വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് യു കെ കോടതി ഉത്തരവ്

ലണ്ടന്‍: മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടനിലെ കോടതി ഉത്തരവിട്ടു. എന്നാല്‍, ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ മല്യയ്ക്ക് 14 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത 9,000 കോടിരൂപ തിരിച്ചടയ്ക്കാത്തുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നേരിടുകയാണ് മല്യ. തുക തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ നിയമ നടപടി ആരംഭിച്ചതിന് പിന്നാലെ 2016 ല്‍ മല്യ വിദേശത്തേക്ക് കടന്നു. ലണ്ടനിലാണ് ഇപ്പോഴുള്ളത്.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും, ദയനീയമായ ഇന്ത്യൻ ജയിലുകളുടെ അവസ്ഥയും ചൂണ്ടിക്കാണിച്ച് എഫ്ഐആർ റദ്ദാക്കണമെന്നാണ് വിജയ് മല്യ വാദിക്കുന്നത്. വായുവും വെളിച്ചവുമില്ലാത്ത മുറികളാണ് ഇന്ത്യൻ ജയിലുകളിലുള്ളതെന്നും മല്യ പറയുന്നു. ഇതെത്തുടര്‍ന്ന് ഇന്ത്യക്ക് സ്വന്തം ജയിലുകളുടെ സൗകര്യങ്ങൾ യുകെ കോടതിയോട് വിശദീകരിക്കേണ്ടി വന്നു

വായ്പയുടെ മുതല് തിരിച്ചു നല്‍കാമെന്നു മല്യ അറിയിച്ചെങ്കിലും ബാങ്കുകള്‍ നിരസിച്ചു. പണം സ്വീകരിച്ചാല്‍ 3000 കോടിയുടെ നഷ്ടം ബാങ്കുകള്‍ക്കു വരുമെന്നാണ് കണക്കുകൂട്ടല്‍. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഇഡി നല്‍കിയ അപേക്ഷ പരിഗണിക്കുന്നതു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു മല്യ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാല്‍ കേസില്‍ അന്തിമവിധി വരുന്നതു വരെ കാത്തിരിക്കാതെ ഉടന്‍ തന്നെ സ്വത്തുക്കള്‍ കണ്ടുകെട്ടാം.

വിജയ് മല്യ 1998-ലാണ് യുണൈറ്റഡ് റേസിംഗ് ബ്ലഡ് സ്റ്റോക്ക് ബ്രീഡേഴ്‌സ് എന്ന കമ്പനി രൂപീകരിക്കുന്നത്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടി 9380 കോടി കടമെടുത്ത വിജയ്മല്യ വായ്പ തിരിച്ചടക്കാതെ 2016 മാര്‍ച്ചില്‍ ലണ്ടനിലേക്കു കടക്കുകയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോര്‍പ്പറേഷന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് , ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, യൂക്കോ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ജെഎം ഫിനാന്‍ഷ്യല്‍ അസെറ്റ് റീകൺസ്ട്രക്ഷൻ കമ്പനി തുടങ്ങിയവയില്‍ നിന്നുമാണ് മല്യ വായ്പ എടുത്തിരുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: