വിഴിഞ്ഞം അദാനിക്ക് നല്‍കാന്‍ മന്ത്രി സഭായോഗ തീരുമാനം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിനുള്ള കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അരുവിക്കര ഉപതിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിയോടെ പിന്നീട് മാത്രമെ ഇതു സംബന്ധിച്ച പ്രഖ്യാപനം സര്‍ക്കാര്‍ നടത്തുകയുള്ളൂ.

മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ അദാനിക്ക് ലെറ്റര്‍ ഒഫ് അവാര്‍ഡ് കൈമാറും. അതിനു ശേഷം പദ്ധതി നടത്തിപ്പിന് നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) രൂപീകരിക്കും. ഇപ്പോള്‍ കരാര്‍ ഒപ്പിട്ടാല്‍ പദ്ധതിയുടെ രൂപരേഖയ്ക്ക് അന്തിമരൂപം നല്‍കല്‍ അടക്കമുള്ള പ്രാരംഭ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സെപ്തംബറോടെ നിര്‍മ്മാണം തുടങ്ങാന്‍ കഴിയും.

ഭൂമി വില അടക്കമുള്ള 7525 കോടി രൂപയുടെ പദ്ധതിയുടെ ആദ്യ ഘട്ടം നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. 2454 കോടി രൂപ അദാനി ഗ്രൂപ്പ് ചെലവഴിക്കണം. വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ് ) അനുസരിച്ച് 1635 കോടി രൂപയുടെ പകുതി വീതം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കും. ഇതിനു പുറമേയുള്ള ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം. 40 വര്‍ഷത്തേക്കാണ് കരാര്‍.

Share this news

Leave a Reply

%d bloggers like this: