‍ 800 ടണ്‍ വരെയായി ഇടിഞ്ഞിട്ടുണ്ട്. നോട്ട് നിരോധനവും,ജിഎസ്ടിയെയും തുടര്‍ന്നുള്ള മാന്ദ്യമാണ് കാരണമായി പറയുന്നത്. ഒപ്പം ബാങ്കുകളും, ഗ്രേ മാര്‍ക്കറ്റുകളും സ്വര്‍ണ്ണം വില്‍പനക്ക് പണ്ടത്തെ പോലെ തയ്യാറാകുന്നില്ല.ദിനംപ്രതി ഉയരുന്ന സ്വര്‍ണ്ണവില തന്നെ കാരണം. പക്ഷേ നേരായ രീതിയിലെ ഇറക്കുമതി അല്ലാതെ അന്വേഷണ ഏജന്‍സികളുടെ കണ്ണ് വെട്ടിച്ച് നികുതി നല്‍കാതെ കള്ളക്കടത്ത് വഴി സ്വര്‍ണ്ണം വിപണിയിലെത്തുന്നുണ്ട്.

ഒപ്പം അടുത്ത ദിവസങ്ങളില്‍ അമേരിക്കയുടെ റിസര്‍വ്വ് ബാങ്കായ ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്ക് പ്രഖ്യാപിക്കാനിരിക്കുകയാണ്. നിരക്കില്‍ മാറ്റമുണ്ടായാല്‍ അതും ഡോളറിന്റെ മൂല്യത്തെ ബാധിക്കും. അതിനാല്‍ നിലവിലെ സൂചനകള്‍ സ്വര്‍ണ്ണം നിക്ഷേപമായി കരുതുന്നവര്‍ക്ക് സന്തോഷം നല്‍കുന്നവയാണ്. പക്ഷേ സ്വര്‍ണ്ണമില്ലാതെ കല്ല്യാണ ആഘോഷങ്ങള്‍ ആലോചിക്കാനാകാത്ത ശരാശരി മലയാളി കുടുംബങ്ങള്‍ക്ക് നിരാശയും.

Share this news

Leave a Reply

%d bloggers like this: