വിദ്യാര്‍ഥികള്‍ക്ക് വീട്ടുജോലി: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ അധ്യാപകനെതിരെ ആരോപണം

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ അധ്യാപകന്‍ അമേരിക്കയില്‍ വിദ്യാര്‍ഥികളെ അടിമപ്പണി ചെയ്യിച്ചു എന്ന് പരാതി. അഷിം മിത്ര എന്ന അധ്യാപകനെതിരെയാണ് പരാതി. മിസോറി കാന്‍സാസ് സിറ്റി സര്‍വകലാശാലയിലെ ഫാര്‍മസി പ്രൊഫസറാണ് അഷിം മിത്ര. തന്റെ വസ്ത്രങ്ങള്‍ അലക്കുക, നായയെ പരിപാലിക്കുക, ചെടികള്‍ക്ക് വെള്ളം നനയ്ക്കുക തുടങ്ങിയ ജോലികളൊക്കെ വിദ്യാര്‍ഥികളെക്കൊണ്ട് ചെയ്യിച്ചു എന്നാണ് അഷിം മിത്രയ്ക്കെതിരേ പരാതി ഉയര്‍ന്നിരിക്കുന്നത്.

അഷിം മിത്രയെക്കുറിച്ച് ആരോപണം ഉന്നയിച്ച് 12 ലധികം പൂര്‍വവിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍വകലാശാല പഠനകാലത്തെ ആധുനിക അടിമത്തം എന്നാണ് ഒരു വിദ്യാര്‍ഥി ഇതിനെ വിശേഷിപ്പിച്ചത്.ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് ഇയാള്‍ കൂടുതലായും ചൂഷണം ചെയ്തിരുന്നത്. വിവരം പുറത്തുപറഞ്ഞാല്‍ വിസ റദ്ദാക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി.

അഷിം മിത്രയുടെ സ്വഭാവത്തെക്കുറിച്ച് കൂടെ ജോലി ചെയ്യുന്നവര്‍ തന്നെ സര്‍വകലാശാല അധികൃതര്‍ക്ക് പരാതി നല്കിയിരുന്നു. ജാക്സണ്‍ കണ്‍ട്രി സര്‍ക്യൂട്ട് കോടതിയില്‍ ഇയാള്‍ക്കെതിരെ പരാതി നിലവിലുണ്ടെന്നാണ് വിവരം. 2016ലും 2018ലുമായി ഫയല്‍ ചെയ്ത കേസുകളാണ് ഇവ.

വിഷയത്തിന്മേല്‍ അന്വേഷണം നടത്തിയ സര്‍വകലാശാല അധികൃതര്‍ ഒരു വിദ്യാര്‍ഥിയില്‍ നിന്ന് മാത്രമേ മൊഴിയെടുത്തുള്ളു എന്നും ആരോപണമുണ്ട്. അതേസമയം, വര്‍ഷങ്ങളായി വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി വീട്ടുജോലി ചെയ്യിക്കുന്നത് അവരുടെ കോഴ്സിന്റെ ഭാഗമായുള്ള പ്രവൃത്തിപരിചയത്തിന് വേണ്ടിയാണെന്നാണ് അഷിം മിത്ര പ്രതികരിച്ചത്.

 

Share this news

Leave a Reply

%d bloggers like this: