വാരാന്ത്യത്തില്‍ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത; രാജ്യവ്യാപകമായി യെല്ലോ വാണിങ് നല്‍കി മെറ്റ് ഐറാന്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കനത്ത മഞ്ഞുവീഴ്ച്ചക്ക് ശേഷം സാധാരണ നിലയിലായ കാലാവസ്ഥ വീണ്ടും പ്രക്ഷുബ്ധമാവുകയാണ്. വാരാന്ത്യത്തില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്കിയിരിക്കുകയാണ് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ ഇതിനെ തുടര്‍ന്ന് രാജ്യമൊട്ടാകെ യെല്ലോ വാണിങ് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്ക് ഭാഗത്ത് നിന്നും വീശിയടിക്കുന്ന കാറ്റ് തുടക്കത്തില്‍ മണിക്കൂറില്‍ 50 മുതല്‍ 65 കിലോമീറ്റര്‍ വേഗം കൈവരിച്ച് 110 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ചേക്കും.

വാട്ടര്‍ഫോര്‍ഡ്, കോര്‍ക്ക് മേഖലകളില്‍ മറ്റൊരു മഴ മുന്നറിയിപ്പും മെറ്റ് ഐറാന്‍ നല്‍കിയിട്ടുണ്ട്. ഇവിടെ കനത്ത മഴയ്ക്കും വെള്ളപൊക്കത്തിനുമുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വെക്‌സ്ഫോര്‍ഡ്, കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ വിന്‍ഡ് വാണിങ്ങുകളും നല്‍കിയിട്ടുണ്ട്.

പുറത്തിറങ്ങുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വാഹനമോടിക്കുന്നവരും, കാല്‍നടക്കാരും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താന്‍ റോഡ് സുരക്ഷാ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വെള്ളിയാഴ്ച രാത്രി വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യത്തെമ്പാടും കനത്ത മഞ്ഞു വീഴ്ചയാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ പലഭാഗത്തും താപനില പൂജ്യത്തിന് താഴെയാണ്.

പകല്‍ താപനില 13 മുതല്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് വരെയാണെങ്കിലും രാത്രിയില്‍ മൈനസ് രണ്ട് ഡ്രിഗ്രി സെല്‍ഷ്യസ് വരെയാണ് നിലവില്‍ അയര്‍ലന്റിലെ തണുപ്പ്. മൂടല്‍ മഞ്ഞ് ഉള്ളതിനാല്‍ ഹെല്‍ത്ത്- ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആര്‍ട്ടിക്കില്‍ നിന്നുമുള്ള ശൈത്യപ്രവാഹത്തെ തുടര്‍ന്ന് അയര്‍ലണ്ട് അടക്കമുള്ള മിക്ക യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത തണുപ്പിന്റെ പിടിയിലായിരിക്കുകയാണ്. അടുത്ത ഏതാനും ദിവസങ്ങളില്‍ മിക്കവാറും എല്ലാ കൗണ്ടികളിലും വ്യാപകമായ മഞ്ഞും ഹിമപാതവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ ആഴ്ചയുടെ അവസാനത്തോടെ ഊഷ്മാവ് ശരാശരിക്കും താഴെപ്പോകുന്ന അവസ്ഥയാണ് സംജാതമാകാന്‍ പോകുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം.

https://twitter.com/MetEire_Warning/status/1073166901679927296

 

 

എ എം

Share this news

Leave a Reply

%d bloggers like this: