വിവാദ വെളിപ്പെടുത്തലുകള്‍ അടങ്ങിയ ഡയാന രാജകുമാരിയുടെ അഭിമുഖം പുറത്തുവിട്ടു

ഡയാന രാജകുമാരിയുടെ വിവാദ വെളിപ്പെടുത്തലുകള്‍ അടങ്ങിയ അഭിമുഖ ഭാഗങ്ങള്‍ ബ്രിട്ടനിലെ ചാനല്‍ 4 പുറത്തുവിട്ടു. ഇതാദ്യമായാണ് യുകെയില്‍ അഭിമുഖം സംപ്രേഷണം ചെയ്യുന്നത്. ഡയാന കാറപകടത്തില്‍ മരിച്ചിട്ട് 31ന് 20 വര്‍ഷമാകും.

അംഗരക്ഷകനുമായുള്ള ബന്ധമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ഉദാത്തമായ സ്നേഹം എന്ന് ഡയാന പറയുന്നു. ചാള്‍സ് രാജകുമാരനുമായുള്ള വിവാഹബന്ധം തുടക്കംമുതല്‍ അതൃപ്തി നിറഞ്ഞതായിരുന്നു. വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷമാണു താന്‍ യഥാര്‍ഥ പ്രണയം അറിഞ്ഞത്. ‘എനിക്ക് 24-25 വയസ്സുള്ളപ്പോള്‍ ഇവിടെ ജോലിയെടുത്തിരുന്ന ഒരാളുമായി ഞാന്‍ അഗാധ പ്രണയത്തിലായി. പക്ഷേ, അതോടെ അദ്ദേഹത്തെ പിരിച്ചുവിട്ടു. പിന്നീട് കൊന്നുകളഞ്ഞു. അദ്ദേഹമായിരുന്നു എന്റെ ഏറ്റവും വലിയ സ്നേഹം.’

പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ബാരി മാനക്കി 1980കളില്‍ ഒരുവര്‍ഷത്തോളം ഡയാനയുടെ അംഗരക്ഷനായിരുന്നു. പിന്നീട് അദ്ദേഹത്തെ കൊട്ടാരത്തില്‍ നിന്നു സ്ഥലംമാറ്റി. 1987ല്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ കാറിടിച്ചു മരിക്കുകയും ചെയ്തു.

വിവാഹത്തിന് മുന്‍പ് ആകെ 13 തവണ മാത്രമാണു താന്‍ ചാള്‍സിനെ കണ്ടിട്ടുള്ളത്. അക്കാലത്തു ‘ചിലപ്പോള്‍ ദിവസവും ഫോണ്‍ ചെയ്യും. പിന്നീട് ആഴ്ചകളോളം വിളിക്കാതിരിക്കും. പ്രേമബന്ധത്തിന്റെ കാര്യത്തില്‍ ഒരു സ്ഥിരതയുമില്ലാത്ത ആള്‍’, തുടക്കത്തിലെ പ്രേമം ആറിത്തണുത്തതോടെ തങ്ങളുടേത് വികാരരഹിതമായ ദാമ്പത്യമായി മാറി. 1992-93 കാലഘട്ടത്തില്‍ പീറ്റര്‍ സെറ്റ്ലന്‍ എന്നയാള്‍ ചിത്രീകരിച്ച സ്വകാര്യ സംഭാഷണം പിന്നീടു ‘ഡയാന സ്വന്തം വാക്കുകളില്‍’ എന്ന ഡോക്യുമെന്ററിയില്‍ ചേര്‍ക്കുകയായിരുന്നു. മുപ്പത്തിയാറാം വയസ്സില്‍ 1997 ഓഗസ്റ്റ് 31ന് പാരിസില്‍ കാറപകടത്തിലാണു ഡയാന മരിച്ചത്. ഞായറാഴ്ച വൈകിട്ടു സംപ്രേഷണം ചെയ്ത അഭിമുഖം 35 ലക്ഷം പേര്‍ കണ്ടു.

അതേസമയം ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയതാണെന്ന് ബ്രിട്ടീഷ് പൊലീസ് തന്നോടു പറഞ്ഞതായി അപകടത്തില്‍ മരിച്ച ഡ്രൈവറുടെ വയോധികനായ പിതാവ് വെളിപ്പെടുത്തിയിരുന്നു. കാര്‍ ഓടിച്ചിരുന്ന മകന്‍ നഷ്ടപ്പെട്ടത് ആകസ്മികമായാണെന്നും ഇതിന്റെ ചുരുള്‍ അഴിയുന്നതിനു മുമ്പു താന്‍ മരിച്ചേക്കുമെന്നുമാണ് ഡ്രൈവര്‍ ഹെന്‍ട്രി പോളിന്റെ പിതാവ് പോള്‍(85) ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പാരീസിലെ റിറ്റ്സ് ഹോട്ടലിന്റെ സുരക്ഷാവിഭാഗം മേധാവിയാണ് ഇദ്ദേഹം.

ഡയാനക്കൊപ്പം കാറിലുണ്ടായിരുന്ന ഡോദി അല്‍ഫയദും മരിച്ചിരുന്നു. ‘ഇത് ആസുത്രിതമായി നടത്തിയ കൊലപാതകമാണ്. ഇതില്‍ മകനു പങ്കില്ലെന്ന് എനിക്കു നൂറുശതമാനം ഉറപ്പുണ്ട്. അവര്‍ വളരെ ആദരണീയനും സത്യസന്ധനുമായിരുന്നു. ഭരണകൂടമാണു കൊലപാതകത്തിനു പിന്നിലുള്ളത്’. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം നടത്തിയെങ്കിലും മദ്യപിച്ചു വാഹനമോടിച്ച മകന്റെ കുഴപ്പംകൊണ്ടാണ് അപകടമെന്നാണു കണ്ടെത്തലെന്ന് അദ്ദേഹം പറഞ്ഞു. ഇതു കൊലപാതകമാണെന്ന് അറിയാവുന്നവര്‍ സ്‌കോട്ട്ലന്‍ഡ് യാര്‍ഡിലുണ്ടെന്ന് ഡെയ്ലിമിററിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അവകാശപ്പെട്ടു. .’എന്താണു സംഭവിച്ചതെന്ന് യഥാര്‍ഥത്തില്‍ അറിയാനാകുമെന്ന പ്രതീക്ഷയില്ല. ചിലപ്പോള്‍ മുപ്പതോ അന്‍പതോ വര്‍ഷം കഴിയുമ്പോള്‍ സത്യം പുറത്തു വരാം. മരിക്കുന്നതിനു മുമ്പ് അറിയണമെന്ന് ആഗ്രഹമുണ്ട്. ഇതു സംഭവിക്കുമെന്നു കരുതുന്നില്ല’അദ്ദേഹം പറഞ്ഞു.

മകന്‍ മദ്യപിച്ചിരുന്നെന്നു സ്ഥാപിക്കാന്‍ രക്തസാമ്പിള്‍ നശിപ്പിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തു. അന്ന് ഇരുപതില്‍പരം പോസ്റ്റ്മോര്‍ട്ടം ആശുപത്രിയില്‍ നടന്നതിനാല്‍ ഇത് എളുപ്പമായിരുന്നു.അങ്ങനെ സംഭവിച്ചെന്നാണു കരുതുന്നത്.അദ്ദേഹം വ്യക്തമാക്കി. രാജകുമാരിയുടെ മരണം സംബന്ധിച്ച് പല ഗൂഢാലോചക്കഥകളും പ്രചരിച്ചിട്ടുണ്ട്. ഇതു കൊലപാതകമാണെന്ന സംശയം ഡോദി അല്‍ഫയദിന്റെ പിതാവ് മുഹമ്മദ് അല്‍ ഫയദ് പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍, ഡ്രൈവര്‍ മദ്യപിച്ചതിനെത്തുടര്‍ന്നുണ്ടായ അശ്രദ്ധയാണു കാരണമെന്ന് 2008ലെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സീറ്റ്ബെല്‍റ്റിന്റെ അഭാവവും ഇതിനു വഴിതെളിച്ചെന്നുമായിരുന്നു നിഗമനം. എസ്.എ.എസ്. സംഘത്തെ ഉപയോഗിച്ച് കൊട്ടാരത്തിലെ രഹസ്യഏജന്‍സി കൊലപാതകം നടത്തിയെന്ന ആരോപണത്തിനു വിശ്വസനീയമായ തെളിവില്ലെന്നു കണ്ടെത്തിയിരിന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: