വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി; ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം

ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ നിര്‍ണായക ഘട്ടമായ സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ ആശയവിനിമയം നഷ്ടമായ ‘വിക്രം’ ലാന്‍ഡര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചന്ദ്രന്റെ ഉപരിതലത്തിലെ ലാന്‍ഡറിന്റെ സ്ഥാനമാണ് കണ്ടെത്തിയതെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചു. അതേസമയം, ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ചന്ദ്രനെ വലംെവക്കുന്ന ഓര്‍ബിറ്ററിലെ കാമറയാണ് വിക്രം ലാന്‍ഡറിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു വരികയാണെന്നും കെ. ശിവന്‍ അറിയിച്ചു.
സെപ്റ്റംബര്‍ ഏഴിന് സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ ചന്ദ്രനില്‍ നിന്ന് 2.1 കിലോ മീറ്റര്‍ അകലെവെച്ചാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ശനിയാഴ്ച പുലര്‍ച്ചെ 1.52ഓടെ ലാന്‍ഡിങ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്‌നല്‍ ലഭിക്കാതാവുകയായിരുന്നു. 37 ശതമാനം മാത്രം വിജയസാധ്യത കണക്കാക്കിയ സോഫ്റ്റ് ലാന്‍ഡിങ് (മൃദുവിറക്കം) ഏറെ ശ്രമകരമായ ഘട്ടമായിരുന്നു.

ഇതുവരെ ആരും കടന്നുചെല്ലാത്ത ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങള്‍ തേടിയുള്ള ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണത്തിനു ശേഷം 47 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ചന്ദ്രയാന്‍ 2 ലാന്‍ഡിങ്ങിന് തയാറെടുത്തത്. അതിസങ്കീര്‍ണമായ സോഫ്റ്റ് ലാന്‍ഡിങ്ങിനായി ചന്ദ്രനില്‍ നിന്ന് 35 കിലോമീറ്റര്‍ പരിധിയിലാണ് ലാന്‍ഡറിനെ എത്തിച്ചിരുന്നത്. മൈനസ് 13 ഡിഗ്രി ശരാശരി താപനിലയുള്ള ദക്ഷിണ ധ്രുവത്തിലെ മന്‍സിനസ് സി, സിംപിലിയന്‍ എന്‍ ഗര്‍ത്തങ്ങളുടെ മധ്യ ഭാഗത്താണ് ലാന്‍ഡിങ് തീരുമാനിച്ചിരുന്നത്.
48 ദിവസം നീണ്ട ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ഭൂമിയില്‍ നിന്ന് 3,84,000 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിയത്. ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ചന്ദ്രയാന്‍ രണ്ട് പേടകവുമായി ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്.

100 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ 2379 കിലോഗ്രാം ഭാരമുള്ള ഓര്‍ബിറ്റര്‍ ചന്ദ്രനെ വലംവെക്കുകയാണ്. ചന്ദ്രനെ കുറിച്ചുള്ള വിവരങ്ങള്‍ ഓര്‍ബിറ്ററിലുള്ള ഉപകരണങ്ങള്‍ ശേഖരിച്ച് ഭൂമിയിലെ കണ്‍ട്രോള്‍ റൂമിന് കൈമാറും. ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രങ്ങളെടുക്കാനുള്ള കാമറയും ധാതുപഠനത്തിന് കോളിമേറ്റഡ് ലാര്‍ജ് അറേ സോഫ്റ്റ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്ററും അന്തരീക്ഷഘടനയെ കുറിച്ച് പഠിക്കാന്‍ ‘ചേസ് 2’വും സൂര്യനില്‍ നിന്നുള്ള എക്‌സ്‌റേ വികിരണങ്ങളെപ്പറ്റി പഠിക്കാന്‍ സോളര്‍ എക്‌സ്‌റേ മോണിറ്ററും ഓര്‍ബിറ്ററിലുണ്ട്.
റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് ചന്ദ്രനെ സ്‌കാന്‍ ചെയ്യാന്‍ സിന്തറ്റിക് റഡാറും ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം അളക്കാന്‍ ഇമേജിങ് ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോമീറ്ററും സ്ഥലം കൃത്യമായി അടയാളപ്പെടുത്താന്‍ ഓര്‍ബിറ്റര്‍ ഹൈ റെസല്യൂഷന്‍ ക്യാമറയും ഓര്‍ബിറ്ററില്‍ ഘടിപ്പിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: