വിവാദങ്ങള്‍ക്കിടയില്‍ തെരേസ വടക്കന്‍ അയര്‍ലണ്ടിലേക്ക്: നോര്‍ത്തില്‍ ബ്രെക്‌സിറ്റിനെതിരെ പ്രതിഷേധം ശക്തിയാര്‍ജ്ജിക്കുന്നു

ബെല്‍ഫാസ്റ്റ് : ബ്രെക്‌സിറ്റ് വിവാദങ്ങള്‍ തുടരുന്നതിനിടയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രണ്ട് ദിവസത്തെ വടക്കന്‍ അയര്‍ലന്‍ഡ് സന്ദര്‍ശനം നടത്തും. തെരേസക് പിന്തുണയുള്ള ഡി.യു.പി യുമായി നടക്കുന്ന ചര്‍ച്ചകളുടെ ഭാഗമാണ് ഈ സന്ദര്‍ശനം. ബ്രിട്ടന്‍ ഹാര്‍ഡ് ബോര്‍ഡര്‍ എന്ന തീരുമാനത്തിലേക്ക് നീങ്ങുന്നു എന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെ വടക്കന്‍ അയര്‍ലണ്ടില്‍ പ്രതിഷേധങ്ങള്‍ അലയടിച്ചു തുടങ്ങി.

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വടക്കുകാര്‍ക്ക് യൂണിയനില്‍ നിലനിന്ന അവകാശങ്ങള്‍ പിന്‍വലിക്കപ്പെടുമെന്ന ഭീതി പരന്നതോടെ തെരേസ മെയ്‌ക്കെതിരെ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കുക എന്ന ലക്ഷ്യവും മുന്‍പില്‍ കണ്ടാണ് അവര്‍ വടക്കന്‍ അയര്‍ലണ്ടിലെത്തുന്നത്. തെരേസയെ പിന്തുണയ്ക്കുന്ന അര്‍ലീന്‍ ഫോസ്റ്റര്‍ സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും തുടച്ചുമാറ്റുമെന്ന് മുദ്രാവാക്യങ്ങള്‍ ബെല്‍ഫാസ്റ്റില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കാം.

അതിര്‍ത്തി പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളും ബെല്‍ഫാസ്റ്റില്‍ നടക്കുമെന്നാണ് സൂചന. യൂറോപ്യന്‍ യൂണിയന്‍ എന്നതിലുപരി തെക്കന്‍ അയര്‍ലന്‍ഡുമായി വടക്കുകാര്‍ക്കുള്ള വംശീയ ബന്ധങ്ങള്‍ അറ്റുപോകുന്ന തരത്തിലുള്ള ബ്രെക്‌സിറ്റിനെ വടക്കുകാര്‍ ഒരിക്കലും അംഗീകരിക്കില്ല. ഉത്തര അയര്‍ലണ്ടില്‍ നല്ലൊരു വിഭാഗം തെക്കുമായി ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നവരാണ്. അതിലുപരി അതിര്‍ത്തി പ്രദേശങ്ങളില്‍ തെക്കു- വടക്ക് ആശ്രയത്വം വളരെ കൂടുതലുമാണ്. ഇവിടെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപെടുന്നത് അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് വന്‍ തിരിച്ചടിയാകും.

അതിര്‍ത്തികള്‍ക്കിടയിലുള്ള വിപണി ഇല്ലാതാകുന്നത് ഇവരുടെ ജീവനോപാധിയെ പോലും ബാധിക്കും. മെയ് സര്‍ക്കാര്‍ പുറത്തിറക്കിയ ബ്രെക്‌സിറ്റ് കരാറുകള്‍ തീര്‍ത്തും ജനവിരുദ്ധ നടപടിയായി തുടര്‍ന്നാല്‍ ഭാവിയില്‍ തെക്കു- വടക്കന്‍ അയര്‍ലന്‍ഡുകള്‍ മറ്റൊരു ഹിത പരിശോധനിയിലൂടെ ഒന്നാകാനുള്ള സാധ്യത വിദൂരമല്ല. അത്തരം ഒരു ജനവികാരം പിടിച്ചു നിര്‍ത്താനുള്ള രാഷ്ടീയ തന്ത്രംകൂടിയാണ് തെരേസയുടെ ഇപ്പോഴത്തെ വടക്കന്‍ സന്ദര്‍ശനം.

ഡികെ

Share this news

Leave a Reply

%d bloggers like this: