വിമാനത്തിലെ ലൈംഗികാതിക്രമം; ഇന്ത്യക്കാരന് അമേരിക്കയില്‍ തടവുശിക്ഷ, നാടുകടത്താനും ഉത്തരവ്

വാഷിങ്ടണ്‍: വിമാനത്തില്‍ സഹയാത്രികയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഇന്ത്യക്കാരന് അമേരിക്കയില്‍ ജയില്‍ശിക്ഷ. തമിഴ്നാട് സ്വദേശിയും അമേരിക്കയില്‍ ഐടി ജീവനക്കാരനുമായ പ്രഭു രാമമൂര്‍ത്തിയെ(35)യാണ് ഡിട്രോയിറ്റിലെ ഫെഡറല്‍ കോടതി ഒമ്പത് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. തടവുശിക്ഷ പൂര്‍ത്തിയാക്കിയാല്‍ ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനും കോടതി ഉത്തരവിട്ടു.

2018 ജനുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ലാസ് വെഗാസില്‍നിന്ന് ഡിട്രോയിറ്റിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികയ്ക്ക് നേരേ പ്രഭു രാമമൂര്‍ത്തി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. ഭാര്യയോടൊപ്പം വിമാനത്തില്‍ യാത്രചെയ്യുന്നതിനിടെ തൊട്ടടുത്ത സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്ന യുവതിയെ ഇയാള്‍ ഉപദ്രവിച്ചെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. പ്രഭു രാമമൂര്‍ത്തി തന്റെ പാന്റ്സ് വലിച്ചൂരാന്‍ ശ്രമിച്ചെന്നും ശാരീരകമായി ഉപദ്രവിച്ചെന്നും പോലീസിനോട് പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് ആദ്യം വിമാനത്തിലെ ജീവനക്കാരോടും പിന്നീട് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷനിലും യുവതി പരാതി നല്‍കി. തുടര്‍ന്ന് പ്രഭു രാമമൂര്‍ത്തിയെ അറസ്റ്റ് ചെയ്യുകയും ആഗസ്റ്റ് മുതല്‍ കേസില്‍ വിചാരണ ആരംഭിക്കുകയും ചെയ്തു.

പ്രതിക്കെതിരെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ശക്തമായ തെളിവുകളാണ് കോടതിയില്‍ സമര്‍പ്പിച്ചത്. വിമാനയാത്രക്കിടെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പരമാവധി ശിക്ഷനല്‍കണമെന്നും കോടതിയില്‍ വാദമുയര്‍ന്നു. തമിഴ്നാട് സ്വദേശിയായ പ്രഭു രാമമൂര്‍ത്തി ബിരുദപഠനത്തിന് ശേഷമാണ് അമേരിക്കയില്‍ ജോലിക്കെത്തുന്നത്. 2015ല്‍ എച്ച്1 ബി വിസയില്‍ അമേരിക്കയില്‍ എത്തിയ ഇയാള്‍ പിന്നീട് ഭാര്യയെയും കൊണ്ടുവന്നു.

Share this news

Leave a Reply

%d bloggers like this: