വിദ്യാര്‍ത്ഥി വിസയില്‍ എത്തിയവര്‍ക്ക് അയര്‍ലണ്ടില്‍ തുടരാം: സുപ്രധാന പദ്ധതിക്ക് തുടക്കമിട്ട് നീതി നിര്‍വ്വഹണ വകുപ്പ്.

ഡബ്ലിന്‍: വിദ്യാര്‍ത്ഥി വിസയില്‍ അയര്‍ലണ്ടില്‍ എത്തിയവര്‍ക്ക് ഇവിടെത്തന്നെ തുടരാന്‍ കഴിയുന്ന നിയമം നിലവില്‍ വന്നു. യൂറോപ്യന്‍ എക്കണോമിക് ഏരിയക്ക് (EEA) പുറത്തുള്ളവര്‍ക്കാണ് നിര്‍ദ്ദിഷ്ട നിയമം പ്രയോജനപ്പെടുക. 2005 ജനുവരി മുതല്‍ 2010 ഡിസംബര്‍ വരെ വിദ്യാര്‍ത്ഥി വിസയില്‍ അയര്‍ലണ്ടില്‍ എത്തിയവര്‍ക്ക് വീണ്ടും ഇവിടെ തുടരാന്‍ അവസരം ലഭ്യമാക്കുന്നതാണ് പുതിയ നിയമം.

ഐറിഷ് മൈഗ്രന്റ് റൈറ്റ് സെന്ററിന്റെ കണക്കനുസരിച്ച് ഏകദേശം 5000 പേര്‍ ഈ നിയമത്തിന്റെ ഗുണഭോക്താക്കളായി മാറും. പഠനശേഷം പാര്‍ട്ട് ടൈം ജോലിയിലും മറ്റും ഏര്‍പ്പെട്ടവരില്‍ ഭൂരിഭാഗവും അനധികൃത കുടിയേറ്റ നിയമത്തിന്റെ പരിധിയില്‍പ്പെട്ടു വരികയായിരുന്നു. നിയമപരമായി വിദ്യാര്‍ഥിവിസയില്‍ എത്തിയ അര്‍ഹരായ അപേക്ഷകര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ എമിഗ്രെഷന്‍ വകുപ്പില്‍ അപേക്ഷ നല്‍കാം. അപേക്ഷകര്‍ 3 മാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കണം. ഇവര്‍ നിലവില്‍ ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെട്ടവരുമായിരിക്കണം.

വിദ്യാര്‍ത്ഥി വിസയില്‍ അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്ന മൗറീഷ്യസ് പൗരന്മാര്‍ നല്‍കിയ കേസില്‍ ആയിരുന്നു കോടതിയുടെ സുപ്രധാന വിധി. രാജ്യത്തിന് ബാധ്യത ആകാതെ സ്വന്തം കാലില്‍ നില്ക്കാന്‍ കഴിയുന്ന കുടിയേറ്റക്കാരെ അയര്‍ലണ്ടില്‍ തന്നെ നിലനിര്‍ത്തുന്നതില്‍ തെറ്റില്ലെന്ന് നിരീക്ഷിച്ച കോടതിയുടെ ഈ ഉത്തരവ് ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് ആശ്വാസമാകും. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ ഇവര്‍ മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.

ഈ നിയമപ്രകാരം അനുമതി ലഭിക്കുന്നവര്‍ 2 വര്‍ഷം എമിഗ്രെഷന്‍ വകുപ്പിന്റെ നിരീക്ഷണത്തിന് വിധേയരാകും. ഇവര്‍ സ്വന്തം കാലില്‍ നില്ക്കാന്‍ കഴിയുന്നവരാണെന്ന് കണ്ടെത്തിയ ശേഷമായിരിക്കും ഇവരെ രാജ്യത്ത് തുടരാന്‍ അനുവദിക്കുക. അയര്‍ലണ്ടില്‍ താമസിക്കുന്ന അപേക്ഷകരുടെ കുടുംബാംഗങ്ങളും ഈ പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടും. 3 മാസത്തിനുള്ളില്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.inis.gov.ie എന്ന വെബ്‌സൈറ്റിലോ ഐറിഷ് എമിഗ്രെഷന്‍ ഓഫീസുമായോ നേരിട്ട് ബന്ധപ്പെടാം.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: