വിദേശ ഇന്ത്യാക്കാര്‍ വിവരാവകാശ അപേക്ഷകള്‍ നല്‍കാന്‍ അര്‍ഹരല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; കേന്ദ്രമന്ത്രിയുടെ നിലപാട് തെറ്റെന്ന് പ്രവാസി സംഘടനകള്‍

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ കഴിയില്ലെന്ന കേന്ദ്ര മന്ത്രി ജിജേന്ദ്രന്‍ സിംഗിന്റ പ്രസ്താവന പ്രവാസലോകത്തെ ആശയകുഴപ്പത്തിലാക്കുന്നു. വിവരാവകാശ നിയമ വ്യവസ്ഥ പ്രയോജനപെടുത്തുവാന്‍ പ്രവാസികള്‍ക്ക് അവസരം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രവാസി സംഘടനകള്‍ പറയുന്നു. വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിവരാവകാശ നിയമം വിനിയോഗിക്കാനാവില്ലെന്ന കേന്ദ്ര സഹമന്ത്രി നടത്തിയ പ്രസ്താവന തെറ്റെന്ന് നിയമവിദഗ്ധരും പ്രവാസി വിവരാവകാശ പ്രവര്‍ത്തകരും പ്രസ്താവിച്ചു. രാജ്യത്തുള്ള പൗരന്മാര്‍ക്ക് മാത്രമാണ് ഈ അവകാശം വിനിയോഗിക്കാന്‍ അവസരമെന്നും വിദേശത്തുള്ളവര്‍ക്കില്ലെന്നും മന്ത്രി ലോക്സഭയെ അറിയിച്ചത്. ഓണ്‍ലൈന്‍ വിവരാവകാശ അപേക്ഷ സംബന്ധിച്ച് ജുഗല്‍ കിഷോര്‍ ലോക്സഭയില്‍ ഉന്നയിച്ച സംശയങ്ങള്‍ക്കുള്ള മന്ത്രിയുടെ മറുപടിയായിരുന്നു ഇത്.

രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിവരങ്ങള്‍ അറിയുവാന്‍ പൊതുജനങ്ങള്‍ക്ക് അവകാശം നല്‍കുന്ന ഈ വ്യവസ്ഥ രാജ്യത്തു താമസിക്കുന്നവര്‍ക്കായി മാത്രം ചുരുക്കുന്നതില്‍ പ്രവാസ ലോകം ശക്തമായ വിയോജിപ്പില്‍ എത്തിക്കഴിഞ്ഞു .വിവരാവകാശം പ്രാബല്യത്തില്‍ വന്നത് മുതല്‍, പ്രവാസികള്‍ക്കും നേരിട്ടും എംബസിയിലോ ഓണ്‍ലൈനിലൂടെയോ അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ സാധിക്കുമായിരുന്നു.

വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് പ്രവാസി വിവരാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇതിനെതിരെ രംഗത്തുവന്നു. പൗരന്മാരുടെ കാര്യത്തില്‍ ഇത്തരത്തിലൊരു വിവേചനം 2005 ലെ നിയമത്തില്‍ ഇല്ലെന്ന് പ്രമുഖ അഭിഭാഷകന്‍ കൂടിയായ ഡോ. സെബാസ്റ്റിയന്‍ പോള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ പൗരന്മാരായ മുഴുവനാളുകള്‍ക്കും ഈ അവകാശമുണ്ട് എന്നാണ് നിയമത്തില്‍ വ്യക്തമാക്കുന്നത്. അവര്‍ രാജ്യത്തിന് അകത്തോ പുറത്തോ എന്നത് വിഷയമല്ല. വിദേശ ഇന്ത്യാക്കാര്‍ക്ക് നിയമപ്രകാരം അതാതിടങ്ങളിലെ എംബസികളില്‍ നിന്ന് വിവരം തേടാവുന്നതാണ്. അതുപോലെ ഇന്ത്യയിലെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നും തേടാം. നിരവധി വിവരാവകാശ പ്രവര്‍ത്തകര്‍ പ്രവാസികള്‍ക്കിടയിലും സജീവമാണ്. എന്നിരിക്കെ മന്ത്രി നടത്തിയ പ്രസ്താവന തെറ്റാണെന്നേ പറയാനാകൂ എന്നും ഡോ. സെബാസ്റ്റിയന്‍ പോള്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍, 2,200 അധികാര കേന്ദ്രങ്ങളാണ് അപേക്ഷകരില്‍ നിന്ന് ഓണ്‍ലൈന്‍ വഴി വിവരാവകാശ അപേക്ഷകള്‍ സ്വീകരിക്കാനും, മറുപടി നല്‍കുവാനായി പ്രവര്‍ത്തിച്ചു വരുന്നത്. 2005 ജൂണ്‍ 15 ന് പാര്‍ലമെന്റ് പാസ്സാക്കിയ വിവരാവകാശനിയമം 2005 ഒക്ടോബര്‍ 12നാണ് പ്രാബല്യത്തില്‍ വന്നത്. ഓണ്‍ലൈനിലൂടെ വിവരാവകാശ അപേക്ഷ നല്‍കാന്‍ പുതിയ സംവിധാനം കൂടി വന്നതോടെ അപേക്ഷകള്‍ വിദേശത്താണോ സ്വദേശത്താണോ എന്നങ്ങനെ അറിയുമെന്നും വിവരാവകാശ പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

https://twitter.com/irfanforindia/status/1027528533814333442

 

എ എം

Share this news

Leave a Reply

%d bloggers like this: