വിമാനം തകര്‍ത്തത് ഐഎസ് തീവ്രവാദികളോ? ദുരൂഹത തുടരുന്നു

കയ്‌റോ: ഈജിപ്തിലെ സിനായിയില്‍ ശനിയാഴ്ച റഷ്യന്‍ വിമാനം തകര്‍ന്ന സംഭവത്തില്‍ അന്വേഷണം തുടങ്ങി. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഐറിഷ് ഏവിയേഷന്‍ ഉദ്യോഗസ്ഥരും ഫ്രാന്‍സില്‍നിന്നുള്ള എയര്‍ബസ് ഉദ്യോഗസ്ഥരും അന്വേഷണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

അതേസമയം വിമാനാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് കണ്ടെടുത്ത 168 മൃതദേഹങ്ങള്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ എത്തിച്ചു. വിമാന ദുരന്തത്തില്‍ 214 റഷ്യക്കാരും 3 ഉെ്രെകന്‍ പൗരന്‍മാരും 7 വിമാന കമ്പനി ജീവനക്കാരുമടക്കം 224 പേരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പെനിന്‍സുലയിലെ സിനായ് മേഖലയില്‍ പുരോഗമിക്കുകയാണ്.

റഷ്യന്‍ വിമാനം എ321 ആകാശത്ത് വെച്ച് തന്നെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റഷ്യയുടെ വ്യോമസേന സുരക്ഷ കമ്മിറ്റിയുടെ ചുമതലയുള്ള വിക്ടര്‍ സൊറൊകെങ്കോ അറിയിച്ചു. ചെങ്കടലിന് സമീപത്തുള്ള അവധിക്കാല റിസോര്‍ട്ടായ ഷാംഎല്‍ ഷേയ്ക്കില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് പുറപ്പെട്ട വിമാനം എങ്ങനെയാണ് തകര്‍ന്ന് വീണതെന്ന കാര്യത്തില്‍ പെട്ടെന്ന് നിഗമനത്തിലെത്താനാവില്ലെന്നും അന്താരാഷ്ട്ര വ്യോമയാന വിദഗ്ധര്‍ പറയുന്നു.

ആകാശത്ത് വെച്ച് തന്നെ വിമാനം തകര്‍ന്നുവെന്നതിന് തെളിവാണ് മൃതദേഹങ്ങള്‍ പലഭാഗത്തായി ചിതറി വീണത്. കണ്ടെത്തിയ 162 മൃതദേഹങ്ങളില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം എട്ട് കിലോമീറ്റര്‍ അകലെയാണ് വീണ് കിടന്നിരുന്നത്. ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. റഷ്യന്‍ വിമാനം തകര്‍ത്തത് തങ്ങളാണെന്ന് അവകാശപ്പെട്ട് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമാനം വീഴ്ത്തിയതാണെന്ന ഐ.എസ്. അവകാശവാദം ഈജിപ്ത് പ്രധാനമന്ത്രി ഷരീഫ് ഇസ്മായിലും റഷ്യന്‍ ഗതാഗത മന്ത്രി മാക്‌സിം സോക്ലോവും തള്ളി. 31,000 അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തെ വീഴ്ത്താന്‍ ഐ.എസ്സിന് ആയുധബലമില്ലെന്ന് ഷരീഫ് ഇസ്മായില്‍ പറഞ്ഞു. എമിറേറ്റ്‌സ്, ലുഫ്താന്‍സ, എയര്‍ ഫ്രാന്‍സ് എന്നീ കമ്പനികള്‍ സിനായിക്ക് മുകളിലൂടെ പറക്കുന്നത് തത്കാലം നിര്‍ത്തിവെച്ചു.

വിമാന അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിന് ക്ഷമ കാണിക്കണമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്ത അല്‍സിസി അറിയിച്ചു.

download (1)

-എജെ-

Share this news

Leave a Reply

%d bloggers like this: