വിമാനത്താവളത്തില്‍ പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ പോയി; കൂടെ ഒരു കുറിപ്പും

 

അരിസോണ: എയര്‍പോര്‍ട്ടിനകത്തേക്ക് കയറിപ്പോയപ്പോള്‍ പൂര്‍ണ്ണ ഗര്‍ഭിണി. തിരിച്ചിറങ്ങിയപ്പോള്‍ പ്രസവം കഴിഞ്ഞിരിക്കുന്നു. കയ്യിലാണെങ്കില്‍ നവജാത ശിശു ഇല്ല. ടക്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരീക്ഷണ കാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.

വിമാനത്താവളത്തിനകത്തെ ശുചിമുറിയില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ പിന്നീട് കണ്ടെത്തി. ജനിച്ചിട്ട് അധികസമയാമാകാത്ത ആണ്‍കുഞ്ഞിനെ തൊഴിലാളികള്‍ക്ക് കിട്ടുമ്പോള്‍ കൂടെ ഒരു കുറിപ്പുമുണ്ടായിരുന്നു. ‘അവന് ഏറ്റവും മികച്ചതൊക്കെ കിട്ടണമെന്നാണ് ആഗ്രഹം, എന്തായാലും അത് ഞാനല്ല. എന്നോട് ക്ഷമിക്കണം’ എന്നെഴുതിയ സന്ദേശം അമ്മ എഴുതി വെച്ചതാണെന്ന് കരുതുന്നു.

അറുത്ത പൊക്കിള്‍കൊടിയോട് കൂടിയാണ് കുഞ്ഞിനെ കണ്ടെടുത്തത്. രക്തം തളം കെട്ടിയ ടോയ്ലറ്റില്‍ അമ്മയെയും കുഞ്ഞിനേയും കണ്ട എയര്‍പ്പോര്‍ട്ട് ജീവനക്കാരി അവരോട് അസുഖമെന്തെങ്കിലും ഉണ്ടോ എന്ന് തിരക്കിയിരുന്നു. കണ്ണ് തുറന്നിട്ടില്ലാത്ത, ഉടുപ്പൊന്നും ധരിച്ചിട്ടില്ലാത്ത ശിശുവിന് മൂന്ന് മാസം പ്രായമായെന്നാണ് അവരെ അമ്മ ധരിപ്പിച്ചത്. ധൃതിയില്‍ അവിടെ നിന്ന് പോകുകയും ചെയ്തു. പേപ്പര്‍ ടവ്വലുകളില്‍ പൊതിഞ്ഞ നിലയില്‍ രക്തം പുരണ്ട വസ്ത്രങ്ങളും ചവറു പെട്ടിയില്‍ നിന്ന് കണ്ടെടുത്തു.

ആരോഗ്യവാനായിരിക്കുന്ന കുഞ്ഞിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അരിസോണ ശിശുസുരക്ഷാ വിഭാഗത്തിന്റെ സംരക്ഷണയിലാണ് കുഞ്ഞ്. കുഞ്ഞിന്റെയും ഒപ്പമുണ്ടായിരുന്ന കയ്യെഴുത്ത് കുറിപ്പിന്റെയും ചിത്രങ്ങള്‍ വിമാനത്താവള അധികൃതര്‍ പുറത്ത് വിട്ടു.

ബേബി മോസസ് ലോ എന്നറിയപ്പെടുന്ന നിയമപ്രകാരം നവജാത ശിശുക്കളെ ആശുപത്രിയിലോ മറ്റ് നിശ്ചിത കേന്ദ്രങ്ങളിലോ ഉപേക്ഷിക്കാവുന്നതാണ്. മാതാ പിതാക്കള്‍ക്ക് വളര്‍ത്താനാകാത്ത സാഹചര്യങ്ങളിലാണ് അമേരിക്കന്‍ ഐക്യനാടുകളില്‍ നിയമപരമായിത്തന്നെ കുഞ്ഞുങ്ങളെ ഒഴിവാക്കാവുന്നത്. നിരന്തരമായി കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെടുന്ന സന്ദര്‍ഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ 1999 ല്‍ ടെക്സാസിലാണ് ആദ്യമായി ഇത്തരമൊരു നിയമം നിര്‍മിച്ചത്. ഇതില്‍ വിശ്വാസമര്‍പ്പിച്ചിട്ടാകണം നിലവിലെ സംഭവവും ഉണ്ടായിട്ടുള്ളത്.

എന്നാല്‍ വിമാനത്താവളങ്ങള്‍ ഇത്തരം സൗകര്യങ്ങളുള്ളവയോ ഈ നിയമത്തിന്റെ പരിധിയിലുള്ളതോ അല്ല. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ ക്രിമിനല്‍ ചാര്‍ജുകള്‍ ഉണ്ടോ എന്നത് തീരുമാനിക്കേണ്ടിയിരിക്കുന്നു എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്യുന്നു. അമ്മയെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: