വാള്‍ട്ട് ഡിസ്‌നി 250 അമേരിക്കക്കാരെ പിരിച്ചുവിട്ട് താല്‍ക്കാലിക വിസയിലുള്ള ഇന്ത്യക്കാരെ നിയമിച്ചു

കാലിഫോര്‍ണിയ: അമേരിക്കയിലെ എന്റര്‍ടെയ്‌മെന്റ് ഭീമന്‍ വാള്‍ട്ട് ഡിസ്‌നി 250 അമേരിക്കന്‍ പൗരന്‍മാരെ പിരിച്ചുവിട്ട് പകരം താല്‍ക്കാലിക (എച്ച്1ബി) വിസയിലുള്ള ഇന്ത്യക്കാരെ നിയമിച്ചു. അമേരിക്കയില്‍ കുടിയേറ്റ തൊഴിലാളികള്‍ സ്ഥാപനങ്ങളില്‍ വ്യാപകമായി എത്തുന്നത് സംബന്ധിച്ച തര്‍ക്കം കൂടുതല്‍ രൂക്ഷമായ സമയത്താണ് വാള്‍ട്ട് ഡിസ്‌നിയില്‍  നിയമനം.

അമേരിക്കന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന വേതനത്തിന്റെ നാലിലൊന്ന് ശതമാനം ശമ്പളത്തിനാണ് എച്ച്1ബി വിസയിലുള്ളവര്‍ ജോലിയെടുക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ജീവനക്കാര്‍ക്ക് പിരിച്ചുവിടാന്‍ വാള്‍ട്ട് ഡിസ്‌നി നോട്ടീസ് നല്‍കിയിരുന്നത്. ഇവരുടെ പകരക്കാരായ ഇന്ത്യക്കാര്‍ ഇതിനകം നിയമിതരുമായിട്ടുണ്ട്. ഡിസ്‌നി കമ്പനിയിലെ നിയമനത്തിനെതിരെ പഴയ തൊഴിലാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. ‘ ഇവിടത്തെ ആളുകളെ ഒഴിവാക്കി കുടിയേറ്റക്കാരെ നിയമിക്കുന്നു എന്ന വാര്‍ത്ത എനിക്ക് വിശ്വസിക്കാനാകുന്നില്ല’ വാള്‍ട്ട് ഡിസ്‌നിയിലെ മുന്‍ ജീവനക്കാരന്‍ പറയുന്നു

അമേരിക്കക്കാര്‍ക്കു പകരം കുറഞ്ഞ വേതനത്തിന് വിദേശി തൊഴിലാളികളെ വെക്കുന്നത് തൊഴില്‍സുരക്ഷ അപായപ്പെടുത്തുമെന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പരിതാപകരമായ കമ്പനികളുടെ നിലനില്‍പ്പിന് ഇത്തരത്തിലുളള കടുത്ത നടപടികള്‍ വേണമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. വാള്‍ട്ട് ഡിസ്‌നി കമ്പനിക്കു മാത്രമല്ല, രാജ്യത്തുടനീളം ഇതേ പരീക്ഷണം നടത്തുന്നത് ഏറെ ലാഭകരമായ സംവിധാനമാണെന്ന് ഹാര്‍വാഡ് യൂനിവേഴ്‌സിറ്റിയിലെ പ്രഫസര്‍ റോണില്‍ ഹീര പറയുന്നു.

Share this news

Leave a Reply

%d bloggers like this: