വിഎസ് ആവേശമായി മൂന്നാറില്‍…

മൂന്നാര്‍: സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും മൂന്നാറില്‍ എത്തി. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ താനും സമരത്തില്‍ തുടരുമെന്നും വി.എസ് പ്രഖ്യാപിച്ചു. തമിഴില്‍ തൊഴിലാളികളെ അഭിസംബോധന ചെയ്തു തുടങ്ങിയ വി.എസിനു മികച്ച സ്വീകരണമാണ് സമരഭൂമിയില്‍ ലഭിച്ചത്.

ഏകപക്ഷീയമായി വെട്ടിക്കുറച്ച ബോണസ് പുനസ്ഥാപിക്കണം. ദിവസക്കൂലി വര്‍ധിപ്പിക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
അന്യായമായ ഒരു ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിച്ചിട്ടില്ല. ന്യായമായ ആവശ്യങ്ങള്‍ പോലും അംഗീകരിക്കില്ലെന്ന് കമ്പനിയുടെ നിലപാട് ധിക്കാരപരമാണ്. ബോണസ് വെട്ടിക്കുറച്ചത് കണ്ണന്‍ ദേവന്‍ കമ്പനി ഉടന്‍ പുനസ്ഥാപിക്കണം. 98 ശതമാനവും തൊഴിലാളികളുടേതാണെന്നാണ് കമ്പനി മാനേജര്‍ പറയുന്നത്. എന്നാല്‍ തൊഴിലാളികളുടെ പേരില്‍ ടാറ്റയുടെ പിണിയാളുകള്‍ നടത്തുന്ന തട്ടിപ്പുകമ്പനിയാണിത്. യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെച്ചാണ് കമ്പനിയുടെ ലാഭനഷ്ടം കണക്കാക്കുന്നത്. കമ്പനികളെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. നവീന മൂന്നാര്‍ എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആശയം യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നേല്‍ കമ്പനികളുടെ കൈയേറ്റ ഭൂമി പിടിച്ചെടുത്തു തൊഴിലാളികള്‍ക്ക് നല്കുമെന്നും വി.എസ് പ്രഖ്യാപിച്ചു.

പ്രസംഗത്തിനു ശേഷം സമരസ്ഥലത്തിരുന്ന വി.എസിന്റെ അടുത്ത് നിരവധി പരാതികളുമായി തൊഴിലാളി സ്ത്രീകള്‍ എത്തി. രാവിലെ സമര സ്ഥലത്തു നിന്നും തൊഴിലാളികള്‍ ഇറക്കിവിട്ട കോണ്‍ഗ്രസ് വനിത നേതാക്കളായ ബിന്ദു കൃഷ്ണ, ലതിക സുഭാഷ്, ആര്‍എംപി നേതാവ് കെ.കെ.രമ എന്നിവരും വി.എസിനെ കാണാന്‍ സമരഭൂമിയില്‍ എത്തി.

അതേസമയം മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം ന്യായമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തൊഴിലാളികള്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ ചര്‍ച്ചയിലൂടെ നേടിയെടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Share this news

Leave a Reply

%d bloggers like this: