വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു…

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വത്തിക്കാനിലെ പ്രത്യേക ചടങ്ങുകള്‍ക്കൊടുവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. ചടങ്ങിന് നേരിട്ട് സാക്ഷ്യം വഹിയ്ക്കാന്‍ ഇന്ത്യയിലെ കത്തോലിക്ക സഭ വൈദികരും സന്യസ്ഥരും മറിയം ത്രേസ്യയുടെ കുടുംബത്തിലെ അംഗങ്ങളും വത്തിക്കാനില്‍ എത്തിയിരുന്നു. വാഴ്ത്തപ്പെട്ടവരുടെ തിരുശേഷിപ്പുകള്‍ പ്രത്യേകം തയ്യാറാക്കിയ പേടകത്തില്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചതിന് ശേഷമാണ് മാര്‍പാപ്പയുടെ കാര്‍മ്മികത്വത്തില്‍ മറിയം ത്രേസ്യയുള്‍പ്പടെ അഞ്ച് വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിച്ചത്.

മറിയം ത്രേസ്യയെ കൂടാതെ കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍, ഡോട്ടേഴ്‌സ് ഓഫ് സെന്റ് കമില്ലസ് സഭാ സ്ഥാപകന്‍ ജുസപീന വനീനി, ദുള്‍ച്ച ലോപ്പസ് പോന്റസ്, മര്‍ഗരീത്ത ബേയ്‌സ് എന്നിവരെയാണ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. റോം, ഇംഗ്ലണ്ട്, അയര്‍ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ പല രാജ്യങ്ങളില്‍ നിന്നുള്ള മലയാളി വിശ്വാസി സംഘങ്ങള്‍ വത്തിക്കാനില്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിയ്ക്കാന്‍ എത്തിയിരുന്നു.

ഇരിങ്ങാലക്കുട പുത്തന്‍ചിറ ചിറമ്മല്‍ മങ്കിടിയാന്‍ തോമന്‍-താണ്ട ദമ്പതികളുടെ മൂന്നാമത്തെ മകളായി 1876 ഏപ്രില്‍ 26നാണ് ത്രേസ്യ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം മാത്രം പൂര്‍ത്തിയാക്കിയ ത്രേസ്യ അന്നത്തെ തൃശ്ശൂര്‍ രൂപത മെത്രാന്‍ ജോണ്‍ മേനാച്ചേരിയുടെ നിര്‍ദ്ദേശപ്രകാരം ഒല്ലൂര്‍ കര്‍മ്മലീത്താ മഠത്തില്‍ താമസമാക്കി. 1963ല്‍ ത്രേസ്യക്ക് ദൈവദാസി പദവി ലഭിച്ചു.

1926 ജൂണ്‍ 8ന് 50-മത്തെ വയസില്‍ കുഴിക്കാട്ടുശ്ശേരി മഠത്തില്‍ വച്ചായിരുന്നു ത്രേസ്യ മരണമടഞ്ഞത്. തുമ്പൂര്‍ മഠത്തില്‍ വെച്ച് ഒരു ക്രാസിക്കാല്‍ ത്രേസ്യയുടെ കാലില്‍ വീണുണ്ടായ മുറിവാണ് മരണകാരണം. കുഴിക്കാട്ടുശ്ശേരി മഠത്തിനോടനുബദ്ധിച്ചുള്ള പള്ളിയുടെ തറയിലാണ് മൃതശരീരം അടക്കം ചെയ്തിട്ടുള്ളത്. മറിയം ത്രേസ്യയുടെ പ്രാര്‍ഥനാ മധ്യസ്ഥതയില്‍ പി.ഡി മാത്യു എന്നായാള്‍ക്ക് ലഭിച്ച രോഗശാന്തി അത്ഭുതത്തെ തുടര്‍ന്ന് 2000 ഏപ്രിലില്‍ അവരെ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2019 ഏപ്രിലില്‍ മറിയം ത്രേസ്യയുടെ അത്ഭുതം പ്രവര്‍ത്തി വത്തിക്കാന്‍ അംഗീകരിച്ചു. അതേതുടര്‍ന്ന് മറിയം ത്രേസ്യയ്ക്ക് വിശുദ്ധ പദവി ലഭിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: