വിമാനത്തില്‍ ചോദിച്ച സീറ്റ് കൊടുത്തില്ല; ശിവസേന എംപി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പുകൊണ്ടടിച്ചു

ശിവസേന എംപി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പുകൊണ്ടടിച്ചു. സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദാണ് എയര്‍ ഇന്ത്യ ജീവനക്കാരനെ ആക്രമിച്ചത്. ദില്ലി- പൂനെ വിമാനത്തിലായിരുന്നു സംഭവം. ബിസിനസ് ക്ലാസിനു പകരം എക്കണോമി ക്ലാസില്‍ ഇരുത്തിയതില്‍ കുപിതനായാണ് ഗേയ്ക്ക് വാദ് എയര്‍ ഇന്ത്യാ ജീവനക്കാരനെ ചെരിപ്പൂരിയടിച്ചത്.

പൂണെ-ഡല്‍ഹി എ 1-852 വിമാനത്തില്‍ എംപി ഓപ്പണ്‍ ബിസിനസ് ക്ലാസ് ടിക്കറ്റാണ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ എക്കണോമി ക്ലാസ് മാത്രമുള്ള വിമാനമാണ് ഇന്ന് സര്‍വീസ് നടത്തിയത്. ഇക്കാര്യം എംപിയുടെ ഓഫീസില്‍ ബുധനാഴ്ച അറിയിച്ചിരുന്നതായും കുഴപ്പമില്ലെന്ന് അവര്‍ മറുപടി നല്‍കിയിരുന്നതായുമാണ് എയര്‍ ഇന്ത്യ പറയുന്നത്.

എന്നാല്‍ പൂണെയില്‍ നിന്നും കയറിയ എംപി ഡല്‍ഹിയിലെത്തിയപ്പോള്‍ വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കിയില്ല. വ്യോമയാന മന്ത്രിയും എയര്‍ ഇന്ത്യാ ചെയര്‍മാനും മാപ്പു പറഞ്ഞെങ്കില്‍ മാത്രമെ ഇറങ്ങുകയുള്ളുവെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതറിഞ്ഞ് എംപിയോട് സംസാരിക്കാനെത്തിയ ഡ്യൂട്ടി മാനേജരെയാണ് എംപി ചെരുപ്പൂരി അടിച്ചത്. നിരവധി തവണ എംപി മാനേജരെ അടിച്ചതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. തനിക്ക് നിരവധി തവണ എയര്‍ഇന്ത്യാ അധികൃതരില്‍ നിന്നും സമാന സംഭവമുണ്ടായെന്നും ഇക്കാര്യം ചോദിച്ചപ്പോള്‍ തന്റെ നിയന്ത്രണം വിട്ടത് കൊണ്ടാണ് ഇയാളെ അടിച്ചതെന്നും ഗെയ്ക്ക്വാദ് മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ നിന്നുള്ള എംപിയാണ് ഗെയ്ക്ക് വാദ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: