വായുമലിനീകരണം മൂലം ഒരു ദിവസം ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 8000 പ്രമേഹ കേസുകള്‍

ടൈപ്പ് 2 ഡയബെറ്റിസ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിന് വായുമലിനീകരണം പ്രധാന പങ്കുവഹിക്കുന്നതായി പഠനം. പ്രതിവര്‍ഷം മൂന്ന് മില്യണിലധികം (മുപ്പത്ത് ലക്ഷം) കേസുകള്‍ ആണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് ഒരു ദിവസം എണ്ണായിരത്തിലധികം രോഗികള്‍ ഉണ്ടാവുന്നു എന്ന്. ഈ കണക്ക് ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം വായൂമലിനീകരണം ആണത്രേ. മലിനീകരണത്തിന്റെ തോതല്ല, സാന്നിധ്യം തന്നെ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഡോ. സിയാദ് അല്‍ അലി (Ziyad Al-Aly) ആണ് ഗവേഷക സംഘത്തലവന്‍. ഈ കണ്ടെത്തല്‍ ആരോഗ്യരംഗത്ത് വലിയ പ്രാധാന്യം അര്‍ഹിക്കുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ‘അപകടകരമല്ലാത്ത നിലയിലാണ് യു. എസില്‍ വായുമലിനീകരണം എന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. പക്ഷെ നിലവിലെ മലിനീകരണത്തിന്റെ തോത് പോലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ഈ വിലയിരുത്തലുകള്‍ മറയാക്കി വ്യവസായരംഗം പ്രവര്‍ത്തിക്കുകയാണ്’ എന്നും അദ്ദേഹം പരാതിപ്പെടുന്നു.

പ്രമേഹരോഗവും അന്തരീക്ഷ മലിനീകരണവും തമ്മിലുള്ള ബന്ധത്തിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ് ലോകരാജ്യങ്ങള്‍ക്ക്. അതിനാല്‍ മലിനീകരണം കുറച്ചുകൊണ്ടു വരണമെന്നാണ് ഗവേഷകര്‍ ആവശ്യപെടുന്നത്. പൊടി, പുക, ദ്രാവക രൂപത്തിലുള്ള മാലിന്യം എന്നിവ ഉള്‍പ്പടെ വിവിധ തരം പരീക്ഷണങ്ങള്‍ സംഘം നടത്തി.

ഇത്തരം മാലിന്യങ്ങള്‍ ശ്വാസകോശത്തിനും ഹൃദയ ആരോഗ്യത്തിനും കിഡ്നിക്കു ഉള്‍പ്പടെ തകരാര്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിരുന്നെങ്കിലും പ്രമേഹത്തിനു വഴിയൊരുക്കുമെന്ന സാധ്യത പോലും കണ്ടെത്തിയില്ല. മലിനീകരണം ശരീരത്തിലെ ഇന്‍സുലിന്‍ ഉത്പാദനത്തെ ബാധിക്കുകയും അതുവഴി രോഗ അവസ്ഥ ഉണ്ടാക്കുമെന്നുമാണ് കണ്ടെത്തല്‍. 2016-ല്‍ ആഗോളതലത്തില്‍ 3. 2 മില്യണ് കേസുകള്‍ ഉണ്ടായത് മലിനീകരണം മൂലമാണെന്നാണ് കണ്ടെത്തല്‍. പ്രതിവര്‍ഷം 14%കേസുകള്‍ പ്രമേഹരോഗ സംബന്ധമായി ഇത്തരത്തില്‍ ഉണ്ടാകുന്നു !

1.7 മില്യണ്‍ അമേരിക്കകാരുടെ ആരോഗ്യവിവരങ്ങള്‍ ആയിരുന്നു ആദ്യഘട്ടത്തില്‍ ശേഖരിച്ചത്. പ്രമേഹം ഇല്ലാത്തവരായിരുന്നു ഓരോരുത്തരും. EPAയുടെ ലാന്‍ഡ് ബേസ്ഡ് എയര്‍ മോണിറ്ററിങ് സിസ്റ്റം, NASAയുടെ സ്പേസ് ബോണ്‍ സാറ്റലൈറ്റ് എന്നിവയുമായി ഈ വിവരങ്ങള്‍ കൈമാറി.

ലോകമെമ്പാടുമുള്ള ഗവേഷകര്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ചു പഠനം നടത്തുന്ന ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡീസീസ് സ്റ്റഡി നല്‍കിയ വിവരങ്ങളും ഈ ഗവേഷണത്തിന്റെ ഭാഗമായി പരിശോധിച്ചു. എല്ലാം പുതിയ കണ്ടെത്തലിന്റെ ശെരികളിലേക്കാണ് വിരല്‍ചൂണ്ടിയത്. ഇന്ത്യയില്‍ വായുമലിനീകരണം ഉള്‍പ്പടെ വളരെ കൂടുതല്‍ ആയതിനാല്‍ രോഗികളുടെ എണ്ണം വല്ലാതെ വര്‍ധിക്കുന്നുവെന്നും മുന്നറിയിപ്പ് ഉണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ലാന്‍സെറ്റ് കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും ഈ സാദ്ധ്യതകള്‍ പ്രവചിച്ചിരുന്നു.

 

 

 

 

 

Share this news

Leave a Reply

%d bloggers like this: