വാനാക്രൈ വ്യാപനം തടയാനാവശ്യമായ സുരക്ഷാ മുന്‍കരുതലോടെ ലോകം; മൊബൈല്‍ ഫോണുകളെയും ബാധിക്കുമെന്ന് മുന്നറിയിപ്പ്

വാനാക്രൈ റാന്‍സംവെയര്‍ സൈബര്‍ ആക്രമണത്തിന്റെ വ്യാപനം താരതമ്യേന കുറഞ്ഞതായി സൂചന. ശക്തമായ ജാഗ്രതാനിര്‍ദേശം വന്നതോടെ ഇതു വ്യാപിക്കുന്നത് തടയാനാവശ്യമായ സുരക്ഷാ മുന്‍കരുതല്‍ ലോകമെങ്ങും ഉപയോഗിച്ചുതുടങ്ങി.

അതേസമയം, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ ആശങ്കയിലാക്കി ഇന്നലെയും സൈബര്‍ ആക്രമണം തുടര്‍ന്നു. ചൈനയിലെ 29,000 സ്ഥാപനങ്ങളെയാണ് ബാധിച്ചത്. സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്പിറസ്‌കിയുടെ കണക്കനുസരിച്ച് ഏറ്റവുമധികം നാശം വിതച്ചത് റഷ്യയിലാണ്. നാശനഷ്ടമുണ്ടെങ്കിലും പ്രോഗ്രാം പടരുന്നതിന്റെ വേഗം കുറഞ്ഞെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.

ആക്രമണം ഇന്ത്യയെ ബാധിച്ചിട്ടില്ലെന്നും മുന്‍കരുതലായി ബാങ്കുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററുമായി (എന്‍ഐസി) ബന്ധപ്പെട്ട സംവിധാനങ്ങള്‍ സുരക്ഷിതമാണ്. കേരളം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍നിന്നാണ് ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

രാവിലെതന്നെ കംപ്യൂട്ടറുകളും ആന്റിവൈറസ് പ്രോഗ്രാമുകളും അപ്ഡേറ്റ് ചെയ്തശേഷം മാത്രം പ്രവര്‍ത്തനം ആരംഭിച്ചാല്‍ മതിയെന്നാണ് ബാങ്ക് ശാഖകള്‍ക്ക് ലഭിച്ച നിര്‍ദേശം. പുറത്തുനിന്നു വരുന്ന മെയ്ലുകളിലെ അറ്റാച്ച്മെന്റ് തടയുന്ന സംവിധാനവും ഒരുക്കി. സുരക്ഷ ഉറപ്പാക്കിയശേഷമാണ് എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിച്ചത്. ഇതു കാരണം പലയിടത്തും രാവിലെ ഏറെനേരം എടിഎം ഇടപാടുകള്‍ മുടങ്ങി.

വാനാക്രൈ പ്രോഗ്രാമിന്റെ ആദ്യരൂപത്തിന്റെ വ്യാപനം തടഞ്ഞെങ്കിലും ആശങ്ക പൂര്‍ണമായും മാറിയിട്ടില്ല. വാനാക്രൈ 2.0 എന്ന പതിപ്പിന് പുറമേ രണ്ടു പുതിയ വേര്‍ഷനുകള്‍ കൂടി കണ്ടെത്തി. ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ wannacry കംപ്യൂര്‍ വൈറസിന്റെ ശക്തി താല്‍ക്കാലികമായി കുറഞ്ഞെങ്കിലും ആക്രമണം കൂടുതല്‍ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. അടുത്ത ഘട്ടത്തില്‍ കംപ്യൂട്ടര്‍ ഡേറ്റയില്‍ തിരിമറി നടന്നേക്കാമെന്നാണ് മുന്നറിയിപ്പ്. റാന്‍സംവെയര്‍ മൊബൈല്‍ ഫോണില്‍ പടരാന്‍ സാധ്യതയുണ്ടെന്നും സൈബര്‍ ഡോം മുന്നറിയിപ്പ് നല്‍കുന്നു.

ഇപ്പോള്‍ നടക്കുന്ന wannacry ആക്രമണത്തില്‍ കംപ്യൂട്ടര്‍ പൂര്‍ണമായും ബന്ദിയാകുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഒരു ഡേറ്റയും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നയാള്‍ക്ക് ലഭ്യമാകില്ല. എന്നാല്‍ ഇതിലും വലിയ തോതില്‍ ആക്രമണം ഉണ്ടായേക്കുമെന്ന് സൈബര്‍ ഡോമിന്റെ മുന്നറിയിപ്പ്. കേരളാപൊലീസിന്റെ സാങ്കേതിക ഗവേഷണവിഭാഗമായ സൈബര്‍ ഡോം റാന്‍സംവെയര്‍ ആക്രമണസാധ്യത മുന്‍കൂട്ടിക്കണ്ട് നിരീക്ഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.

സൈബര്‍ ഡോം ഇവയ്ക്കായി ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ബാങ്കിലാണെങ്കില്‍ പ്രതിദിന ഇടപാടുകളും അക്കൗണ്ട് വിവരങ്ങളും എല്ലാം ചോരാന്‍ സാധ്യതയുണ്ട്. വിന്‍ഡോസിന്റെ വ്യാജപതിപ്പ് ഉപയോഗിക്കുന്നവര്‍ എത്രയുംവേഗം ഒറിജിനല്‍ ഇന്‍സ്റ്റോള്‍ ചെയ്യണം.സോഫ്റ്റ്വെയറുകള്‍ യഥാര്‍ഥ സൈറ്റില്‍ നിന്നേ ഡൗണ്‍ലോഡ് ചെയ്യാവൂ. അപ്ഡേറ്റ് ചെയ്യുകയും വേണം.

പരിചയമില്ലാത്ത വിലാസങ്ങളില്‍ നിന്നുള്ള ഇമെയിലുകള്‍ തുറക്കരുത്. അനാവശ്യ ലിങ്കുകളില്‍ ക്ലിക് ചെയ്യരുത്. പെന്‍ഡ്രൈവുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷ്മത വേണം. വേര്‍ഡ്, എക്സല്‍, പവര്‍പോയിന്റ് ഫയലുകള്‍ എന്‍ക്രിപ്റ്റഡ് ആകാന്‍ സാധ്യത കൂടുതലാണ്. വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ വൈറസ് ആക്രമണം തടയാന്‍ മൈക്രോസോഫ്റ്റ് ഇറക്കിയ പാച്ച് ഫയലുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യണം.

ആന്റി റാന്‍സം സോഫ്റ്റ്വെയറും ഇന്‍സ്റ്റോള്‍ ചെയ്യണം. ഡേറ്റ നഷ്ടപ്പെടാതിരിക്കാന്‍ തുടര്‍ച്ചയായി ബാക്കപ് ചെയ്യേണ്ടിവരും. വിവരങ്ങള്‍ ക്ലൗഡിലോ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കിലോ കൂടി സൂക്ഷിക്കുന്നത് ഉപകാരപ്രദമായിരിക്കും, ഇവയൊക്കെയാണ് സൈബര്‍ ഡോം നിര്‍ദേശിക്കുന്നത്.

ലോകത്താകെ സൈബര്‍ ആക്രമണമുണ്ടായതിന് പിന്നാലെ ബാങ്കുകള്‍ക്ക് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കി. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എടിഎമ്മുകള്‍ അടച്ചിടണമെന്നാണ് നിര്‍ദേശം. സോഫ്റ്റ്വെയര്‍ അപ്ഡേഷനുമാത്രമേ എടിഎമ്മുകള്‍ തുറക്കാവൂ എന്നും നിര്‍ദേശമുണ്ട്. 150 രാജ്യങ്ങളും രണ്ടുലക്ഷം കംപ്യൂട്ടര്‍ ശൃംഖലകളുമാണ് ഇതുവരെ വാനാക്രൈ ആക്രമണത്തിനിരയായത്. വാനാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ കൂടുതല്‍ അപകടകാരിയായ വാനാക്രൈ 2.0 എന്ന പുതിയ പതിപ്പാണ് കംപ്യൂട്ടറുകളെ ബാധിച്ചത്. സ്ഥിതി അതീവ ഗുരുതരമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി) വിലയിരുത്തിയത്.

ഇന്ത്യയില്‍ നൂറുകണക്കിന് കംപ്യൂട്ടറുകളെ റാന്‍സംവെയര്‍ ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. മിക്ക സര്‍ക്കാര്‍ വകുപ്പുകളിലും ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നതിനാല്‍ കേരളത്തില്‍ അക്രമണഭീഷണി കുറവാണെന്നാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ പഴയ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളില്‍ സുരക്ഷ കുറവായതിനാല്‍ ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കാം. എന്നാല്‍ ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടില്ലെന്നും വേണ്ടത്ര സുരക്ഷാമുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

വാനാക്രൈ റാന്‍സംവെയറിന്റെ ആക്രമണത്തില്‍ ലോകമാകെ 25,600 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ഏകദേശ കണക്ക്. ചൈനയില്‍ മാത്രം രണ്ടുലക്ഷം കംപ്യൂട്ടറുകളെ ബാധിച്ചു. ധാരാളം ബഹുരാഷ്ട്ര സ്ഥാപനങ്ങളുെട പ്രവര്‍ത്തനങ്ങളെ വാനാക്രൈ കാര്യമായി തടസമുണ്ടാക്കി. കംപ്യൂട്ടറുകളെ ആക്രമികളില്‍നിന്ന് തിരിച്ചെടുക്കാനായിട്ടില്ല. ആശുപത്രികളുടെയും ബാങ്കുകളുടെ പ്രവര്‍ത്തനം താളംതെറ്റി. സ്വാഭാവിക നിലയിലാകാന്‍ വലിയ സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനിടെ, രഹസ്യപ്രോഗ്രാമുകള്‍ സുരക്ഷിതമായി വയ്ക്കാന്‍ കഴിയാത്ത അമേരിക്കന്‍ രഹസ്വാന്വേഷണ ഏജന്‍സികളെ മൈക്രോസോഫ്റ്റ് കുറ്റപ്പെടുത്തി. സോഫ്റ്റ്വെയര്‍ പിഴവുകള്‍ കണ്ടെത്തുമ്പോള്‍ അതു ബന്ധപ്പെട്ട കമ്പനികളെയും പൊതുജനങ്ങളെയും അറിയിച്ച് സുരക്ഷിതത്വം കൂട്ടാന്‍ സഹായിക്കാതെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്നും മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത് വിമര്‍ശിച്ചു.

ഇന്ത്യയിലെ ബാങ്കുകള്‍, ഓഹരി വിപണി, ടെലികോം കമ്പനികള്‍, വിമാനത്താവളങ്ങള്‍ എന്നിവയ്ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളുള്ള ന്യൂസിലന്‍ഡ്, തായ്വാന്‍ എന്നീ രാജ്യങ്ങളിലെ കംപ്യൂട്ടര്‍ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറാന്‍ വാനാക്രൈയ്ക്ക് സാധിച്ചിട്ടില്ല. എന്നാല്‍, റാന്‍സംവെയര്‍ ആക്രമണത്തിലൂടെ ഹാക്കര്‍മാര്‍ക്ക് ഇതുവരെ 22 ലക്ഷം രൂപമാത്രമേ ലഭിച്ചിട്ടുള്ളൂവെന്നാണ് കരുതുന്നത്. വിന്‍ഡോസ് ഉപയോക്താക്കള്‍ അടിയന്തരമായി ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യണമെന്നു മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കി. വിന്‍ഡോസ് 10 പതിപ്പിനു മുന്‍പുള്ള ഒഎസുകളിലെ സുരക്ഷാപിഴവ് ചൂഷണം ചെയ്താണ് റാന്‍സംവെയര്‍ ആക്രമണം. മാര്‍ച്ച് 14നു തന്നെ മൈക്രോസോഫ്റ്റ് പിഴവ് പരിഹരിച്ച് അപ്ഡേറ്റ് പുറത്തിറക്കിയെങ്കിലും ഉപയോക്താക്കള്‍ പലരും ഇത് ഇന്‍സ്റ്റാള്‍ ചെയ്യാതിരുന്നതാണു പ്രശ്നമായത്. വിന്‍ഡോസ് എക്സ്പി വേര്‍ഷന്റെ സുരക്ഷാപിന്തുണ ഒരുവര്‍ഷം മുന്‍പ് പൂര്‍ണമായി പിന്‍വലിച്ചെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ചു എല്ലാ വേര്‍ഷനുകള്‍ക്കുമായി കഴിഞ്ഞദിവസം അപ്ഡേറ്റ് പുറത്തിറക്കി. ഇവ ഉടന്‍ ഡൗണ്‍ലോഡ് ചെയ്യാനാണ് നിര്‍ദേശം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: